തൃശ്ശൂർ: അവൾ തിരിച്ചെത്തുകയാണ്, നഷ്ടപ്പെട്ട വെളിച്ചത്തിന്റെ ലോകം തിരിച്ചുപിടിച്ചുകൊണ്ട്. മരുന്നുകളുടെ പാർശ്വഫലംമൂലം കാഴ്‌ച നഷ്ടപ്പെട്ട ആറുവയസ്സുകാരി ഹൈദരാബാദ് പ്രസാദ് ഐ കെയർ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം അവൾ വെളിച്ചത്തിലേക്ക് കണ്ണുതുറന്നു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. അടുത്ത ദിവസംതന്നെ ചികിത്സ പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്താൻ സാധിക്കുമെന്നാണ് വീട്ടുകാർ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മാസം ആദ്യം വീട്ടിൽ കളിച്ചുകൊണ്ടിരുന്നതിനിടെയാണ് കുട്ടി കുഴഞ്ഞുവീണത്. തുടർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും നാലുദിവസം അവിടെ ചികിത്സ തുടരുകയും ചെയ്തു. ആശുപത്രി വിട്ടശേഷം മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കെ കുട്ടിക്ക് നിറവ്യത്യാസവും കാഴ്‌ചക്കുറവുമുണ്ടായി. വീണ്ടും സ്വകാര്യ ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, കുട്ടിയുടെ മാതാപിതാക്കളെ ഫോണിൽ വിളിക്കുകയും സൗജന്യചികിത്സ ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഹൈദരാബാദിൽ നടന്ന ചികിത്സയുടെ ചെലവും സർക്കാർതന്നെയാണ് വഹിച്ചത്.

മെഡിക്കൽ കോളേജിൽനിന്ന് ഡോ. യു.ആർ. രാഹുൽ കുട്ടിയെയും കുടുംബത്തെയും ഹൈദരാബാദിലേക്ക് അനുഗമിച്ചിരുന്നു. ചികിത്സാവേളയിലെല്ലാം ഡോക്ടറുടെ സേവനം കുട്ടിക്ക് ലഭിച്ചിരുന്നു.

‘സ്റ്റീവൻ ജോൺസൺ സിൻഡ്രം’ ഡോക്ടർമാരുടെ പേടിസ്വപ്‌നം

എല്ലാ ഡോക്ടർമാരുടെയും പേടിസ്വപ്‌നമാണ് സ്റ്റീവൻ ജോൺസൺ സിൻഡ്രം എന്ന പാർശ്വഫലം. ഏതുതരം മരുന്നുമൂലമാണ് ഉണ്ടാവുന്നതെന്നോ ആർക്ക് ഉണ്ടാവുമെന്നോ പ്രവചിക്കാനാവാത്ത അവസ്ഥയാണത്. ത്വക്കിനെയും ശ്ലേഷ്‌മപാളിയെയും ആദ്യഘട്ടത്തിൽ ബാധിക്കുന്ന രോഗം പിന്നീട് ശരീരം മുഴുവനായി പടരും. രോഗകാരണമായ മരുന്ന് കണ്ടെത്തി ഒഴിവാക്കുകയും പാർശ്വഫലങ്ങൾ മാറ്റാനുള്ള ചികിത്സ നടത്തുകയുമാണ് ഇതിനുള്ള പ്രതിവിധി.

Content Highlights: girl get her lost vision back after surgery at prasad eye care hospital hyderabad, lost eyesight due to side effect of medicines, steven johnson syndrome