പയ്യോളി: ബഷീർ എന്ന പേരിന്റെ അർഥം അറബിയിൽ എല്ലാം കാണുന്നവൻ എന്നാണ്. എന്തായാലും ജില്ലയിൽ ബഷീർ എന്ന് പേരുള്ള 700 പേർ ഇപ്പോൾ അനോന്യം അറിയുന്നു; വാട്സാപ്പ് കൂട്ടായ്മയിലൂടെ.

ബഷീർ കൂട്ടായ്മ എന്ന പേരിൽ മൂന്ന് ഗ്രൂപ്പുകളുണ്ട്. ഫറോക്ക് മുതൽ കൊയിലാണ്ടി വരെയുള്ളവർക്ക് ഒരു ഗ്രൂപ്പ്, കൊയിലാണ്ടി മുതൽ അഴിയൂർവരെ വേറൊന്ന്. മറ്റൊന്ന് കിഴക്കൻ മേഖലയിലെ പ്രദേശത്തുകാരായ ബഷീർമാർക്ക്. ഓരോ ഗ്രൂപ്പിലും 200-ലധികംപേരുണ്ട്. കുറ്റ്യാടിയിലെ കെ.എൻ. ബഷീറാണ് കൂട്ടുചേരലിന് തുടക്കമിട്ടത്. കഴിഞ്ഞദിവസം കുറ്റ്യാടിക്കടുത്ത് നടന്ന ബഷീർ സംഗമത്തിൽ 100ഓളം പേർ പങ്കെടുത്തു.

ഡിസംബർ അവസാനവാരം കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ 700 ബഷീറുമാർ പങ്കെടുക്കുന്ന സമ്മേളനം ചേരും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്യും. ബാലുശ്ശേരി അനുഗ്രഹ ബഷീർ (ചെയർ), കരണ്ടോട് ഇ. മുഹമ്മദ് ബഷീർ (കൺ.), കോട്ടൂർ മോയങ്ങൽ ബഷീർ (ഖജാ.) എന്നിവരെ വർക്കിങ് കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു. യോഗം ബഷീർ നരവന ഉദ്ഘാടനം ചെയ്തു. ബഷീർ കീഴൽ അധ്യക്ഷനായി. കളത്തിൽ ബഷീർ, ബഷീർ കക്കോടി എന്നിവർ സംസാരിച്ചു.