അയിലൂര്‍(പാലക്കാട്): വൃക്കരോഗത്തോട് പൊരുതുന്ന സുഹൃത്തിനെ സഹായിക്കാനായി ബിരിയാണി ഫെസ്റ്റിലൂടെ പണം കണ്ടെത്തുകയാണ് സൗഹൃദക്കൂട്ടായ്മകള്‍.
ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന കയറാടി കുന്നത്തുപാടം സന്തോഷിന് ചികിത്സാച്ചെലവുകള്‍ കണ്ടെത്തുന്നതിനായാണ് ഒരു നാടു മുഴുവന്‍ പിന്തുണയുമായി ബിരിയാണി ഫെസ്റ്റ് നടത്തി ധനസമാഹരണം നടത്തിയത്. വോയ്സ് ഓഫ് കയറാടി, കയറാടി ഫ്രണ്ട്സ് കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ ഫെസ്റ്റിലൂടെ 3,01,076 രൂപ സമാഹരിച്ചു.
അമ്മയും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു ചെത്തുതൊഴിലാളിയായിരുന്ന സന്തോഷ്. വൃക്കകള്‍ തകരാറിലായി ഒരു വര്‍ഷത്തോളമായി ചികിത്സയിലാണ്. വൃക്ക മാറ്റിവെയ്ക്കുന്നതിനും തുടര്‍ചികിത്സയ്ക്കുമായി 22 ലക്ഷത്തിലധികം രൂപ വേണമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞിരിക്കുന്നത്.
കൂട്ടായ്മകളുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക നെന്മാറ സി.ഐ. എ. ദീപകുമാറിന്റെ നേതൃത്വത്തില്‍ സന്തോഷിന് കൈമാറി. ഫ്രണ്ട്സ് കൂട്ടായ്മ പ്രസിഡന്റ് എന്‍. പ്രദീപ്, സെക്രട്ടറി എം. ശ്യാം സുന്ദര്‍, കെ. രഘുകുമാര്‍, മനാഫ്, നിഷാദ്, യു. റഫീക്ക്, എന്‍. ഹരികുമാര്‍ എന്നിവര്‍ ഫെസ്റ്റിന് നേതൃത്വം നല്‍കി.
content highlights: friends assosiations came together to help kidney patient