അവര്‍ നാലുപേര്‍ക്കും മനംപോലെ മംഗല്യം. ഒന്നിനും കുറവുണ്ടായില്ല. കല്യാണവും സദ്യയുമെല്ലാം കെങ്കേമമായി. ഒരുക്കങ്ങള്‍ക്കും ആശീര്‍വദിക്കാനും നീണ്ടത് നന്മമനസ്സുകളുടെ ഹസ്തങ്ങള്‍. ജീവിതത്തിന്റെ വര്‍ണലോകത്ത് കളിയുംചിരിയും നൊമ്പരവുമെല്ലാം കൂട്ടുകൂടുമ്പോള്‍ കരംപിടിച്ച് ഹൃദയത്തോടു ചേര്‍ക്കാന്‍ ഇനി അവരുണ്ട്. കാസര്‍കോട് പരവനടുക്കം സര്‍ക്കാര്‍ മഹിളാമന്ദിരത്തിലെ നാലുസഹോദരിമാരുടെ വിവാഹമായിരുന്നു തിങ്കളാഴ്ച തലക്ലായി പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍.
കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബുവും മഹിളാമന്ദിരം സൂപ്രണ്ട് പി.എം.ഗീതാകുമാരിയും ചടങ്ങിന് നേതൃത്വം നല്‍കി. കാസര്‍കോട് സ്വദേശിനിയായ ഉഷയ്ക്ക് കോഴിക്കോട് വളയം അരയാക്കണ്ടില്‍ വീട്ടില്‍ എ.കെ.ജിജിലേഷും ലീലാവതിക്ക് പെരിയ നിടുവോട്ടുപാറ ചാലടുക്കംവീട്ടിലെ കെ.മണികണ്ഠനും ദിവ്യ ഏച്ചിത്തറയ്ക്ക് എരിഞ്ഞിപ്പുഴയിലെ ഹരീഷ്ചന്ദ്രനും സന്ധ്യക്ക് കോളിയടുക്കത്തെ കെ.സതീഷ്‌കുമാറും താലിചാര്‍ത്തി. 11.10-ന് വധൂവരന്മാര്‍ എല്ലാവരുടെയും അനുഗ്രഹംവാങ്ങി കല്യാണമണ്ഡപത്തിലെത്തി.
വധുക്കളുടെ കൂടെ മഹിളാമന്ദിരം പ്രവര്‍ത്തകരും സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവര്‍ത്തകരും അനുഗമിച്ചു. കുടുംബസമേതം എത്തിയ വരന്മാരെ പിന്നീട് സദസ്സ് ഒരേ മനസ്സോടെ വരവേറ്റു. ലീലാവതിക്കും മണികണ്ഠനും കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യും ഉഷയ്ക്കും ജിജിലേഷിനും കളക്ടറും ഹാരവും ബൊക്കെയും നല്‍കി. ദിവ്യക്കും ഹരീഷ്ചന്ദ്രനും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടിയും സന്ധ്യക്കും സതീഷ് കുമാറിനും ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ഖാദറും ഹാരവും ബൊക്കെയും നല്‍കി. 11.19-ന് നാലുപേരുടെയും താലികെട്ട് ഒരുമിച്ച്.
കളക്ടറാണ് സുമംഗലികളായ സഹോദരിമാരെ കൈപിടിച്ചേല്‍പിച്ചത്. 'അച്ഛന്റെ സ്ഥാനത്തുനിന്നാണ് ഈ മംഗളകര്‍മം ഞാന്‍ ചെയ്യുന്നത്. പുതിയ സാഹചര്യങ്ങളിലേക്കാണ് നിങ്ങള്‍ മാറുന്നത്. പരസ്പരം സഹകരിച്ച് നല്ല കുടുംബിനിയാവുക' - വധൂവരന്മാര്‍ക്ക് കളക്ടര്‍ ഡോ. ഡി.സജിത്ത്ബാബുവിന്റെ ഉപദേശം. മുന്‍പ് എട്ടുതവണ മഹിളാമന്ദിരത്തില്‍ താലികെട്ട് നടന്നിരുന്നുവെങ്കിലും ഒരുമിച്ച് നാലെണ്ണം നടന്നത് ഇതാദ്യമാണ്. പെണ്ണുകാണാന്‍ മഹിളാമന്ദിരത്തിലെത്തിയ നാലുപേരും ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം കഴിക്കാനുള്ള അപേക്ഷ നല്‍കിയതോടെയാണ് അധികൃതര്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയത്. മഹിളാമന്ദിരം അധികൃതര്‍ ആദ്യം കോഴിക്കോട് മേഖലാ അസി. ഡയരക്ടറെ വിവരമറിയിച്ചു. അദ്ദേഹം ജില്ലാ പ്രൊബേഷണറി ഓഫീസറെ അന്വേഷണത്തിന് നിയോഗിച്ചു.
ചെറുപ്പക്കാരുടെ ചുറ്റുപാട്, സ്വഭാവം, ജോലി, ആരോഗ്യം എന്നിവയെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കി. തീരുമാനം അനുകൂലമായതോടെ അനുമതിക്കും ഫണ്ടിനും മഹിളാമന്ദിരം അധികൃതര്‍ സാമൂഹ്യനീതി ഡയറക്ടര്‍ക്ക് കത്തെഴുതി. മാനേജ്‌മെന്റ് കമ്മിറ്റി ബന്ധുക്കളോടൊപ്പം ചെറുപ്പക്കാരെ വിളിച്ച് വിവാഹത്തീയതി നിശ്ചയിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തും ചെമ്മനാട് ഗ്രാമപ്പഞ്ചായത്തും മുന്‍കൈയെടുത്തായിരുന്നു വിവാഹച്ചടങ്ങുകള്‍. ഇവരുടെ വിവാഹച്ചെലവിന് സര്‍ക്കാര്‍ നല്‍കിയ ഒരുലക്ഷം രൂപ ഉപയോഗിച്ചാണ് സ്വര്‍ണം വാങ്ങിയത്.
വധൂവരന്മാരുടെ വിവാഹവസ്ത്രങ്ങളും മഹിളാമന്ദിരത്തിലെ മുഴുവന്‍ പേര്‍ക്കും ജീവനക്കാര്‍ക്കും വിവാഹദിവസം ധരിക്കാനുള്ള വസ്ത്രങ്ങളും കാസര്‍കോട്ടെ 'ഐവ' സില്‍ക്‌സ് നല്‍കി.തലക്ലായി പാഞ്ചജന്യം ഓഡിറ്റോറിയം മാനേജ്മെന്റ് വിവാഹത്തിന് വിട്ടുകൊടുത്തു. മറ്റു ചെലവുകളും ഒരുക്കങ്ങളും കുടുംബശ്രീയും വിവിധ സന്നദ്ധ സംഘടനകളും കൂട്ടായ്മകളും ഏറ്റെടുത്തു. അഞ്ഞൂറിലേറെ പേര്‍ക്ക് ഓഡിറ്റോറിയത്തില്‍ വിവാഹസദ്യയും നല്‍കി.
വിവാഹത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ തിരക്കുകാരണം ഞായറാഴ്ച മഹിളാമന്ദിരത്തിലെത്തി ആശംസ നേര്‍ന്നാണ് പോയത്. രാത്രി കുടുംബശ്രീ അംഗങ്ങള്‍ മഹിളാമന്ദിരത്തില്‍ വിരുന്ന് സത്കാരവും മെഹന്ദിക്കല്യാണവും ഒരുക്കിയിരുന്നു. വധൂവരന്മാരെ ഒരുക്കിയത് കുടുംബശ്രീ ചെമ്മനാട് യൂണിറ്റ് പ്രവര്‍ത്തകരാണ്. കുടുംബശ്രീയുടെ ഭാഗമായ മീഡിയാശ്രീ സൗജന്യ വീഡിയോ കവറേജും ഏര്‍പ്പെടുത്തി.
എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.യും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീറും വിവിധ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും വധൂവരന്മാര്‍ക്ക് ആശംസ നേരാനെത്തിയിരുന്നു. മുന്‍പ് മഹിളാമന്ദിരത്തില്‍നിന്ന് വിവാഹിതരായവര്‍ കുടുംബസമേതം എത്തിയത് ഇരട്ടി സന്തോഷമായി. വിവാഹസദ്യകഴിച്ച് വധൂവരന്മാരെ യാത്രയാക്കിയാണ് ഇവര്‍ മടങ്ങിയത്. സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ കെ.ഭാസ്‌കരന്‍, ജില്ലാശിശു-വനിതാ വികസന ഓഫീസര്‍ ഡീനാ ഭരതന്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പി.ബിജു, ജില്ലാം പ്രോഗ്രാം ഓഫീസര്‍ കവിതാറാണി രണ്‍ജിത്ത്, മഹിളാമന്ദിരം സൂപ്രണ്ട് പി.എം.ഗീതാകുമാരി, ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ എ.എസ്.പ്രമീള എന്നിവരും മഹിളാമന്ദിരത്തിലെ ജീവനക്കാരും കുടുംബശ്രീ ഭാരവാഹികളും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെയും ചെമ്മനാട് പഞ്ചായത്തിലെയും ഭരണസമിതി അംഗങ്ങളും വിവാഹനടത്തിപ്പിന് കൈകോര്‍ത്തു.
content highlights: inmates of mahilamandiram gets married