എരുമേലി(പത്തനംതിട്ട): ' ഒന്നു മറക്കാന്‍ കഴിഞ്ഞെങ്കില്‍...' അങ്ങനെ മനുഷ്യമനസ്സുകള്‍ പലപ്പോഴും പറയും. എന്നാല്‍ എരുമേലി സ്വദേശിനി ഫില്‍സയ്ക്ക് ഓര്‍മകളാണ് സുഗന്ധം. 

13-വയസ്സേ ആയിട്ടുള്ളൂ ഫില്‍സയ്ക്ക്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ജനസംഖ്യാക്രമത്തില്‍ 100 രാജ്യങ്ങളുടെ പേരുകള്‍ ഏതുറക്കത്തിലും ഫില്‍സ പറയും. കണ്ണടച്ചും, തുറന്നും പറഞ്ഞാലും 46 സെക്കന്‍ഡിന് മുകളില്‍ പോകില്ല സമയദൈര്‍ഘ്യം.

ബാല്യം മുതല്‍ക്കെ ഫില്‍സയുടെ ഓര്‍മശക്തി വീട്ടുകാരും അധ്യാപകരും ശ്രദ്ധിച്ചിരുന്നു. ആ പ്രചോദനമാണ് മുന്നോട്ടുള്ള നേട്ടങ്ങള്‍ക്ക് അടിസ്ഥാനം. എരുമേലി പതാല്‍പുരയിടത്തില്‍ നിബു കാസിം-ഷഹ്ന പി.ഇസ്മയില്‍ ദമ്പതിമാരുടെ മകളാണ്. 

സഹോദരി ഫിസ നിബു. ഫില്‍സയുടെ കഴിവുകള്‍ക്ക് എരുമേലി ഗ്രാമപ്പഞ്ചായത്ത് ആദരം നല്‍കി. ചടങ്ങില്‍ പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി, ബ്ലോക്ക് പഞ്ചായത്തംഗം ജൂബി അഷറഫ് തുടങ്ങിയവര്‍ ഫില്‍സയെ അനുമോദിച്ചു

മൂന്ന് വയസുകാരന്‍ ഇഹ്സാന്‍ പറയും 200 ഇംഗ്ലീഷ് വാക്ക്

പൊന്‍കുന്നം(കോട്ടയം): കുറെ ചിത്രങ്ങള്‍ മുന്‍പിലേക്ക് വെച്ചാല്‍ ഈസിയായി അവയുടെ പേരുകള്‍ മൂന്നുവയസ്സുകാരന്‍ ഇഹ്സാന്റെ നാവില്‍നിന്ന് ഇംഗ്ലീഷില്‍ ഒഴുകും. 

പഴങ്ങള്‍, പൂക്കള്‍, വാഹനങ്ങള്‍, മൃഗങ്ങള്‍ തുടങ്ങി ചിത്രം എന്തുമാവട്ടെ; രണ്ടാമതൊന്ന് ആലോചിക്കാതെ അവയുടെ ഇംഗ്ലീഷ് വാക്ക് നാവിന്‍തുമ്പിലെത്തും.

പൊന്‍കുന്നം കാവാലിമാക്കല്‍ അന്‍സല്‍ അസീസിന്റെയും സസ്നാ ബിജിലിയുടെയും മകന്‍ അപ്പൂസ് എന്ന മുഹമ്മദ് ഇഹ്സാനാണ് ഈ കൊച്ചുമിടുക്കന്‍. മൂന്നുവയസ്സില്‍ ഇത്രയും വാക്കുകള്‍ ഓര്‍മയില്‍ സൂക്ഷിക്കാനുള്ള കഴിവുകൊണ്ട് അദ്ഭുതപ്പെടുത്തി ഈ കുട്ടി. ചിത്രബുക്കുകള്‍ കാട്ടി അച്ഛനും അമ്മയും പഠിപ്പിച്ച വാക്കുകള്‍ ഓര്‍മയില്‍ സൂക്ഷിക്കാന്‍ അപ്പൂസ് രണ്ടുവയസ്സുമുതല്‍ മിടുക്കുകാട്ടി.

content highlights: filsa will tell names of 100 countries in 46 seconds, ihsan and his command over englsh