പെണ്‍കുട്ടിയുടെയും അമ്മയുടെയും പുനഃസമാഗമത്തിന് പതിനാലുകൊല്ലത്തിന്റെ വേര്‍പാടിന്റെ വേദനയുണ്ടായിരുന്നു. ഒടുവില്‍ കണ്ടുമുട്ടി പരസ്പരം ആലിംഗനം ചെയ്തപ്പോള്‍ ആ നോവ് അലിഞ്ഞില്ലാതായിട്ടുണ്ടാവണം. 

ഫ്‌ളോറിഡയിലെ ക്ലെര്‍മോണ്ടിലെ വീട്ടില്‍നിന്ന് പതിനാലു കൊല്ലം മുന്‍പാണ് ജാക്വലിന്‍ ഹെര്‍ണാണ്ടസിനെ അവളുടെ അമ്മ ആന്‍ജെലിക്ക വെന്‍സെസ് സാല്‍ഗാഡോയുടെ അരികില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. 2007 ഡിസംബര്‍ 22-നായിരുന്നു സംഭവം. ബി.ബിസി. റിപ്പോര്‍ട്ട് പ്രകാരം, പിതാവ് പാബ്ലോ ഹെര്‍ണാണ്ടസ് ആയിരുന്നു ജാക്വിലിനെ തട്ടിക്കൊണ്ടുപോയത്.

എന്നാല്‍ ഈ മാസം ആദ്യം ജാക്വിലിന്‍, ആന്‍ജെലിക്കയ്ക്ക് ഫെയ്‌സ്ബുക്കില്‍ സന്ദേശം അയച്ചതോടെ അവരുടെ പുനഃസമാഗമത്തിന് വഴിയൊരുങ്ങുകയായിരുന്നു.

ജാക്വിലിനും അമ്മയും വീണ്ടും കണ്ടുമുട്ടിയത് ഇങ്ങനെ

ജാക്വിലിനെ കാണാതായ സംഭവം, ഈ മാസം ആദ്യം വരെ ക്ലെര്‍മോണ്ട് പോലീസ് ഡിപ്പാര്‍ട്‌മെന്റി(സി.പി.ഡി.)നെ സംബന്ധിച്ചിടത്തോളം ഒരു 'അണ്‍സോള്‍വ്ഡ് കേസ്' ആയിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ രണ്ടാംതിയതി ആന്‍ജെലിക്ക സി.പി.ഡിയെ സമീപിച്ചതോടെ കഥമാറി. 

നിലവില്‍ മെക്‌സിക്കോയില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടി, തന്റെ മകളാണെന്ന് അവകാശപ്പെട്ട് ഫെയ്‌സ്ബുക്കില്‍ സന്ദേശം അയച്ചതായി ആന്‍ജെലിക്ക പോലീസിനെ അറിയിച്ചു. മെക്‌സിക്കോ-അമേരിക്ക അതിര്‍ത്തിയായ ലാരേഡോയില്‍വെച്ച് സെപ്റ്റംബര്‍ പത്തിന് തമ്മില്‍ കാണാമെന്ന് പെണ്‍കുട്ടി പറഞ്ഞതായും ആന്‍ജെലിക്ക പോലീസിനോടു പറഞ്ഞു. 

ആന്‍ജെലിക്ക വിവരം കൈമാറിയതിന് പിന്നാലെ ഫ്‌ളോറിഡയിലെയും ടെക്‌സാസിലെയും പോലീസും ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം വിശദമായ അന്വേഷണത്തിനും പെണ്‍കുട്ടി ആരെന്ന് കണ്ടെത്താനുമുള്ള പദ്ധതി ആവിഷ്‌കരിച്ചു. അങ്ങനെ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ജാക്വിലിന്‍, ആന്‍ജെലിക്കയുടെ മകളാണെന്ന് സ്ഥിരീകരിച്ചു. 

അതോടെ പതിനാലു കൊല്ലത്തിനു ശേഷം ജാക്വിലിനും ആന്‍ജെലിക്കയും ആദ്യമായി അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ കണ്ടുമുട്ടി. പിന്നാലെ ഇവരുടെ ഔദ്യോഗിക കൂടിക്കാഴ്ച ടെക്‌സാസില്‍ തിങ്കളാഴ്ചയും നടന്നു. സംഭവത്തെ കുറിച്ച് ക്ലെര്‍മോണ്ട് പോലീസ് ഡിപ്പാര്‍ട്‌മെന്റ് ഫെയ്‌സ്ബുക്കില്‍ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

content highlights: facebook message reunited mother with daughter