കല്പറ്റ: ജീവിതത്തിൽ നന്മയുടെ വെളിച്ചം പകർന്ന സിസ്റ്റർ ബിയാട്രീസ് തലച്ചിറയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് വെളിച്ചമേകും. കഴിഞ്ഞ ദിവസമാണ് സിസ്റ്റർ ബിയാട്രീസ് തലച്ചിറ അന്തരിച്ചത്.

നേത്രപടലം വ്യാഴാഴ്ച പുലർച്ചെ നാലിന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ നേത്രബാങ്കിൽ എത്തിച്ചു. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സന്യാസസഭാംഗമായ സിസ്റ്റർ ബീയാട്രീസ് കോഴിക്കോട് ആസ്ഥാനമായ കേരളാ പ്രോവിൻസ് അംഗമാണ്.

അധ്യാപികയായി വിരമിച്ചശേഷം വൈത്തിരിയിലെ ഹോളി ഇൻഫെന്റ് മേരി ബാലഭവനിൽ അനാഥബാല്യങ്ങൾക്ക് സ്നേഹവാത്സല്യങ്ങൾ പകർന്നുനൽകിയ സിസ്റ്റർ ബിയാട്രീസ് മേപ്പാടിയിലെ ഗേൾസ് ഹോസ്റ്റൽ വാർഡനായി ജോലി ചെയ്തുവരികയായിരുന്നു.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോജക്ട് വിഷൻ എന്ന ദേശീയ സംഘടനയുടെ നേതൃത്വത്തിൽ ‘എല്ലാവർക്കും കാണാനാവട്ടെ’ എന്ന മുദ്രാവാക്യവുമായി ദേശീയതലത്തിൽ നടക്കുന്ന നേത്രദാന പ്രൊമോഷൻ പദ്ധതിയുടെ ഭാഗമായാണ് സിസ്റ്റർ ബിയാട്രീസിന്റെ കണ്ണുകൾ ദാനംചെയ്തത്. ജീവിത കാലത്തുതന്നെ നേത്രദാനപത്രത്തിൽ ഉറ്റവരുടെ അറിവോടെ ഒപ്പുവെച്ചു നൽകിയാൽ തുടർനടപടികൾ പ്രോജക്ട് വിഷന്റെ പ്രവർത്തകർ ഏറ്റെടുക്കും. മരണം സ്ഥിരീകരിച്ചാൽ നേത്രദാനത്തിന് ബന്ധുക്കൾക്ക് 6235002244 എന്ന നമ്പറിലേക്ക് വിളിക്കാം.

content highlights: eye donation sister biatris