പാലക്കാട്: പഠനത്തിന് വൈദ്യുതിയും ഫോണുമില്ലാതെ പ്രയാസപ്പെട്ട വിദ്യാര്‍ഥിയുടെ വീട്ടിലേക്ക് വൈദ്യുതിയും സ്മാര്‍ട്ട്‌ഫോണും ലഭ്യമാക്കി കെ.എസ്.ഇ.ബി.യും ജീവനക്കാരുടെ സംഘടനയും. ജയ്ഹിന്ദ് സ്ട്രീറ്റ് ഇന്ദിര കോളനിയിലെ ഒരു വീട്ടിലേക്കാണ് ബിഗ്ബസാര്‍ വൈദ്യുതി സെക്ഷന്‍ അസി. എന്‍ജിനിയര്‍ നിത്യ മുന്‍കൈയെടുത്ത് വൈദ്യുതിയെത്തിച്ചത്.

വിദ്യാര്‍ഥിക്ക് പഠിക്കാനാവശ്യമായ സ്മാര്‍ട്ട്‌ഫോണ്‍ കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷനും വിതരണം ചെയ്തു. വീടിന്റെ വൈദ്യുതീകരണ ജോലി കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി.) സൗജന്യമായി ചെയ്തു. വൈദ്യുതി കണക്ഷന്റെ സ്വിച്ച്ഓണ്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.എസ്. വിബിന്‍ നിര്‍വഹിച്ചു.

അസി. എന്‍ജിനിയര്‍ പി.എം. നിത്യ, കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.ടി. സുരേഷ്, കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ഷമീം നാട്യമംഗലം, ബിഗ്ബസാര്‍ സ്‌കൂള്‍ പ്രധാനാധ്യാപിക ലേഖ ഗോവിന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

content highlights: electricity board employees offers electricity and mobile phone to students