ഈറോഡ്: നാടിനുവേണ്ടി തങ്ങളുടെ 79 സെൻറ് സ്ഥലം ദാനംനൽകി മാതൃകയായി രണ്ട്‌ കർഷകർ. ഈറോഡിനോട് ചേർന്നുള്ള കസവാപേട്ട പഞ്ചായത്തിലെ വാവികാട്ടുവളസിൽ താമസിക്കുന്ന ഗോവിന്ദരാജൻ (62), നല്ലസാമി (56) എന്നീ കർഷകരാണ് സ്ഥലം ദാനംചെയ്തത്. ഇവരുടെ പ്രദേശത്ത്‌ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ മരിച്ചാൽ അടക്കംചെയ്യാൻപോലും സ്ഥലമില്ലാതെ കഷ്ടപ്പെടുകയാണ്.

ഇതുപോലുള്ള നിരവധി ആവശ്യങ്ങൾ പറഞ്ഞ്‌ പലപ്രാവശ്യം പ്രദേശവാസികൾ പഞ്ചായത്തിനും കളക്ടർക്കുമടക്കം നിവേദനങ്ങളും പരാതികളും നൽകിയെങ്കിലും സർക്കാർവക ഭൂമി ഈ പ്രദേശത്ത് ഇല്ലാത്തതിനാൽ ആവശ്യം നടന്നില്ല. ഈ സാഹചര്യത്തിലാണ് നാടിന് സഹായഹസ്തവുമായി ഗോവിന്ദരാജനും നല്ലസാമിയും തങ്ങളുടെ ഭൂമി വിട്ടുനൽകാൻ തയ്യാറായത്.

ഇക്കാര്യം പഞ്ചായത്ത് അധികൃതരെയും കളക്ടറെയും അറിയിക്കയും ഇരുവരുംചേർന്ന് സർക്കാരിലേക്ക് ഭൂമി രജിസ്റ്റർചെയ്ത്‌ കൊടുക്കുകയും ചെയ്തു. കർഷകരെ കളക്ടർ കതിരവനും പഞ്ചായത്തധികൃതരും അഭിനന്ദിച്ചു.