മുണ്ടൂർ: ടാറിൽക്കുടുങ്ങിയ നായയെ കോങ്ങാട് അഗ്നിരക്ഷാസേന രക്ഷിച്ചു. മുണ്ടൂർ വഴുക്കപ്പാറയിലാണ് പ്ലാസ്റ്റിക് സംഭരണകേന്ദ്രത്തിന് സമീപമാണ് സംഭവം. റോഡുപണിക്ക് ടാർ മിക്സ് ചെയ്യുന്ന യൂണിറ്റിലെ ടാറിലാണ് നായ കുടുങ്ങിയത്. യൂണിറ്റ് നിലവിൽ പ്രവർത്തനമില്ല. ടാർ മിക്സ്‌ ചെയ്യുന്ന യന്ത്രത്തിനടിയിലെ ടാറിലാണ് നായ അകപ്പെട്ടത്. പ്രദേശത്ത് ജനവാസം കുറവായതിനാൽ നായകുടുങ്ങിയ വിവരം ആരുമറിഞ്ഞില്ല.

വെള്ളിയാഴ്ച വൈകീട്ട് ആറോടെ അതുവഴിപോയ ചെറുപ്പക്കാരാണ് നായയുടെ നിലവിളികേട്ട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. അഗ്നിരക്ഷാസേന ടാറിൽനിന്ന് പുറത്തെടുത്ത നായയെ വിവരമറിയിച്ച രതീഷിന്റെയും കൂട്ടുകാരുടെയും സഹായത്തോടെ മണ്ണെണ്ണയുപയോഗിച്ച് ടാർ കളഞ്ഞ് വൃത്തിയാക്കി. ടാർ മാറ്റിയതോടെ മരണത്തിൽനിന്ന് രക്ഷപ്പെട്ട നായ ഓടിമറഞ്ഞു. സീനിയർ ഫയർ ആൻഡ്‌ റസ്‌ക്യു ഓഫീസർ ബെന്നി കെ.ആൻഡ്രൂസ്, ഫയർ ആൻഡ്‌ റസ്‌ക്യു ഓഫീസർമാരായ കെ. രാജേഷ്, ഫൈസൽ, വി.ആർ. രജ്ജിത്ത്, എസ്. ബൈജു, വി. മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലാണ് നായയെ രക്ഷിച്ചത്.

Content Highlights: Dog stuck in thick black tar