രാമപുരം(കോട്ടയം): രോഗികളുടെ ദുരിതമറിഞ്ഞ് ഡോക്ടര്‍ സ്വന്തം വാഹനം വിട്ടുനല്‍കി. അതും പോരാഞ്ഞ് ഉപകരണങ്ങളും വാങ്ങിനല്‍കി. രാമപുരത്തെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിന്റെ ചുമതലയുള്ള ഡോ. യശോധരന്‍ ഗോപാലനാണ് സ്വന്തം വാഹനം ആശുപത്രിക്ക് ആംബുലന്‍സ് സേവനത്തിനായി വിട്ടുനല്‍കിയത്.

രാമപുരം സ്വദേശിയായ ഡോക്ടര്‍ക്ക് പാവപ്പെട്ട രോഗികള്‍ അനുഭവിക്കുന്ന ദുരിതം കണ്ടുനില്‍ക്കാനായില്ല. സ്വന്തം കാര്‍ ആംബുലന്‍സായി ഉപയോഗിക്കാന്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജമാക്കി ആശുപത്രിക്ക് നല്‍കുകയായിരുന്നു. കോവിഡ് രോഗികള്‍ക്ക് പരിശോധനയ്ക്കായി പോകാന്‍ ടാക്‌സിവാഹനങ്ങള്‍ മടികാണിച്ചപ്പോളാണ് ഡോക്ടര്‍ ആ ദുരിതം മനസ്സിലാക്കിയത്. ഈ വാഹനം പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ രേഖാമൂലം നല്‍കുകയായിരുന്നു.

പിന്നീടാണ്, ഓക്‌സിജനില്ലാതെ കോവിഡ് രോഗികള്‍ ബുദ്ധിമുട്ടുന്നതിന് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചത്. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ വാങ്ങിനല്‍കിയാണ് അദ്ദേഹം മാതൃകയായത്. 80,000 രൂപ വിലവരുന്നതാണ് ഈ മെഷീന്‍. ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിന്‍ഡറിലെ ഓക്‌സിജന്‍ തീര്‍ന്നാലും ഈ മെഷീനില്‍നിന്ന് നിര്‍ത്താതെ ലഭിക്കും.

content highlights: doctor handovers own vehicle to covid hospital service