ചേര്‍ത്തല: തന്റെ കഴിവുകള്‍ വരകളിലൂടെ അവതരിപ്പക്കുകയാണ് സ്വാതികൃഷ്ണ. വരയില്‍ വാക്കുകളും നിറങ്ങളില്‍ ശബ്ദവും കണ്ടെത്തി മിണ്ടാനും കേള്‍ക്കാനുമുള്ള പരിമിതികളെ അകറ്റുകയാണ് 15-കാരി. ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് സ്വാതി വരച്ചുകൂട്ടുന്നത്. മുന്നിലുള്ളതെല്ലാം വിഷയങ്ങളാക്കി വരക്കുമ്പോള്‍ പ്രോത്സാഹനവുമായി അച്ഛനമ്മമാരും അധ്യാപകരുമുണ്ട്.

ചേര്‍ത്തലതെക്ക് അരീപ്പറമ്പ് വടക്കേവെളി രാധാകൃഷ്ണന്‍- സുധ ദമ്പതിമാരുടെ മകളാണ് സ്വാതി കൃഷ്ണ. ചേര്‍ത്തല തെക്ക് സ്‌കൂളില്‍നിന്നു എസ്.എസ്.എല്‍.സി കഴിഞ്ഞു. ജനറല്‍ വിഭാഗത്തില്‍ പഠിച്ച സ്വാതി നാല് എ പ്ലസും നാല് എ ഗ്രേഡും നേടിയാണ് വിജയിച്ചത്. മൂന്നാംവയസ്സിലാണ് കേള്‍വിക്കും സംസാരിക്കാനുള്ള ശേഷിക്കും കുറവുണ്ടെന്നു തിരിച്ചറിഞ്ഞു ചികിത്സതുടങ്ങിയത്. പൂര്‍ണ പ്രയോജനം ലഭിച്ചില്ല. കുട്ടിക്കാലം മുതലേ വരയോടു താത്പര്യമുണ്ടായെങ്കിലും അടുത്തകാലത്താണ് ഗൗരവമായി വരച്ചുതുടങ്ങിയത്.

swathi krishna
സ്വാതികൃഷ്ണ വരച്ച ചിത്രങ്ങള്‍ 

അച്ഛനമ്മമാരുടെയും ചേട്ടന്റെയും ടി.വി. ഹരികുമാറടക്കമുള്ള അധ്യാപകരുടെയും പ്രോത്സാഹനത്തിലുമാണ് വരയില്‍ കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയത്. രാജ്യത്തിന്റെ എല്ലാ പ്രധാനമന്ത്രിമാരുടെയും ചിത്രങ്ങളും പിണറായിവിജയന്‍ വരെയുള്ള മുഖ്യമന്ത്രിമാരുടെ ചിത്രങ്ങളും വരച്ചു. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ ചിത്രമാണ് അവസാനം പൂര്‍ത്തിയാക്കിയത്. വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വരയ്ക്കുന്നത്.

ഓരോദിവസവും വ്യത്യസ്തമായ വിഷയങ്ങളില്‍ വര തുടരുകയാണ്. ഇതിനൊപ്പം പാചകത്തിലും പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ചിത്രങ്ങള്‍ പോലെതന്നെ വ്യത്യസ്തതകളാണ് പാചകത്തിലും നടപ്പാക്കുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ പ്ലസ് വണ്ണിനു ചേരാനൊരുങ്ങുന്ന സ്വാതിക്ക് ആഗ്രഹം ഒരു ചിത്രകാരിയാകാനാണ്.

content highlights: differently abled swathikrishna and her brilliant drawings