വടകര: 'ബാംഗ്ലൂര്‍ ഡെയ്സ്' എന്ന സിനിമയില്‍ പാര്‍വതി അവതരിപ്പിച്ച സാറ എന്ന കഥാപാത്രം സഞ്ചരിക്കുന്നൊരു ഇലക്ട്രിക് വീല്‍ച്ചെയറുണ്ട്. ആ വീല്‍ച്ചെയര്‍ കണ്ടതുമുതല്‍ നൂര്‍ജഹാനും വെറുതേ മോഹിച്ചു. അതില്‍ക്കയറി റോഡിലൂടെ തനിച്ച് യാത്രചെയ്യണം, വടകര താഴെഅങ്ങാടിയിലെ തറവാട്ടിലേക്ക് പോകണം... തമാശപോലെ കൊണ്ടുനടന്ന ആ സ്വപ്നം യാഥാര്‍ഥ്യമായ ദിവസമായിരുന്നു ശനിയാഴ്ച.

ലോക്ഡൗണില്‍ തിരക്കൊഴിഞ്ഞ നിരത്തിലേക്ക് ഇലക്ട്രിക് വീല്‍ച്ചെയര്‍ ഉരുട്ടി, തിരക്കേറിയ അടക്കാത്തെരു ബൈപ്പാസ് ജങ്ഷന്‍ സഹോദരന്റെയും സുഹൃത്തിന്റെയും കാവലില്‍ കടന്ന്, കരുതലോടെ നോക്കിനിന്ന കണ്ണുകളിലേക്ക് നിറഞ്ഞ ചിരിതൂകി നൂര്‍ജഹാന്‍ താഴെഅങ്ങാടിയിലെത്തി. ഒരു സാമ്രാജ്യം കീഴടക്കിയ ഭാവത്തില്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ നൂര്‍ജഹാന്‍ പറയുന്നത് ഒന്നുമാത്രം. ഇലക്ട്രിക് വീല്‍ചെയര്‍ സൗജന്യമായിത്തന്ന സര്‍ക്കാരിന് നന്ദി, ഇത്തരമൊരുപദ്ധതി ഉണ്ടെന്നറിയിച്ച അങ്കണവാടി ടീച്ചര്‍ ഷൈലയ്ക്കും നന്ദി...

വടകരയ്ക്ക് സമീപം പുത്തൂര്‍ കുഴിച്ചാലിലെ വലിയകത്ത് പരേതനായ അഹമ്മദിന്റെയും റംലയുടെയും മകള്‍ നൂര്‍ജഹാന് (35) നാലാംവയസ്സിലാണ് ഇരുകാലുകള്‍ക്കും സ്വാധീനം നഷ്ടപ്പെട്ടത്. പിന്നെ മുട്ടിലിഴഞ്ഞാണ് ജീവിതം. വിദ്യാഭ്യാസം ഇടയ്ക്കുവെച്ച് നിര്‍ത്തിയ നൂര്‍ജഹാന്റെ ജീവിതം അന്നുമുതല്‍ വീട്ടിനുള്ളില്‍ ഒതുക്കപ്പെട്ടതാണ്. ആശുപത്രിയിലും മറ്റുമാണ് എപ്പോഴെങ്കിലും പോയിരുന്നത്. വിശേഷദിവസങ്ങളില്‍ കുടുംബത്തിനൊപ്പം ഏതെങ്കിലും ബന്ധുവീടുകളിലും പോകും.

2014-ല്‍ പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡെയ്സ് കണ്ടതോടെയാണ് ഇലക്ട്രിക് വീല്‍ച്ചെയറിനെക്കുറിച്ചറിഞ്ഞത്. ഇതോടെ ഇതില്‍ കയറിപ്പോകുന്ന കാര്യങ്ങളെക്കുറിച്ചൊക്കെ തമാശയായി പറയും. ഇത് കാര്യമായത് കുഴച്ചാല്‍ അങ്കണവാടിയിലെ ടീച്ചര്‍ ഷൈല ഇത്തരമൊരു വീല്‍ച്ചെയര്‍ സാമൂഹികനീതിവകുപ്പ് മുഖേന നല്‍കുന്നതായ വിവരം പറഞ്ഞതോടെയാണ്. രണ്ടുവര്‍ഷം മുമ്പായിരുന്നു ഇത്.

ചൊവ്വാഴ്ച കോഴിക്കോട് മായനാട് വൊക്കേഷണല്‍ ട്രെയിനിങ് സെന്ററില്‍നിന്നാണ് വീല്‍ച്ചെയര്‍ വിതരണംചെയ്തത്. മെഡിക്കല്‍ റെപ്പായ സഹോദരന്‍ അസ്ലമിന്റെ സഹായത്തോടെ അന്നുമുതല്‍തന്നെ ഇത് കൈകാര്യംചെയ്യുന്നത് പഠിച്ചു. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വീടിനുസമീപത്തെ റോഡുകളിലൂടെ നൂര്‍ജഹാന്‍ വീല്‍ച്ചെയര്‍ ഓടിച്ചുനടന്നു. മൂന്നുദിവസം കൊണ്ടുതന്നെ നൂര്‍ജഹാന്‍ കുഴിച്ചാലിന്റെ താരമായി മാറി. ശനിയാഴ്ച ലോക്ഡൗണായതിനാല്‍ മെയിന്‍ റോഡിലേക്ക് കടന്നു.

മനസ്സ് നിറയ്ക്കുന്ന കാഴ്ചകളാണ് എങ്ങും കണ്ടതെന്ന് അസ്ലം പറഞ്ഞു. താഴെഅങ്ങാടിയിലെ തറവാട്ടിലും ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമെല്ലാം കയറി. നൂര്‍ജഹാന്‍ ഒറ്റയ്‌ക്കൊരു വണ്ടിയില്‍ ഓരോ വീടിനുമുന്നിലുമെത്തിയപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം, അഭിമാനം.

content highlights: differently abled noorjahan gets electric wheelchair