കോവളം: കുടുംബംപോറ്റാന്‍ സൈക്കിളില്‍ മീന്‍ വില്‍ക്കാനിറങ്ങുന്ന ഏഴാംക്ലാസുകാരന്‍ അഭിജിത്തിന് ഡി.ജി.പി.യുടെ അനുമോദനം. പോലീസുകാരനാകണമെന്ന് ആഗ്രഹിക്കുന്ന പുഞ്ചക്കരി തമ്പുരാന്‍ മുക്കിനടത്തുള്ള അഭിജിത്തിനെ ഡി.ജി.പി. അനില്‍കാന്ത് പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് അനുമോദിച്ചത്.

മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ അഭിജിത്തിനെയും മൂത്ത സഹോദരി അമൃതയെയും വളര്‍ത്തുന്നത് അമ്മൂമ്മ സുധയാണ്. വീടുകളിലും തെരുവുകളിലും മീന്‍ വില്‍പ്പന നടത്തിയാണ് സുധ ചെറുമക്കളെ വളര്‍ത്തുന്നത്. അമ്മൂമ്മയുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ഏഴാം ക്ലാസുകാരന്‍ അഭിജിത്ത് മീന്‍ വില്‍പ്പനയ്ക്ക് ഒപ്പംകൂടിയത്.

സൈക്കിളില്‍ മീന്‍കയറ്റി അമ്മൂമ്മയ്ക്കൊപ്പം സഞ്ചരിച്ചാണ് വില്‍പ്പന നടത്തുന്നത്. ഇതേക്കുറിച്ച് കഴിഞ്ഞ ജൂണ്‍ 28-ന് മാതൃഭൂമി 'ജീവിതമേ, അഭിജിത്ത് ജയിക്കുന്നവനാണ്' എന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്ത പോലീസ് മേധാവിയുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ചൊവ്വാഴ്ച പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അഭിജിത്തിനെ അനുമോദിച്ചത്.

ജോലിക്കൊപ്പം ഓണ്‍ലൈന്‍ പഠനം മുടങ്ങാതിരിക്കാന്‍ അഭിജിത്തിന് അദ്ദേഹം ഒരു ലാപ്ടോപ്പും സമ്മാനിച്ചു. എ.ഡി.ജി.പി. മനോജ് എബ്രഹാം ഉള്‍പ്പെടെ ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. പഠനത്തിന് പിന്നിലല്ലാത്ത അഭിജിത്തിന് സ്വന്തമായി ഭൂമിയില്ല. 2000 രൂപയ്ക്ക് വാടകയ്ക്കെടുത്ത വീട്ടിലാണ് അമ്മൂമ്മ സുധയും സഹോദരി അമൃതയും കഴിയുന്നത്.

content highlights: dgp appreciates and gifts lapotop to abhijith