വടക്കാഞ്ചേരി : പിങ്കി എന്ന അരുമയുടെ ദീപ്തമായ ഓര്‍മ്മയില്‍ മണലിത്തറ വട്ടേക്കാട്ട് വീട്ടില്‍ ദീപയുടെ ജീവിതം സേവനനിറവിലാണ്. അകാലത്തില്‍ വിധവയായ ഈ യുവതി സ്വന്തം കുഞ്ഞിനെ പോലെ ഓമനിച്ചു വളര്‍ത്തിയ അരുമയായിരുന്നു പിങ്കി എന്ന പട്ടിക്കുട്ടി. വിവാഹത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രിയതമന്‍ രാജശേഖരന്‍ സമ്മാനമായി പിങ്കിയെ നല്‍കിയത്. പിങ്കി ഓര്‍മ്മയായിട്ട് നാലു വര്‍ഷം.

ഒമ്പത് വര്‍ഷം സ്വന്തം കുഞ്ഞിനെ പോലെ ജീവിച്ച പിങ്കിയുടെ ജഡം മറവ് ചെയ്ത വീട്ടുവളപ്പില്‍ കല്ലറയും ദീപ ഒരുക്കി. അവിടെ ദീപയും, പിങ്കിയും ചേര്‍ന്നുളള ചിത്രവുമുണ്ട്. ഒറ്റയ്ക്കല്ലെന്ന് ഉറപ്പാക്കാനാണ് തന്റെ ചിത്രവും അവിടെ സ്ഥാപിച്ചതെന്ന് ദീപ പറയുന്നു.  ദിവസവും പൂക്കള്‍ അര്‍പ്പിക്കും. സമീപത്തെല്ലാം പിങ്ക് നിറത്തിലുളള പൂക്കള്‍ വിരിയുന്ന ചെടികളുമുണ്ട്. അമ്മ ഉഷയ്ക്കും പിങ്കിയെ വലിയ ഇഷ്ടമായിരുന്നെങ്കിലും കല്ലറ ഉണ്ടാക്കിയതിലും, അവിടെ ദീപയുടെ ചിത്രം വെച്ചതിലും യോജിപ്പില്ല.

ഓണ്‍ലൈനിലൂടെ മഹാരാഷ്ട്രയിലെ കോളേജില്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന ദീപയ്ക്ക് കുട്ടികളില്ല. കൂട്ടിന് അമ്മ മാത്രമല്ല പിങ്ക് ഹൗസില്‍ അരുമ മൃഗങ്ങളുടെ ഒരു പടതന്നെയുണ്ട്. പിങ്കിയുടെ പിറന്നാള്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 18ന് ജീവിച്ചിരുന്നപ്പോള്‍ കേക്ക് മുറിച്ച് ദീപ ആഘോഷമാക്കും. ഇപ്പോള്‍ ആ ദിവസം ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കും.

ദീപയ്ക്ക് ഇപ്പോള്‍ 'മക്കള്‍' ഏറെയാണ്. അധികവും പെണ്‍കുട്ടികള്‍. മിക്കവയും തെരുവില്‍ നിന്ന് കിട്ടിയവയാണ്. വാഹനം ഇടിച്ച് കിടക്കുന്നവയെയും, അനാഥരെയും വീട്ടില്‍ കൊണ്ടു വന്ന് ദീപ വളര്‍ത്തുന്നു. പട്ടികളോട് മാത്രമല്ല വീട്ടിലെത്തുന്ന പൂച്ചകളും, കാക്കകളും, മലയണ്ണാന്‍ വരെ ദീപയുടെ പ്രിയപ്പെട്ട കുട്ടികളാണ്.

വീട്ടില്‍ കൊണ്ടുവന്ന് വളര്‍ത്തുന്ന അരുമകള്‍ക്ക് ഇറച്ചിയും, മീനും, മുട്ടയും മാത്രമല്ല വടക്കാഞ്ചേരി ഗവ. വെറ്ററിനറി പോളിക്ലീനിക്കിലെ സീനിയര്‍ സര്‍ജ്ജന്‍ ഡോ. വി.എം. ഹാരിസിന്റെ സഹായത്തോടെ കൃത്യമായ ചികിത്സയും, മരുന്നുകളും ലഭ്യമാക്കുന്നു. വീട്ടിലെ ഓമന മൃഗങ്ങളെ വളര്‍ത്താന്‍ നിബന്ധനകളോടെ ദീപ കൈമാറാറുണ്ട്. പെണ്‍കുട്ടികളെ വിവാഹം കഴിച്ച് അയയ്ക്കുന്നത് പോലെ കൊണ്ടു പോകുന്നവരെ കുറിച്ച് ആദ്യം വിശദമായൊരു അന്വേഷണം. ദീപയുടെ ഭാഷയില്‍ അത് മോള്‍ക്ക് ഒരു കുടുംബം ഉണ്ടാക്കി കൊടുക്കലാണ്. നന്നായി വളര്‍ത്തുമെന്ന് എഴുതി വാങ്ങുന്നതോടൊപ്പം മാസത്തില്‍ വീഡിയോയും പോസ്റ്റ് ചെയ്യണമെന്ന് നിര്‍ബന്ധമാണ്.

വീട്ടിലെത്തുന്ന ഒന്നിനെയും ചങ്ങലക്കിടാറില്ല. സ്വതന്ത്രമായി അവയ്ക്ക് എവിടെയും പോകാനുളള സ്വാതന്ത്രമുണ്ട്. എവിടെ പോയാലും എല്ലാം ഇവിടെ തിരിച്ചെത്തുമെന്ന് ദീപ പറയുന്നു. ഒഴിവ് കിട്ടിയാല്‍ ഓരോരുത്തരെയും മടിയിലിരുത്തി കൊഞ്ചാനും ഈ അമ്മ തയ്യാര്‍.പട്ടികളെ ദത്തെടുത്തവര്‍ പട്ടി പ്രസവിച്ചാല്‍ താന്‍ മുത്തശ്ശിയായ സന്തോഷവാര്‍ത്ത വിളിച്ച് പറയുമ്പോഴാണ് ഏറ്റവും കൂടുതല്‍ ആനന്ദമെന്ന് ദീപ പറയുന്നു.