കൊച്ചി: എം.ജി. സർവകലാശാല ബി.എ. പരീക്ഷയിൽ ഒന്നാം റാങ്ക് നേടി അനുമോദനങ്ങൾക്ക് നടുവിലാണ് പായൽ. രാവിലെ മുതൽ ചാനൽ അഭിമുഖങ്ങൾ. ഇതിനിടയിൽ കോളേജിലെ അനുമോദന യോഗം. അഭിനന്ദനമറിയിച്ചെത്തുന്ന നാട്ടുകാരും സുഹൃത്തുക്കളും... ഈ നീണ്ട പട്ടിക പോലെ വലിപ്പമേറിയതാണ് അവൾ കരസ്ഥമാക്കിയ നേട്ടവും.

ബിഹാറിൽനിന്ന്‌ തൊഴിൽ തേടി കേരളത്തിലേക്കെത്തിയതാണ് പായൽ കുമാരിയുടെ അച്ഛൻ പ്രമോദ് കുമാർ. പല സ്ഥലങ്ങളിലായി ജോലി ചെയ്യുമ്പോഴും അദ്ദേഹം ശ്രദ്ധിച്ചത് ഒരു കാര്യം മാത്രം; മക്കളുടെ പഠനം മുടങ്ങാതിരിക്കുക. ആ കഠിനാധ്വാനം വെറുതെയായില്ലെന്ന് പായലിന്റെ നേട്ടം അടയാളപ്പെടുത്തുന്നു.

പെരുമ്പാവൂർ മാർത്തോമ വനിത കോളേജിൽനിന്ന്‌ ബി.എ. ആർക്കിയോളജി ആൻഡ് ഹിസ്റ്ററി പരീക്ഷയിൽ 85 ശതമാനം മാർക്കാണ് പായൽ നേടിയത്. 95 ശതമാനം മാർക്കോടെയാണ് പായൽ പ്ലസ് ടു പൂർത്തിയാക്കിയത്. എസ്.എസ്.എൽ.സി.ക്ക് 83 ശതമാനം മാർക്കുമുണ്ടായിരുന്നു. കിട്ടുന്ന സമയമെല്ലാം പഠിക്കാനായി ഉപയോഗിക്കുകയെന്നതാണ് പായലിന്റെ നയം. പി. ജി.യാണ് അടുത്ത ലക്ഷ്യം. ജെ.എൻ.യു. ഉൾപ്പെടെ ഇഷ്ടങ്ങളുണ്ട്. സിവിൽ സർവീസ് എന്ന വലിയ സ്വപ്നമാണ് പായലിനെ നയിക്കുന്നത്.

ബിഹാറിലെ ഷെയ്ഖ്പുര ജില്ലയിൽ ഗോസെയ്മടി ഗ്രാമത്തിൽ നിന്നാണ് പ്രമോദും കുടുംബവും കേരളത്തിലേക്കെത്തിയത്.

അച്ഛനും അമ്മ ബിന്ദു ദേവിക്കും മൂത്ത സഹോദരൻ ആകാശ് കുമാറിനും അനിയത്തി പല്ലവി കുമാരിക്കും ഒപ്പം കങ്ങരപ്പടിയിലെ വാടക വീട്ടിലാണ് പായൽ താമസിക്കുന്നത്. അച്ഛൻ എറണാകുളം മാർക്കറ്റ് റോഡിലെ പെയിന്റ് കടയിലെ ജോലിക്കാരനാണ്. പായലിനെ അനുമോദിക്കാനുള്ള യോഗത്തിൽ എം. ജി. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഓൺലൈനിലൂടെ പങ്കെടുത്തു.