image
എ.എസ്. സന്തോഷും വി.എന്‍. കാശിവനും തത്തപ്പിള്ളി ശ്മശാനത്തിന് മുന്നില്‍

വരാപ്പുഴ(എറണാകുളം): മഹാമാരി ദുരിതം വിതച്ച കാലമാണ്. വേണമെങ്കില്‍ ആരുമറിയാതെ കിട്ടിയ സ്വര്‍ണാഭരണങ്ങള്‍ സന്തോഷിനും കാശിവനും സ്വന്തമാക്കാമായിരുന്നു. പക്ഷേ, ജോലി ചെയ്ത് കിട്ടുന്നതിനെക്കാള്‍ വലിപ്പം ആ ആഭരണങ്ങള്‍ക്കില്ലെന്ന് അവര്‍ വിശ്വസിച്ചു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ ദേഹത്തുനിന്ന് ലഭിച്ച ആഭരണങ്ങള്‍ അവര്‍ ബന്ധുക്കളെ തിരികെയേല്‍പ്പിച്ചു.

തത്തപ്പിള്ളിയിലെ ശ്മശാനത്തിന്റെ ചുമതലക്കാരാണ് സന്തോഷും കാശിവനും. ശനിയാഴ്ച രാവിലെയാണ് കോവിഡ് ബാധിച്ചു മരിച്ച പറവൂര്‍ ചിറ്റാറ്റുകര സ്വദേശിനി ഏലിക്കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് കൊണ്ടുവന്നത്, അന്നത്തെ മൂന്നാമത്തെ മൃതദേഹം. മാനദണ്ഡങ്ങളനുസരിച്ച് പൊതിഞ്ഞ് കൊണ്ടുവന്ന മൃതദേഹം ഏറ്റുവാങ്ങി തീ കൊളുത്തിയ ശേഷം സന്തോഷും കാശിവനും ബന്ധുക്കളെ മടക്കിയയച്ചു. ഞായറാഴ്ച രാവിലെ ചിതാഭസ്മത്തിനു വന്നാല്‍ മതിയെന്നു പറഞ്ഞാണ് തിരിച്ചയച്ചത്.

വൈകീട്ട് ചിതാഭസ്മം കോരി മാറ്റുന്നതിനിടെയാണ് ഒരു സ്വര്‍ണക്കമ്മല്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. കൂടുതല്‍ തിരഞ്ഞപ്പോള്‍ ഒരു മാലയും ഒരു കമ്മലും കൂടി ലഭിച്ചു. ഏല്ലാം കൂടി ഏതാണ്ട് നാല് പവനിലേറെ തൂക്കം തോന്നിച്ചു. ഉടന്‍തന്നെ ബന്ധുക്കളെ വിവരമറിയിച്ചു. ചിതാഭസ്മം പൂര്‍ണമായി നീക്കുന്നതിനു മുമ്പ് സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടു. ചിതയില്‍നിന്ന് കിട്ടിയ ആഭരണങ്ങള്‍ കാണിച്ച് അവരുടേതെന്ന് ഉറപ്പുവരുത്തി. ഞായറാഴ്ച രാവിലെ തത്തപ്പിള്ളി കിഴക്കേപ്രം മരണാനന്തര സംഘം പ്രസിഡന്റും കോട്ടുവള്ളി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ പി.എന്‍. സന്തോഷിന്റെ സാന്നിധ്യത്തില്‍ ആഭരണങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.

കോവിഡ് വ്യാപനം തീവ്രമായതു മുതല്‍ വിശ്രമമില്ലാത്ത ജോലിയിലാണ് തത്തപ്പിള്ളി സ്വദേശികളായ എ.എസ്. സന്തോഷും വി.എന്‍. കാശിവനും. സാധാരണ രാവിലെ തുടങ്ങുന്ന ജോലി സന്ധ്യയാകുന്നതോടെ അവസാനിക്കും. എന്നാല്‍, കോവിഡ് മരണങ്ങള്‍ ഏറിയതോടെ സ്ഥിതി മാറി. ദിവസവും മൂന്നും നാലും മൃതദേഹങ്ങള്‍. രാത്രി വൈകിയും മൃതദേഹമുണ്ടെന്ന് അധികൃതര്‍ വിളിച്ചുപറയും. അതെത്തുന്നതു വരെ സന്തോഷിന്റെയും കാശിവന്റെയും കാത്തിരിപ്പ് തുടരും. പല ദിവസങ്ങളിലും ജോലി തീരുന്നത് അര്‍ധരാത്രിയില്‍.

പറവൂര്‍ താലൂക്ക് പരിധിയിലെ കോവിഡ് മൃതദേഹങ്ങളില്‍ ഏറിയ പങ്കും തത്തപ്പിള്ളിയിലേക്കാണ് കൊണ്ടുവരുന്നത്. കടമക്കുടി, ചേരാനല്ലൂര്‍, കുന്നുകര പഞ്ചായത്തുകളില്‍നിന്നും മൃതദേഹങ്ങള്‍ കൊണ്ടുവരുന്നുണ്ട്. രാവിലെയിടുന്ന പി.പി.ഇ. സുരക്ഷാ വസ്ത്രം പലപ്പോഴും അര്‍ധരാത്രി വരെ ഇട്ടുനില്‍ക്കേണ്ടി വരും. എന്നാല്‍, ഒരു പരാതിയുമില്ലാതെ സന്തോഷും കാശിവനും ജോലി ചെയ്യുന്നു. 'ദുരന്തകാലത്ത് ഇത്രയുമെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുന്നുണ്ടല്ലോ' എന്നാണ് ഇരുവരും പറയുന്നത്. തത്തപ്പിള്ളി-കിഴക്കേപ്രം മരണാനന്തര സഹായ സംഘത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ശ്മശാനം.

content highlights: crematorium employees returns gold