ചാവക്കാട് (തൃശ്ശൂര്‍): കോവിഡ് മോചിതനായ സെക്കീര്‍ നന്ദിസൂചകമായി മറ്റൊരു കോവിഡ് രോഗിക്ക് തന്റെ പ്ലാസ്മ നല്‍കി. കളമശേരി മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ള സ്ത്രീക്ക് പ്ലാസ്മ ദാനം ചെയ്ത് മടങ്ങിയെത്തിയ സെക്കീറിന് കടംവീട്ടിയ സന്തോഷമാണിപ്പോള്‍.

കടപ്പുറം തൊട്ടാപ്പ് കറുപ്പംവീട്ടില്‍ സെക്കീര്‍ അബുദാബിയില്‍ സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യവെയാണ് കടുത്ത ശ്വാസംമുട്ടും പനിയുംമൂലം ചികിത്സ തേടിയത്.

തന്റെ ആരോഗ്യസ്ഥിതി പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ സെക്കീര്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മര്‍കുഞ്ഞിക്ക് ശബ്ദസന്ദേശം അയച്ചു.

ഉമ്മര്‍കുഞ്ഞി ഉടനെ അബുദാബിയിലെ കെ.എം.സി.സി. പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. ഇവരുടെ ഇടപെടലോടെ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ സെക്കീറിന് ഉറപ്പാക്കി.

പരിശോധനകളില്‍ കോവിഡ് പോസിറ്റീവെന്നും നെഗറ്റീവെന്നും മാറിമാറി ഫലം വന്നു. നീണ്ടനാളത്തെ ആശുപത്രിവാസത്തിനൊടുവില്‍ രണ്ട് പരിശോധനകളുടെ ഫലം നെഗറ്റീവായതോടെ മേയ് 30-ന് കെ.എം.സി.സി. പ്രവര്‍ത്തകര്‍ ഇടപെട്ട് നാട്ടിലേക്ക് അയച്ചു.

വിമാനം നെടുമ്പാശ്ശേരിയില്‍ പറന്നിറങ്ങാന്‍ അരമണിക്കൂര്‍ മാത്രമുള്ളപ്പോള്‍ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സെക്കീര്‍ കുഴഞ്ഞുവീണു.
എയര്‍പോര്‍ട്ട് അധികൃതര്‍ നേരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

വീണ്ടും 20 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് സെക്കീര്‍ കടപ്പുറത്തെ വീട്ടിലേക്ക് തിരിച്ചെത്തിയത്. കളമശ്ശേരിയില്‍ ചികിത്സയിലുള്ളപ്പോള്‍ രോഗം ഭേദമായാല്‍ മറ്റൊരു കോവിഡ് രോഗിക്ക് പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറുണ്ടോയെന്ന് ആശുപത്രി അധികൃതര്‍ ചോദിച്ചു.

നിറഞ്ഞ മനസ്സോടെ സെക്കീര്‍ സന്നദ്ധത അറിയിച്ചു. അങ്ങനെയാണ് കഴിഞ്ഞദിവസം ആശുപത്രി അധികൃതര്‍ വിളിച്ചത്. ശനിയാഴ്ച രാവിലെ ആശുപത്രി അധികൃതര്‍ അയച്ച പ്രത്യേക ആംബുലന്‍സില്‍ സെക്കീര്‍ കളമശ്ശേരിക്കു പോയി. വൈകീട്ട് തന്നെ കടപ്പുറത്തെ വീട്ടിലേക്ക് മടങ്ങിയെത്തി. സെക്കീറിനെ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മര്‍കുഞ്ഞിയുടെ നേതൃത്വത്തില്‍ വീട്ടിലെത്തി ആദരിച്ചു.

content highlights: covid recovered man donates plasma