പെരിന്തല്‍മണ്ണ(മലപ്പുറം): തുല്യതയ്ക്കായുള്ള ആവശ്യങ്ങളേറെ ഉയരുന്ന കാലത്ത് വിദ്യാഭ്യാസപരമായ തുല്യതയ്ക്ക് ദമ്പതിമാര്‍ ഒന്നിച്ചിറങ്ങി. സംസ്ഥാന സാക്ഷരതാമിഷന്റെ ഹയര്‍സെക്കന്‍ഡറി തുല്യത പരീക്ഷയ്‌ക്കെത്തിയ ഏലംകുളം പുളിങ്കാവ് പള്ളത്തൊടി സൈതലവി (40)യും ഭാര്യ ഹസീന(34) യുമാണ് വ്യത്യസ്ത കാഴ്ചയായത്.

പരീക്ഷാകേന്ദ്രമായ പെരിന്തല്‍മണ്ണ ഗവ. ഗേള്‍സ് സ്‌കൂളില്‍ തിങ്കളാഴ്ച രാവിലെയാണ് എഴുതി ജയിക്കാനായി ഇരുവരുമെത്തിയത്. നേരത്തേ പത്താംക്ലാസ് പരാജയപ്പെട്ടതാണ് സൈതലവി. ഹസീനയാവട്ടെ പ്ലസ് വണ്‍ പഠിച്ചെങ്കിലും വിവാഹത്തോടെ പഠനം നിര്‍ത്തി. സൈതലവിയുടെ സഹോദരന്‍ തുല്യത പരീക്ഷയെഴുതി ജയിച്ചപ്പോളാണ് ഇവര്‍ക്കും എന്തുകൊണ്ട് പഠിച്ചുകൂടെന്ന ചിന്തയുണ്ടായത്.

സൈതലവി തുല്യതയിലൂടെ പത്താംതരം വിജയിച്ചതോടെ ഇരുവരും ചേര്‍ന്ന് ഹയര്‍സെക്കന്‍ഡറി കൊമേഴ്സ് വിഭാഗത്തില്‍ ചേരുകയായിരുന്നു. പഠനമെല്ലാം ഒരുമിച്ചായിരുന്നെങ്കിലും പരീക്ഷയ്ക്ക് രണ്ട് ക്ലാസ് മുറികളിലായായിരുന്നു ഇരിപ്പിടം. 

തിങ്കളാഴ്ചയിലെ മലയാളം പരീക്ഷ 'സൂപ്പറായി'യെന്നാണ് ഇരുവരും പറഞ്ഞത്. പരീക്ഷയ്ക്കുശേഷം പുറത്തിറങ്ങി ചോദ്യക്കടലാസ് ചര്‍ച്ചചെയ്ത ഇരുവരും മറ്റുള്ളവര്‍ക്കും കൗതുകമായി. ഇക്കഴിഞ്ഞ പത്താംക്ലാസ് പരീക്ഷയില്‍ ഇവരുടെ മകള്‍ സഫ്വാന മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചിരുന്നു. മകള്‍ പത്താം ക്ലാസിലും മാതാപിതാക്കള്‍ പ്ലസ്ടുവിനുമായായിരുന്നു പഠിത്തമെന്ന് തമാശ പറയുന്നു.

ബസില്‍ കണ്ടക്ടറായിരുന്ന സൈതലവിക്ക് കോവിഡ് കാല പ്രതിസന്ധിയില്‍ പണി നഷ്ടപ്പെട്ടു. സുഹൃത്തിനൊപ്പം വാഹനത്തില്‍ സാധനങ്ങള്‍ കൊണ്ടുപോയി കച്ചവടം ചെയ്യുകയാണ്. ഹയര്‍സെക്കന്‍ഡറിയോടെ പഠനം മതിയാക്കി മകളുടെ തുടര്‍പഠനത്തിന് പ്രാധാന്യം നല്‍കാനാണ് തീരുമാനമെന്ന് ഹസീന പറഞ്ഞു.

content highlights: couple together appears for higher secondary equivalency exam