തൃപ്പൂണിത്തുറ: എരൂര്‍ കണിയാംപുഴ റോഡിലെ ആ മരങ്ങള്‍ക്ക് ഇനി പച്ചപ്പോടെ വളരാം. മരങ്ങളുടെ ചുവട്ടില്‍ തുള്ളി വെള്ളംപോലും ഇറങ്ങാനാവാത്ത വിധം ചുവടുഭാഗം പൂര്‍ണമായും കോണ്‍ക്രീറ്റ് ചെയ്ത് തേച്ചുകളഞ്ഞത് നഗരസഭാധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് പൊളിച്ചുമാറ്റി. മരങ്ങള്‍ക്ക് ചുവടെ പുതുതായി തടവും ഉണ്ടാക്കി. ഇനി ഈ മരങ്ങള്‍ക്ക് ചുവട്ടില്‍ മഴവെള്ളം നിറയും.

എരൂര്‍ റോഡില്‍നിന്ന് കണിയാംപുഴ പാലത്തിലേക്ക് കയറുമ്പോള്‍ റോഡരികില്‍ നന്നായി വളര്‍ന്നു നില്‍ക്കുന്ന മരങ്ങളുടെ ചുവട്ടില്‍ കോണ്‍ക്രീറ്റ് ഇട്ട് മൂടിയത് വലിയ ചര്‍ച്ചയായിരുന്നു. റോഡ് പണിയുടെ ഭാഗമായി വശങ്ങളില്‍ കോണ്‍ക്രീറ്റ് ഇട്ട് തേച്ചപ്പോഴാണ് ഫലങ്ങള്‍ നല്‍കിയിരുന്നവ ഉള്‍പ്പെടെയുള്ള മരങ്ങളുടെ വളര്‍ച്ച തടയും വിധമുള്ള ക്രൂരമായ നടപടി ഉണ്ടായത്. തെങ്ങ്, മാവ്, പ്ലാവ്, ആഞ്ഞിലി, ഞാവല്‍, കണിക്കൊന്ന തുടങ്ങി ഇവിടെയുള്ള ഇരുപത് മരങ്ങളുടെ നിലനില്‍പ്പ് ഇതുമൂലം പ്രശ്‌നമായി. അത് ആളുകളില്‍ നൊമ്പര കാഴ്ചയായി.

കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നതിനാല്‍ ഭൂമിക്കടിയിലേക്ക് മഴവെള്ളം ഇറങ്ങാതെ വെള്ളം ഒലിച്ചുപോകുകയായിരുന്നു. മരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം ഇതോടെ ഉയര്‍ന്നു. തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ്, വൈസ് ചെയര്‍മാന്‍ കെ.കെ. പ്രദീപ് കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

അടിയന്തര നടപടി ഉണ്ടാകണമെന്ന് പൊതുമരാമത്ത് വകുപ്പധികൃതരോട് ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടു.ഇതേ തുടര്‍ന്നാണ് തിങ്കളാഴ്ച ഇവിടെ മരങ്ങളുടെ ചുവട്ടിലെ കോണ്‍ക്രീറ്റ് ബ്രേക്കര്‍ ഉപയോഗിച്ച് കുത്തിപ്പൊളിച്ചത്. അപ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ വെള്ളത്തിന്റെ അംശം പോലുമില്ലാതെ ഉണങ്ങി വരണ്ടിരിക്കുകയായിരുന്നു. ഏറെയായി കനത്ത മഴ പെയ്തപ്പോള്‍ തന്നെയായിരുന്നു ഇത്. മരച്ചുവട്ടില്‍ ഭംഗിയുള്ള രീതിയിലാണ് ഇപ്പോള്‍ തടം കെട്ടുന്നത്. ഇത് രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകും.

content highlights: concrete slab removed; trees will grow again