ചിറ്റില്ലഞ്ചേരി(പാലക്കാട്): ഇന്നലെ ആ രണ്ടാംക്ലാസിലെ കുരുന്നുകളുടെ മുഖത്ത് വലിയ സന്തോഷമായിരുന്നു. അവര്‍ നട്ട ചെമ്പകത്തൈ പൂത്തു. മഞ്ഞനിറത്തിലുള്ള രണ്ട് പൂക്കള്‍. 

ആ സന്തോഷം ദീപ്തി ടീച്ചര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ചപ്പോള്‍ നേരില്‍ക്കണ്ടതിനേക്കാള്‍ സന്തോഷമായി രണ്ടാം ക്ലാസിലെ വിദ്യാര്‍ഥികളുടെ ആ പുഞ്ചിരികള്‍ക്ക്. ചിറ്റില്ലഞ്ചേരി പി.കെ.എം.എ.യു.പി. സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥികളായ സൂര്യ, ശ്രീമ, സുഭദ്രാലക്ഷ്മി, അജീഷ് എന്നിവരാണ് ചെമ്പകത്തൈ നട്ടുപിടിപ്പിച്ചത്.

കൂട്ടുകാരെക്കാണാതെ ഒപ്പമിരുന്ന് പഠിക്കാന്‍ കഴിയാത്ത കോവിഡ് കാലത്താണ് പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂള്‍ പരിസരത്തെ വീടുകളിലെ വിദ്യാര്‍ഥികളായ ഇവര്‍ സ്‌കൂളിലെത്തി ചെമ്പകത്തൈ നട്ടത്.

രണ്ടാം ക്ലാസിലെ ഇംഗ്ലീഷിലെ 'മദര്‍ ട്രീ' എന്ന പാഠഭാഗത്തിലെ 'ലൗ ഫോര്‍ ട്രീ' യുടെ ഭാഗമായാണ് കൂട്ടുകാര്‍ സ്‌കൂള്‍മുറ്റത്ത് ചെമ്പകം നട്ടുപിടിപ്പിച്ചത്.

ഇടയ്ക്ക് വിദ്യാര്‍ഥികളും പിന്നീട് സ്‌കൂളിലെത്തുന്ന അധ്യാപകരും വെള്ളംനനച്ചതോടെ കഴിഞ്ഞദിവസം രണ്ടുപൂക്കള്‍ വിരിഞ്ഞു. പൂക്കള്‍ ഈവര്‍ഷം വിരമിക്കുന്ന പ്രധാനാധ്യാപിക സരസ്വതി ടീച്ചര്‍ക്ക് സ്നേഹസമ്മാനമായി നല്‍കുമെന്ന് കുട്ടികള്‍ പറയുന്നു.

content highlights: chittillanchery pkmaup school students plants champak tree and it flowers