കോഴിക്കോട്: നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളി ഇതുപോലെ നിലനിർത്തിയ തലമുറകൾക്ക് നന്ദി. -കുറ്റിച്ചിറ മിശ്കാൽ പള്ളിയും തളിക്ഷേത്രവും കണ്ട ഇറ്റലിക്കാരി കാരിൻ പിച്ചിനോ വാചാലയാവുകയാണ്. ബേപ്പൂരിലെ ഉരു, കാപ്പാട് ബീച്ച്, മിഠായിത്തെരുവ്... കോഴിക്കോടിന്റെ വിസ്മയക്കാഴ്ചകൾ കുറച്ചൊന്നുമല്ല കാരിനെ ആകർഷിക്കുന്നത്. ദുബായ് വഴിയാണ് സുഹൃത്ത് ഫിലിപ്പോ മംഗാനരോയുമൊത്ത് കാരിൻ ഇന്ത്യയിലെത്തിയത്.

കോഴിക്കോട്ട്‌ രണ്ടുദിവസം ചെലവഴിച്ചു. മാങ്ങയിട്ട മീൻകറിയും കോഴിക്കോടൻ പൊറോട്ടയുമൊക്കെ രുചിച്ചു -ഉഗ്രൻ ഭക്ഷണം... മികച്ച ഒരു പാചകക്കാരികൂടിയാണ് കാരിൻ.

“കേരളത്തിൽ ഇതാദ്യം. ഇനിയുംവരും. അത്രയ്ക്കിഷ്ടപ്പെട്ടു ഇവിടുത്തെ ആളുകളെ, കാഴ്ചകളെ, കാലാവസ്ഥയെ...” -കേരളത്തിൽ വീണ്ടുംവരുമെന്ന് പറയുമ്പോൾ ഇരുവർക്കും ഏകസ്വരം.

മൈസൂരും ബന്ദിപ്പൂരും സന്ദർശിച്ചശേഷമാണ് കോഴിക്കോട്ടെത്തിയത്. ഗുജറാത്തിതെരുവിലെ കെട്ടിടങ്ങൾ പഴക്കംകൊണ്ട് കാരിനെ അത്ഭുതപ്പെടുത്തിയപ്പോൾ ഫിലിപ്പോയ്ക്ക്‌ പ്രിയമായത് സുഗന്ധദ്രവ്യങ്ങളുടെ മൂക്കുതുളയ്ക്കുന്ന മണമുള്ള വലിയങ്ങാടിയിലെ തിരക്കാണ്. ഇങ്ങനെയൊരു മാർക്കറ്റ് മുമ്പ് കണ്ടിട്ടേയിെല്ലന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. മാർച്ച് വരെ യാത്രതുടരാനാണ് ആഗ്രഹം.

ഗ്രാഫിക് ഡിസൈനറാണ് ഫിലിപ്പോ. വിവിധ രാജ്യങ്ങളിൽനിന്നുള്ള ക്ലോക്കുകൾ ഇറക്കുമതിചെയ്ത് വിൽപ്പനനടത്തുന്ന ബിസിനസാണ് കാരിന്.

content highlights: Carin and philippe manganaro in kozhikode