തിരുവനന്തപുരം: കാസര്‍കോട് സ്വദേശികളായ സിനാനും സുനീറും സൈക്കിള്‍ ചവിട്ടി കേരള അതിര്‍ത്തിയും കടന്ന് കന്യാകുമാരിയിലേക്ക് പോകുകയാണ്. സെപ്റ്റംബര്‍ 25ന് കാസര്‍ക്കോട്ടു നിന്ന് തുടങ്ങിയ യാത്ര കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് എത്തിയത്. ഇവിടെ വെറുതെ യാത്രകളോടുള്ള കൗതുകമല്ല എറണാകുളത്ത് ജ്യൂസ് വില്‍പന നടത്തുന്ന ഈ യുവാക്കളുടെ യാത്രയ്ക്ക് പിന്നില്‍. പാവപ്പെട്ട കാന്‍സര്‍ രോഗികളെ സഹായിക്കലാണ് യാത്രയുടെ ലക്ഷ്യം. പണം സമാഹരിക്കുന്നതാകട്ടെ കോവിഡ് കാലത്ത് ഒഴിച്ചുകൂടാന്‍ പറ്റാത്ത മാസ്‌ക് വില്‍പന നടത്തിയും

കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ സൈക്കിള്‍ ചവിട്ടി യാത്ര ചെയ്ത് പണം സമാഹരിച്ച് കാന്‍സര്‍ രോഗികള്‍ക്കായി കൈമാറണമെന്ന് കുറച്ച് കാലമായി ആഗ്രഹിക്കുന്നുവെന്ന് ഇരുവരും മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. കോവിഡ് വ്യാപനവും പിന്നീടുള്ള ലോക്ഡൗണുകളും യാത്ര നീളുന്നതിന് കാരണമായി. പിന്നീടാണ് പണം സമാഹരിക്കുന്നതിന് എന്തുകൊണ്ട് മാസ്‌ക് വില്‍പന കൂടി യാത്രയുടെ ഭാഗമാക്കിക്കൂടെന്ന് ചിന്തിച്ചത്. 

കാസര്‍കോട് അനങ്ങൂര്‍ സ്വദേശിയാണ് സുനീര്‍, സന്തോഷ് നഗര്‍ സ്വദേശിയാണ് സിനാന്‍. എറണാകുളത്ത് രണ്ട് പേരും വെവ്വേറെ ജ്യൂസ് പാര്‍ലര്‍ നടത്തുന്നുണ്ട്. ആര്‍.സി.സി സന്ദര്‍ശിക്കണം, പാവപ്പെട്ട രോഗികള്‍ക്കായി എന്തെങ്കിലും സഹായം നല്‍കണം എന്ന് കുറച്ച് കാലമായി കരുതുന്നു. സെപ്റ്റംബര്‍ 25ന് ആദിത്യനഗര്‍ എസ്.ഐ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. അവിടെ നിന്ന് ഓരോ ജില്ലകളും സൈക്കിളില്‍ താണ്ടിയാണ് തിരുവനന്തപുരത്ത് എത്തിയത്.

IMAGE
ആദിത്യനഗര്‍ എസ്.ഐ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

ഉച്ചയ്ക്ക് ഒരു നേരത്തെ ഭക്ഷണം മാത്രം സ്വന്തം ചെലവില്‍ കഴിക്കും. ബാക്കി ഭക്ഷണവും താമസവുമെല്ലാം സുഹൃത്തുക്കളുടെ സഹായത്തോടെയാണ്. യാത്രയില്‍ ഉടനീളം നാട്ടുകാരും വഴിയില്‍ കണ്ട ട്രാഫിക് പോലീസുകാരും വരെ നല്ല പിന്തുണ നല്‍കിയെന്നും യുവാക്കള്‍ പറഞ്ഞു. മലപ്പുറം കോട്ടയ്ക്കലിന് സമീപത്ത് എത്തിയപ്പോള്‍ ഒരു തട്ടുകടയിലെ ആളുകള്‍ തങ്ങളെ ഒരുപാട് ഭക്ഷണം കഴിപ്പിച്ചുവെന്നും പണം വാങ്ങിയില്ലെന്നും ഇരുവരും പറയുന്നു.

തങ്ങളുടെ യാത്രയുടെ ഉദ്ദേശം അറിഞ്ഞപ്പോള്‍ യാചകനായ ഒരു വികലാംഗന്‍ തങ്ങളുടെ കൈയില്‍ നിന്ന് നിരവധി മാസ്‌ക് വാങ്ങിയതും ചെറിയ ഒരു സംഭാവന നല്‍കിയതും മുന്നോട്ടുള്ള യാത്രയ്ക്ക് വലിയ പ്രചോദനമായെന്നും സിനാനും സുനീറും പറയുന്നു. എറണാകുളത്ത് ചില സുഹൃത്തുക്കളും മലപ്പുറത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരണം നല്‍കിയെന്നും ഇതില്‍ വലിയ സന്തോഷം തോന്നിയെന്നും ഇരുവരും പറഞ്ഞു.

IMAGE
യാത്രയ്ക്കിടെ യുവാക്കള്‍ക്ക് ലഭിച്ച സ്വീകരണം

നാളെ യാത്ര അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങിയശേഷം ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പുവിനെ കണ്ട് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ സമാഹരിച്ച മുഴുവന്‍ പണവും ആര്‍.സി.സി അധികൃതര്‍ക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്നും ഇരുവരും പറയുന്നു.

Content Highlights:bicycle ride from kasargod to kanyakumari,sells mask and amount for cancer patients