image
പൂച്ചകള്‍ക്ക് ചോറുകൊടുക്കുന്ന ഭവാനി

പന്തളം(പത്തനംതിട്ട): അലഞ്ഞുതിരിഞ്ഞുനടന്ന് ആഹാരം തിരയേണ്ട, മഴയിലും മഞ്ഞത്തും തണുപ്പില്‍ കിടന്നുറങ്ങേണ്ട, ആട്ടിപ്പായിക്കലില്‍ ഓടിയൊളിക്കേണ്ട. പൂച്ചകള്‍ക്ക് ഇതില്‍പ്പരം സൗകര്യം എവിടെ കിട്ടാനാ. തുമ്പമണ്‍ മുട്ടം ചെറുതാപ്പള്ളില്‍ ഭവാനിയുടെ വീടാണ് പൂച്ചകള്‍ക്ക് സ്വര്‍ഗം.

രാവിലെതന്നെ ഭക്ഷണം റെഡി, മീന്‍കാരന്‍ റോഡില്‍ മണിയടിച്ചാല്‍ ഭവാനി വാങ്ങി നല്‍കും. ഭവാനി ആഹാരം എടുക്കുന്നതുകണ്ടാല്‍ എവിടെയായാലും എല്ലാവരും ഓടിയെത്തും. ആരുടെയെങ്കിലും കുറവുകണ്ടാല്‍ ഒറ്റവിളിമതി പാഞ്ഞെത്തിക്കൊള്ളും. ഇപ്പോള്‍ ചെറുതുംവലുതും, ആണുംപെണ്ണുമായി പത്ത് പൂച്ചകളുണ്ട്.

ആന്‍ഡ്രൂസും സോളമനുമാണ് പൂച്ച കുടുംബത്തിലെ നായകര്‍. മറ്റുള്ളവരെ ഇവര്‍ സംരക്ഷിച്ചുകൊള്ളും. ആഹാരംകഴിക്കുന്ന കാര്യത്തിലും ഉറങ്ങുന്ന കാര്യത്തിലുമൊന്നും തര്‍ക്കമോ വഴക്കോ ഇവര്‍ക്കില്ല. പുറത്തുനിന്നെത്തുന്ന വില്ലനായ കണ്ടനെ സോളമന്‍തന്നെ കൈകാര്യംചെയ്ത് തിരിച്ചയച്ചോളും. പ്രസവകാലമായാല്‍ അമ്മപ്പൂച്ചകള്‍ക്ക് അടുത്തുള്ള ഷെഡാണ് പ്രസവമുറി. ഏഴുദിവസം കഴിഞ്ഞ് കണ്ണു തുറന്നാല്‍ വീട്ടിനുള്ളിലേക്ക് അവര്‍തന്നെ കുഞ്ഞുങ്ങളെയെത്തിക്കും. എട്ടുവര്‍ഷം മുമ്പുമുതലാണ് ഭവാനി പൂച്ചയെ വളര്‍ത്തിത്തുടങ്ങിയത്. അത് ഒന്നൊന്നായി പെറ്റുപെരുകി. ഈയിടെ കുറെയെണ്ണം ചത്തു.