basilനട്ടെല്ലിന് പരിക്കേറ്റ് അരയ്ക്ക് കീഴ്പോട്ട് തളർന്ന എയർ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രു ബേസിലിന് രണ്ടേ കാൽ ലക്ഷം രൂപയുടെ വീൽ ചെയർ കൈമാറി. സുരേഷ് ഗോപിയുടെ  ലക്ഷ്മി സുരേഷ് ഗോപി ഇനിഷ്യേറ്റീവ് ട്രസ്റ്റും ക്യാബിൻ ക്രു അസോസിയേഷനും പൈലറ്റ് അസോസിയേഷനും ചേർന്നാണ് ഇതിനുള്ള തുക സമാഹരിച്ചത്.  ലക്ഷ്മി സുരേഷ് ഗോപി ഇനിഷ്യേറ്റീവ് ട്രസ്റ്റ്  ഒരു ലക്ഷം രൂപ നൽകി. ബാക്കി തുക ക്യാബിൻ ക്രു അസോസിയേഷനും പൈലറ്റ് അസോസിയേഷനും ചേർന്ന് സമാഹരിച്ചു.

ബേസിൽ 2016 മുതൽ എയർ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രു ആയിരുന്നു. എറണാകുളം കിഴക്കമ്പലം സ്വദേശിയാണ്.  2018 ൽ ജോലിയുടെ ഭാഗമായി ദുബായിൽ പോയ ബേസിലിന് താമസ സ്ഥലത്ത് വെച്ച് അപകടം സംഭവിച്ചു. സ്വിമ്മിംഗ് പൂളിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ വീണ് നട്ടെല്ലിന് തകരാർ സംഭവിക്കുകയായിരുന്നു. അരയ്ക്ക് കീഴ്പോട്ട് തളർന്നു. രണ്ട് വർഷം ചികിത്സ നടത്തി. എങ്കിലും വീൽ ചെയർ ഇല്ലാതെ പറ്റില്ലെന്നായി. സാമ്പത്തിക ബാധ്യത കാരണം ചികിത്സയ്ക്കും മറ്റും വഴിയില്ലാതായതോടെ ബേസിൽ സഹായം തേടി ക്യാബിൻ ക്രു അസോസിയേഷനെയും പൈലറ്റ് അസോസിയേഷനെയും സമീപിക്കുകയായിരുന്നു. ആധുനിക സൗകര്യങ്ങളോട് കൂടിയ രണ്ടേ കാൽ ലക്ഷം രൂപയുടെ വീൽ ചെയർ മുംബൈയിൽ നിന്ന് വാങ്ങാനായിരുന്നു ഇത്.  ഇവർ സുരേഷ് ഗോപി എം പിയെ സമീപിച്ചു.  ലക്ഷ്മി സുരേഷ് ഗോപി ഇനിഷ്യേറ്റീവ് ട്രസ്റ്റ് വഴി സുരേഷ് ഗോപി ഉടൻ തന്നെ  ഒരു ലക്ഷം രൂപ  കൈമാറി. ബാക്കി തുക  ക്യാബിൻ ക്രു അസോസിയേഷനും പൈലറ്റ് അസോസിയേഷനും ചേർന്ന് സമാഹരിച്ചു.