തൃശ്ശൂര്‍: ജനപ്രതിനിധിയാണ് പി.എസ്. ബാബു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍. പട്ടയമേളയില്‍ തന്റെ 60 സെന്റിനുള്ള പട്ടയം അദ്ദേഹം ഏറ്റുവാങ്ങി. ഈ ഭൂമിയില്‍ ഇനി അഞ്ച് വീടുകളൊരുങ്ങും. ഭൂമിയില്ലാത്ത, തീര്‍ത്തും അര്‍ഹരായ അഞ്ചുപേര്‍ക്ക് മൂന്ന് സെന്റ് വീതം തന്റെ ഭൂമിയില്‍നിന്ന് നല്‍കാനാണ് ബാബുവിന്റെ തീരുമാനം.

ചെമ്പംകണ്ടത്തുനിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയാണ് ബാബു. പൊന്നൂക്കരയിലാണ് വീട്. പുത്തൂര്‍ പഞ്ചായത്തിലെ വീടിന് സമീപത്തെ വാര്‍ഡുകളിലുള്ള അര്‍ഹരായവരെ കണ്ടെത്താന്‍ ജനകീയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്ന് ബാബു പറഞ്ഞു.

ഫെബ്രുവരിയില്‍ നടന്ന കഴിഞ്ഞ പട്ടയമേളയില്‍ പട്ടയം വാങ്ങാന്‍ വന്നവരുടെ സന്തോഷം കണ്ടപ്പോള്‍ ഒരുതുണ്ടു ഭൂമി പോലുമില്ലാത്തവരുെട സങ്കടത്തെക്കുറിച്ച് ഓര്‍ത്തുപോയി. തനിക്ക് പട്ടയം ലഭിച്ചാല്‍ ഭൂരഹിതര്‍ക്ക് ഒരു വിഹിതം നല്‍കുമെന്ന് അന്ന് തീരുമാനിച്ചു. അധ്യക്ഷനായ മന്ത്രിയോട് വിവരം പറഞ്ഞു.

അമ്മയും ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബവും പിന്തുണച്ചു -ബാബു പറയുന്നു. സി.പി.എം. പുത്തൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന ബാബു ഇപ്പോള്‍ ഒല്ലൂര്‍ ഏരിയാ കമ്മിറ്റി അംഗമാണ്.

content highlights: babu donates three cent land to each to five people