മുളന്തുരുത്തി(എറണാകുളം): മുളന്തുരുത്തി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ വേഴപ്പറമ്പ് ലക്ഷംവീട് കോളനിയില്‍ 30 വര്‍ഷമായി താമസിക്കുന്ന ഇല്ലിപ്പറമ്പില്‍ മില്‍ട്ടനും (55) കുടുംബവും പുതിയ വീടുവെയ്ക്കാന്‍ സഹായിച്ചവരോട് നന്ദി പറയുകയാണ്. 

പ്രായമായ അമ്മയും അഞ്ചു സഹോദരിമാരുമുണ്ടായിരുന്നതില്‍ രണ്ടുപേരെ വിവാഹം കഴിച്ചയച്ചു. അമ്മയും മൂത്ത സഹോദരിയും രോഗിയായ ഇളയ സഹോദരിയുമാണ് മില്‍ട്ടനൊപ്പം താമസിച്ചിരുന്നത്. പഴയവീട് താമസിക്കാന്‍ കൊള്ളാത്തവിധം ജീര്‍ണിച്ചെങ്കിലും കൂലിപ്പണിക്കുപോയി ജീവിക്കുന്ന മില്‍ട്ടന് ഒരു വീടു നിര്‍മിക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല.

നാട്ടുകാര്‍ മൂന്നുവര്‍ഷം മുമ്പ് പുതിയ വീട് നിര്‍മിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന റെഞ്ചി കുര്യന്റെ നേതൃത്വത്തില്‍ ഭവനനിര്‍മാണ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി. നിര്‍മാണം നടത്തിയെങ്കിലും വീട് പൂര്‍ണമാക്കാനായില്ല.

വീടു നിര്‍മാണത്തിനായി കുടുംബത്തെ വാടകവീട്ടിലേക്ക് മാറ്റിയതുമൂലം വാടകനല്‍കാനും കഴിയാതെ കുടുംബം പ്രതിസന്ധിയിലായി. വാടകവീട്ടില്‍ വച്ച് പ്രായമായ അമ്മ മരിച്ചു. തുടര്‍ന്നാണ് സി.പി.എം. വേഴപ്പറമ്പ്, പള്ളിത്താഴം ടൗണ്‍ ബ്രാഞ്ച് കമ്മിറ്റികള്‍ ചേര്‍ന്ന് മില്‍ട്ടന്റെ വീടുനിര്‍മാണം പൂര്‍ത്തിയാക്കാന്‍ രംഗത്തിറങ്ങിയത്. സുമനസ്സുകളും പാര്‍ട്ടിയംഗങ്ങളും കൈകോര്‍ത്തതോടെ വീടുനിര്‍മാണം പൂര്‍ത്തിയാക്കി.

സി.പി.എം. മുളന്തുരുത്തി ലോക്കല്‍ കമ്മിറ്റിയംഗവും കെ.എസ്.കെ.ടി.യു. മേഖലാ പ്രസിഡന്റുമായ ബിനു കെ. ബേബി, പള്ളിത്താഴം ബ്രാഞ്ച് സെക്രട്ടറി കെ.വി. ശശി, രാജി റെജി, ബിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വീടുപണി പൂര്‍ത്തിയാക്കിയത്. ഞായറാഴ്ച ലളിതമായ ചടങ്ങുകളോടെ മില്‍ട്ടനും സഹോദരിമാരും പുതിയ വീട്ടിലേക്ക് താമസംമാറി.