Alvin
• ആൽവിൻ മുകുന്ദ്

കണ്ണൂർ: നിറങ്ങളോട് കൂട്ടുകൂടി ആൽവിൻ മുകുന്ദ് എന്ന ഏഴുവയസ്സുകാരൻ വരച്ചത് നൂറുകണക്കിന് ചിത്രങ്ങൾ. സൂപ്പർമാൻ, ഛോട്ടാഭീം എന്നിങ്ങനെ സൂപ്പർഹീറോസ് മാത്രമല്ല ഗാന്ധിജി, സുഗതകുമാരി, നെഹ്രു എന്നിവരെയും ആൽവിൻ കണ്ട പ്രകൃതി ദൃശ്യങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത ആൽവിൻ രണ്ടുവയസ്സുമുതൽ വരയ്ക്കുന്നുണ്ട്. ക്രയോൺസ്, അക്രിലിക്, ഓയിൽ പേസ്റ്റൽ എന്നിവയിലാണ് വര. ട്വന്റി ട്വന്റി കിരീടം നേടിയ ഓസ്‌ട്രേലിയൻ ടീമിന്റെ ചിത്രം തത്സമയം വരച്ച് ആൽവിൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടി. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഗ്രാൻഡ് മാസ്റ്റർ ടൈറ്റിലും നേടിയിട്ടുണ്ട്. കുട്ടികൾക്കായി കണ്ണൂരിൽ സ്‌പേസ് ആർട്ട്‌ ഗ്യാലറിയിൽ നടത്തിയ ചിത്രപ്രദർശനത്തിൽ ആൽവിന്റെ ചിത്രങ്ങളും ഇടംപിടിച്ചിരുന്നു.

ഇതിനകം ഇരുന്നൂറിലധികം ചിത്രങ്ങൾ വരച്ചിട്ടുള്ള ആൽവിൻ സെയ്ന്റ്‌ മൈക്കിൾസ് സ്കൂളിലെ ഒന്നാംതരം വിദ്യാർഥിയാണ്. ലൈബ്രറി കൗൺസിൽ എൽ.പി. വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാമത്സരത്തിൽ ഒന്നാംസ്ഥാനം ആൽവിനായിരുന്നു. എസ്.എൻ. അലൂംമ്‌നി അസോസിയേഷൻ ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ കെ.ജി. വിഭാഗം മുതൽ പത്താംതരം വരെയുള്ള കുട്ടികൾ വരച്ച ചിത്രങ്ങളിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡ് മെഡലും കെ.ജി. മുതൽ നാലാംതരം വരെയുള്ള വിഭാഗത്തിൽ ഒന്നാംസ്ഥാനവും ആൽവിനായിരുന്നു. മാധവറാവു സിന്ധ്യ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ മത്സരത്തിൽ കെ.ജി. വിഭാഗം സ്വർണമെഡലും നേടി.

ഏഴിമല നാവിക അക്കാദമിയിലെ ഐ.ടി. വിഭാഗത്തിൽ ജോലിചെയ്യുന്ന തോട്ടട കിഴുന്നയിലെ കരുന്തോളിൽ കെ.ലിജുവിന്റെയും ടി.പി.ശരണ്യയുടെയും ഏകമകനാണ്.

Content Highlights: Alvin's drawing