മറയൂര്‍: സ്‌നേഹത്തോടെ പോലീസുകാര്‍ കൂടെ നിന്നു. അബിന്റെ പിറന്നാളും ദീപാവലിയും കളറായി. ചമ്പക്കാട് ഗോത്രവര്‍ഗ കോളനിയിലെ അബിന്‍രാജിന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് മറയൂര്‍ പോലീസ് സ്‌നേഹവുമായി എത്തിയത്.
ചമ്പക്കാട് കോളനിയിലെ രാജന്റെയും അനിതയുടെയും മകനാണ് ഏഴുവയസുകാരനായ അബിന്‍രാജ്. വെള്ളിയാഴ്ചയായിരുന്നു അബിന്റെ പിറന്നാള്‍. അവന് പുത്തനുടുപ്പ് വാങ്ങി നല്‍കാന്‍ മാതാപിതാക്കളുടെ കൈയില്‍ പണമുണ്ടായിരുന്നില്ല.
തൊഴിലുറപ്പ് കൂലി അക്കൗണ്ടിലേക്ക് എത്തിക്കാണുമെന്ന പ്രതീക്ഷയിലാണ് അനിത ബാങ്കിലെത്തിയത്. എന്നാല്‍ ബാങ്ക് അക്കൗണ്ടില്‍ പണമെത്തിയിരുന്നില്ല. എന്തു ചെയ്യണമെന്നറിയാതെ, ആരോട് ചോദിക്കുമെന്നറിയാതെ നില്‍ക്കുമ്പോഴാണ് ടൗണില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടത്.
കൂടെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെയും കണ്ടപ്പോള്‍ അമ്മ അനിത മറ്റൊന്നും ആലോചിക്കാതെ നേരെ ചെന്ന് മകന്റെ പിറന്നാള്‍ കാര്യം ഏറെ വേദനയോടെ പറഞ്ഞു. കേട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥര്‍ പിന്നെ ഒന്നും ചിന്തിച്ചില്ല.
അവര്‍ ഒത്തുകൂടി, ഒരു വസ്ത്രാലയത്തില്‍ കുട്ടിയെ കൊണ്ടുവന്ന് അവന് ഇഷ്ടപ്പെട്ട, അളവിന് ചേര്‍ന്ന ഉടുപ്പ് എടുത്തു. സമീപത്തുള്ള ബേക്കറിയില്‍നിന്ന് അബിന്‍രാജിന്റെ ഏഴാം പിറന്നാള്‍ എന്ന് രേഖപ്പെടുത്തിയ കേക്കും വാങ്ങി നല്‍കി.
content highlights: abin gets new dress and cake from police on his birthday