പാറശ്ശാല : അനാഥത്വത്തിന്റെ അരക്ഷിതാവസ്ഥയിൽ മാനസികനിലപോലും കൈവിട്ടുപോകുമെന്നനിലയിൽനിന്ന് ചിത്രകുമാരിയും സ്മിതയും ബുധനാഴ്ച സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തി. സരസ്വതി ആശുപത്രി അധികൃതർ നവീകരിച്ച് വാസയോഗ്യമാക്കിയ പുതിയ വീട്ടിൽ പുതിയ ജീവിതം ഇരുവരും തുടങ്ങുകയാണ്....

വീടിന്റെ പാലുകാച്ചൽ ബുധനാഴ്ച വൈകീട്ട് ഇരുവരും നാട്ടുകാരുടെ സാന്നിധ്യത്തിൽ നടത്തി. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടുകൂടി ഇരുവരെയും മാനസികാരോഗ്യകേന്ദ്രത്തിൽനിന്ന് ജില്ലാപ്പഞ്ചായത്ത് അംഗം വി.ആർ.സലൂജയും സാമൂഹിക ക്ഷേമ വകുപ്പ് ജീവനക്കാരും ചേർന്ന് ഏറ്റുവാങ്ങി വീട്ടിലേക്കു കൊണ്ടുവരികയായിരുന്നു. ഇവരെ സ്വീകരിക്കുന്നതിനായി പ്രദേശവാസികളായ നാട്ടുകാരും എൻ.എസ്.എസ്. താലൂക്ക് പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാറും സരസ്വതി ആശുപത്രി എം.ഡി. ഡോ. ബിന്ദു അജയകുമാറും ആശുപത്രി ജീവനക്കാരുമടക്കമുള്ളവർ കാത്തുനിൽക്കുകയായിരുന്നു.

വീടിനു മുന്നിൽവെച്ച് സരസ്വതി ആശുപത്രി എം.ഡി. ബിന്ദു അജയകുമാർ ഇരുവർക്കും നവീകരിച്ച വീടിന്റെ താക്കോൽ നൽകി. തുടർന്ന് വിളക്കുകൊളുത്തി വീടിനുള്ളിലേക്ക് കയറിയ സഹോദരിമാർ അടുപ്പു കത്തിച്ച് പാലുകാച്ചൽ നടത്തുകയായിരുന്നു.

തങ്ങൾക്ക് പുതുജീവിതം തിരികെ നൽകിയ എല്ലാവർക്കും ഇരുവരും നന്ദി അറിയിച്ചു. അമ്മയുടെ മരണത്തെത്തുടർന്ന് രണ്ട് പെൺകുട്ടികളും അച്ഛൻ രാമചന്ദ്രൻ നായരുടെ സംരക്ഷണയിലായിരുന്നു. സാമൂഹികവിരുദ്ധരെ ഭയന്ന് അച്ഛൻ പുറത്തേക്ക് ഭിക്ഷതേടി പോകുമ്പോൾ ഇരുവരെയും വീടിനുള്ളിൽ പൂട്ടിയിട്ടാണ് പോയിരുന്നത്.

ഇവരുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് ജില്ലാപ്പഞ്ചായത്ത് അംഗം വി.ആർ.സലൂജ സ്ഥലത്തെത്തി സ്ഥിതി മനസ്സിലാക്കുകയും തുടർന്ന് ഇരുവരെയും തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് കൗൺസിലിങ്ങിനായി മാറ്റുകയുമായിരുന്നു.

കൗൺസിലിങ്ങ് പൂർത്തിയാക്കി ഇരുവരുടെയും മാനസികസ്ഥിതി മെച്ചപ്പെട്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ ഉറപ്പു നൽകിയതിനെ തുടർന്നാണ് വെള്ളിയാഴ്ച ഇരുവരെയും നവീകരിച്ച് മോടിപിടിപ്പിച്ച പുതിയ വീട്ടിലേക്കു മാറ്റിയത്.

തീർത്തും വാസയോഗ്യമല്ലാത്തനിലയിലായിരുന്ന ഇവരുടെ വീട് സൗജന്യമായി നവീകരിച്ച് വാസയോഗ്യമാക്കുന്നതിനായി പാറശ്ശാല സരസ്വതി ആശുപത്രി അധികൃതർ മുന്നോട്ടുവരികയായിരുന്നു. വൈദ്യുതി ഇല്ലാതിരുന്ന വീട്ടിൽ വൈദ്യുതിയും എത്തിച്ചു. കൂടാതെ ബുധനാഴ്ച മടങ്ങിയെത്തിയ ഇരുവർക്കും ഒരു മാസത്തേക്കു വേണ്ട പലവ്യഞ്ജനങ്ങളും അരിയും വീട്ടാവശ്യത്തിനുള്ള പാത്രങ്ങളും ആശുപത്രി അധികൃതർ തന്നെ വാങ്ങിനൽകി.

വീട്ടിലേക്ക് ആവശ്യമായ കട്ടിലും മറ്റ് ഫർണിച്ചറും ഇരുവർക്കും വീട്ടുചെലവിനുള്ള തുകയും എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാറും വാങ്ങിനൽകിയതോടെ ഇരുവരും പുതിയ വീട്ടിൽ പുതിയ ജീവിതം തുടങ്ങി. ഇവരുടെ സഹായത്തിന് സാമൂഹികക്ഷേമ വകുപ്പ് ഒരു ജീവനക്കാരിയെ നിയോഗിച്ചിട്ടുണ്ട്.

Content Highlights: A new home, new life: chithrakumari and smitha back to home