ഇരട്ടയാര്‍(ഇടുക്കി): എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സ്‌ക്രൈബായി പരീക്ഷ എഴുതിയ ഒന്‍പതാം ക്ലാസുകാരന്‍ തനിക്കുലഭിച്ച ആദ്യ പ്രതിഫലത്തുകയായ 900 രൂപ മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് സംഭാവനചെയ്തു.

ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ക്രിസ്റ്റൊ ചങ്ങങ്കേരിയാണ് മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചില്‍ പങ്കാളിയായി ശ്രദ്ധനേടിയത്. നാടിനും സ്‌കൂളിനും മാതൃകയായത്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഒന്‍പത് വിഷയങ്ങള്‍ക്കാണ് ക്രിസ്റ്റൊ സ്‌ക്രൈബായി പരീക്ഷയെഴുതിയത്.

ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സന്‍ വര്‍ക്കിക്ക് വഴിയാണ് തുക കൈമാറിയത്. പഞ്ചായത്ത് സെക്രട്ടറി ബി.ശിവകുമാര്‍, സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എം.വി.ജോര്‍ജുകുട്ടി എന്നിവര്‍ വിദ്യാര്‍ഥിയെ അഭിനന്ദിച്ചു. ഇരട്ടയാര്‍ ചെമ്പകപ്പാറ ചങ്ങങ്കേരില്‍ ജോജോയുടെയും ബിജിയുടെയും മകനാണ് ക്രിസ്റ്റൊ.

content highlights: 9th standard student donates money to cmdrf