കോഴിക്കോട്: നാല്പതാമത് സംസ്ഥാന മലയാളി മാസ്റ്റേഴ്‌സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് മെഡിക്കൽ കോളേജ് റഹ്‌മാൻ സ്റ്റേഡിയത്തിൽ തുടങ്ങി. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി. ഡോ. വി. റോയ് ജോൺ, എം.എം.എ.എ. പ്രസിഡന്റ് എം.എസ്. ജോസഫ്, സെക്രട്ടറി എൻ. കൃഷ്ണൻകുട്ടി, ടി.എം. അബ്ദുറഹിമാൻ, നാസർ യൂനസ്, എം.ജെ. ജേക്കബ്, സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. മലയാളി മാസ്റ്റേഴ്‌സ് അത്‌ലറ്റിക്സ് അസോസിയേഷൻ നടത്തുന്ന മത്സരം ഞായറാഴ്ച സമാപിക്കും.

എൺപതിലും താരമായി മുൻ എം.എൽ.എ.

എൺപത്തിയൊന്നാം വയസ്സിൽ ലോങ്‌ജമ്പിലും 80 മീറ്റർ ഹർഡിൽസിലും സ്വർണമെഡൽ നേടി പിറവം മുൻ എം.എൽ.എ. എം.ജെ. ജേക്കബ് കരുത്ത് തെളിയിച്ചു. നാല് വെറ്ററൻസ് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട് അദ്ദേഹം.100, 200 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ എഴുപത്തിയേഴുകാരി സി.ഡി.എൽസി. കരിപ്പൂർ എയർപോർട്ടിലെ സി.ഐ. തസ്തികയിൽനിന്ന് വിരമിച്ചതാണ്. തൃശ്ശൂരിനെ പ്രതിനിധീകരിച്ചാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.