വണ്ടൂര്‍(മലപ്പുറം): അമ്മയെക്കുറിച്ചുള്ള മങ്ങിയ ഓര്‍മകളില്‍നിന്ന് പ്രിയയ്ക്ക് മോചനം. വര്‍ഷങ്ങള്‍നീണ്ട അന്വേഷണത്തിനൊടുവില്‍, അവള്‍ അമ്മയെ തേടിപ്പിടിച്ചു. സഹോദരങ്ങളെ കണ്‍കുളിര്‍ക്കെ കണ്ടു. ഇനി അവളുടെ ജീവിതത്തില്‍ വെളിച്ചമായെന്നും അമ്മ തെളിഞ്ഞുനില്‍ക്കും.

തൃശ്ശൂര്‍ സംസ്‌കൃതകോളേജില്‍ രണ്ടാംവര്‍ഷ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയാണ് പ്രിയ എന്ന 23-കാരി. ആറാംവയസ്സിലാണ് അവള്‍ അമ്മയെ അവസാനമായി കണ്ടത്. അമ്മ ശാന്തയ്ക്കും അച്ഛന്‍ സുരേഷിനുമൊപ്പം വയനാട് പനമരത്തായിരുന്നു പ്രിയ താമസിച്ചിരുന്നത്. ആരോടും പറയാതെ സുരേഷ് അവിടെനിന്ന് ഒരുദിവസം അവളെ നിലമ്പൂര്‍ സ്‌നേഹാലയത്തിലെത്തിച്ചു. നിലമ്പൂര്‍ ചെട്ടിയങ്ങാടി യു.പി. സ്‌കൂളില്‍ അഞ്ചാംതരംവരെ പഠിച്ചു. പിന്നീട് അച്ഛന്‍തന്നെ പുന്നപ്പാല ബാലികാ സദനത്തിലേക്ക് മാറ്റി. തുടര്‍ന്നുള്ള പഠനം വണ്ടൂര്‍ വി.എം.സി. സ്‌കൂളില്‍. ഇതിനുശേഷം പിതാവ് സുരേഷിനെ പ്രിയ കണ്ടിട്ടില്ല.

തന്റെ വീടിനെയോ നാടിനേയോ കുടുംബങ്ങളേയോ കുറിച്ച് പ്രിയക്കും ധാരണയുണ്ടായിരുന്നില്ല. ആനകള്‍ തടിപിടിക്കാറുള്ള സ്ഥലത്തായിരുന്നു വീടെന്ന മങ്ങിയ ഓര്‍മമാത്രമാണ് അവള്‍ക്കുണ്ടായിരുന്നത്. ഒറ്റപ്പെടലിന്റെ വേദന മറികടക്കാന്‍ പഠനെത്തയും പുസ്തകങ്ങളെയും കൂട്ടുപിടിച്ചു. മികച്ച മാര്‍ക്കോടെ ബിരുദംനേടി.

സ്വന്തമായി ജോലിവേണമെന്ന ആഗ്രഹമാണ് അവളെ അമ്മയുടെ അടുക്കലെത്തിച്ചത്. ജോലി അന്വേഷിച്ചുപോകുന്നതിനായി വണ്ടൂര്‍ ബസ് സ്റ്റാന്‍ഡിലെത്തിയതാണ് വഴിത്തിരിവായത്. സ്റ്റാന്‍ഡില്‍വെച്ച് അവള്‍ മുന്‍പഞ്ചായത്തംഗവും സി.പി.എം. നേതാവുമായ രജനി കോട്ടപ്പുറത്തെ കണ്ടുമുട്ടി. കഴിഞ്ഞ ഏപ്രില്‍ 30-നായിരുന്നു അത്. അവിടെവെച്ച് രജനിയോട് പ്രിയ ജീവിതകഥ പറഞ്ഞു. പ്രിയയെ രജനി സ്വന്തം വീട്ടിലേക്കു കൂട്ടി.

priya
രജനിക്കൊപ്പം പ്രിയ

മകളായ ദേവികയെപ്പോലെ തന്നെ രജനിയും ഭര്‍ത്താവ് ഗിരീഷും പ്രിയയെ സ്നേഹിച്ചു. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ സഹായത്തോടെ പനമരത്തെ കോളനികളില്‍ അന്വേഷണം നടത്തി. ഒടുവില്‍ പനമരം പുലയന്‍മൂലയിലെ അമ്മാനി നീര്‍വാരത്തുള്ള ശാന്തയാണ് പ്രിയയുടെ അമ്മയെന്നു കണ്ടെത്തി. അവിടെപ്പോയി പ്രിയ അമ്മയെയും സഹോദരങ്ങളായ അനിലിനെയും സുനിലിനെയും കണ്ടു.

ഇനി അവള്‍ക്കു മുന്നിലുള്ളത് ജോലിയെന്ന സ്വപ്നമാണ്. സര്‍ട്ടിഫിക്കറ്റിലെ പിഴവ് അവള്‍ക്കുമുന്നില്‍ വിലങ്ങുതടിയായി നില്‍ക്കുന്നുണ്ട്. എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ പ്രിയ കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട കുട്ടിയെന്നുണ്ട്. എന്നാല്‍ ഇതിനുവേണ്ട സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍നിന്ന് നല്‍കുന്നില്ല. ഇതാണ് ജോലിക്ക് തടസ്സം. എങ്കിലും പ്രിയക്കുറപ്പുണ്ട് -'ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് പ്രതീക്ഷിച്ച അമ്മയെക്കിട്ടി, ഇനി ജോലിയും കിട്ടും'.

content highlights: 23 year old priya meets mother after 17 years