കടുത്തുരുത്തി : സ്വകാര്യ ബാങ്ക് ജപ്തിചെയ്ത നിർദ്ധന കുടുംബത്തിന്റെ മൂന്ന് സെന്റ് സ്ഥലവും പണി തീരാത്ത വീടും തിരിച്ചെടുത്ത് പണി പൂർത്തിയാക്കി കുടുംബത്തിന് കൈമാറി. പ്രവാസിയുടെ സുമനസാണ് നിർദ്ധന കുടുംബത്തിന് നഷ്ടപെട്ട വീട് തിരികെ ലഭിക്കാനിടയാക്കിയത്. അമേരിക്കയിലുള്ള പ്രവാസിയായ ജിമ്മി കുന്നശ്ശേരിയാണ് കടുത്തുരുത്തി മുരിക്കൻസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറായ ജോർജ് ജി. മുരിക്കനിൽ നിന്ന് ആയാംകുടി പുതുശ്ശേരിക്കര പാറത്തോട്ടുകാലായിൽ പ്രദീപ് കുമാറിന്റെയും കുടുംബത്തിന്റെയും അവസ്ഥ മനസിലാക്കി ഇവരെ സഹായിച്ചത്.
പ്രദീപിന്റെ അമ്മ കുട്ടിയമ്മ, ഭാര്യ ഓമന, മക്കളായ പ്രവീൺ, നിരഞ്ജന, നിജിത എന്നിവരാണ് നിർദ്ധന കുടുംബത്തിലെ മറ്റു അംഗങ്ങൾ. കുട്ടിയമ്മയും നിരഞ്ജനയും രോഗികളാണ്. 2013-ൽ സ്വകാര്യ ബാങ്കിൽ നിന്ന് വായ്പയെടുത്താണ് ഇവർ വീട് നിർമാണം ആരംഭിച്ചത്. വീട്ടുചിലവും കുട്ടികളുടെ വിദ്യാഭ്യാസവും കുട്ടിയമ്മയുടെയും നിരഞ്ജനയുടെയും ചികിത്സയുമെല്ലാംകൂടിവന്നതോടെ വായ്പയെടുത്തത് തിരിച്ചടയ്ക്കുവാൻ കഴിയാതെവന്നു.
2019-ൽ സ്വകാര്യ ബാങ്ക് 5.40 ലക്ഷം രൂപയ്ക്ക് വീട് ജപ്തി ചെയ്തു. കിടപ്പാടം നഷ്ടപെട്ടതോടെ നിർദ്ധന കുടുംബം ജപ്തി ചെയ്ത വീടിന്റെ വരാന്തയോട് ചേർന്ന് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു. ഇതിനടിയിലാണ് രണ്ടു വർഷമായി കഴിഞ്ഞിരുന്നത്. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് പ്രവാസിയായ ജിമ്മി കുന്നശ്ശേരി ജോർജ് ജി. മുരിക്കനിൽ നിന്ന് നിർദ്ധന കുടുംബത്തിന്റെ വിവരമറിഞ്ഞ് ഇവരെ സഹായിക്കുവാൻ തയാറായത്. വായ്പ നൽകിയ സ്വകാര്യ ബാങ്കുമായി ചർച്ച നടത്തി വായ്പാതുകയായ 2.35 ലക്ഷ മാത്രം അടച്ച് വീടിന്റെ ആധാരം തിരികെ വാങ്ങി. തുടർന്ന് വീടിന്റെ പണി പൂർത്തിയാക്കി താക്കോൽ കുടുംബത്തിന് കൈമാറി.