ശ്രീനഗർ: മുപ്പത്തിമൂന്നാം ജന്മദിനത്തിൽ നമ്രത സന്ദീഷ് സ്വയമൊരു പിറന്നാൾ സമ്മാനം നൽകി. സമുദ്രനിരപ്പിൽനിന്ന് 10,000 അടിയിലേറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 33 തടാകങ്ങൾ നടന്നുകാണുക. ആ ആഗ്രഹം സാക്ഷാത്കരിക്കാൻ സന്ധിവാതം നമ്രതയ്ക്ക് തടസ്സമേ ആയില്ല.

13,000 അടി ഉയരത്തിലുള്ള മുർഗൻ ടോപ്പിൽവെച്ച് അക്യൂട്ട് മൗണ്ടൻ സിക്നെസ് എന്ന അവസ്ഥയുണ്ടായെങ്കിലും മനസ്സും കുടുംബവും ഒപ്പം നിന്നതിനാൽ അതും കീഴടക്കി. ഇന്ന് നമ്രത അപൂർവ ബഹുമതിക്കുടമയാണ്. കശ്മീരിൽ 10,000 അടിയിലേറെ ഉയരത്തിലുള്ള 50 തടാകങ്ങൾ സന്ദർശിച്ച വനിതയെന്ന ബഹുമതി.

ബെംഗളൂരുവിലെ ഐ.ടി. കമ്പനിയിലെ എച്ച്.ആർ. മാനേജരായ നമ്രത, ജൂൺ മുതലുള്ള നാലുമാസം കൊണ്ടാണ് ഈ റെക്കോഡ് കരസ്ഥമാക്കിയത്. ഇതോടെ സഹയാത്രികർ നമ്രതയ്ക്ക് ഒരുപേരും നൽകി ‘ആൽപൈൻ ഗേൾ’; അതായത്, ആൽപൈൻ തടാകങ്ങൾ (സമുദ്രനിരപ്പിൽനിന്ന് 10,000 അടിയിലേറെ ഉയരത്തിലുള്ള തടാകങ്ങൾ) സന്ദർശിച്ചവൾ.

തെക്കൻ കശ്മീരിൽ പിർ പഞ്ജലിനും സാൻസ്കർ പർവതനിരകൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന തുലിയൻ തടാകത്തിൽ നിന്ന് ഒരു ട്രക്കിങ് സംഘത്തോടൊപ്പമാണ് നമ്രത യാത്ര ആരംഭിച്ചത്. അനന്ത്‌നാഗ്-കിഷ്ത്വാറിലെ ഷിൽസാർ തടാകവും കീഴടക്കി യാത്ര അവസാനിപ്പിച്ചു.

‘‘ഒന്നും മുൻകൂട്ടി നിശ്ചയിച്ചിരുന്നില്ല. കഴിഞ്ഞ ശൈത്യകാലത്ത് ഭർത്താവ് അഭിഷേകിനൊപ്പം നടത്തിയ ശ്രീനഗർ സന്ദർശനത്തിൽനിന്നാണ് ഇത്തരമൊരാഗ്രഹം വന്നത്’’-നമ്രത പറഞ്ഞു.

നാട്ടുകാരനായ ഗൈഡ് സയിദ് താഹിറിന്റെ സംഘത്തിനൊപ്പമായിരുന്നു നമ്രതയുടെ തടാകയാത്രകൾ. “സന്ധിവാതമുണ്ടായിട്ടും ഈ യാത്രനടത്തിയ അവരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ആശ്ചര്യപ്പെട്ടു. ഒരു സീസണിൽ 50 തടാകങ്ങൾ പൂർത്തിയാക്കിയ ആദ്യ വനിതയായിരിക്കും അവരെ’ന്ന് താഹിർ പറഞ്ഞു.

‘ഈ വർഷത്തെ സീസണിൽ ഞാൻ 31 ദിവസങ്ങളിലായി 460 കിലോമീറ്റർ ചുറ്റിനടന്നു. അതും ഒരു മുഴുവൻസമയ ജോലിയുള്ളപ്പോൾ. ആദ്യം കശ്മീരിലേക്ക് യാത്ര ചെയ്യാൻ മടിയായിരുന്നു. എന്നാൽ ഇപ്പോൾ തിരിച്ചു പോകാൻ തോന്നുന്നില്ല’- നമ്രത പറയുന്നു.