വടകര: കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയില്‍നിന്ന് തലകറങ്ങി താഴേക്കുവീണയാളെ കാലില്‍ പിടിച്ച് ജീവിതത്തിലേക്ക് എടുത്തുയര്‍ത്തി യുവാവ്. സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. കീഴലിലെ തയ്യില്‍ മീത്തല്‍ ബാബുവാണ് ഞൊടിയിടയില്‍ ഒരു ജീവന്‍ രക്ഷിച്ചത്.

വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. കൂലിപ്പണിക്കാരനായ ബാബു ബാങ്കില്‍ ക്ഷേമനിധിതുക അടയ്ക്കാന്‍ എത്തിയതായിരുന്നു. ഒന്നാംനിലയില്‍, ബാങ്കിനുപുറത്തെ വഴിയിലെ' അരഭിത്തിയില്‍ ചാരിനില്‍ക്കവേ അരൂര്‍ സ്വദേശി ബിനു എന്നയാളും അടുത്തുണ്ടായിരുന്നു. സംസാരിച്ചുനില്‍ക്കവേ തലകറക്കം അനുഭവപ്പെട്ട ബിനു പിറകിലേക്ക് മറിഞ്ഞു. തല താഴെയും കാല്‍ മുകളിലുമായി താഴേക്കുപതിച്ചുവെന്ന് തോന്നിച്ച നിമിഷത്തില്‍ ബാബു ക്ഷണനേരംകൊണ്ട് കാലില്‍ പിടിക്കുകയായിരുന്നു. ആ പിടിവിടാതെ സൂക്ഷിക്കുകയുംചെയ്തു. സമീപത്തുള്ളവര്‍ ചേര്‍ന്ന് ബിനുവിനെ പിടിച്ചുകയറ്റി. ബിനു ഒന്നുംപറ്റാതെ രക്ഷപ്പെട്ടു.

ബാങ്കിലെ സി.സി.ടി.വി.യില്‍ പതിഞ്ഞ ഈ രക്ഷാദൗത്യം പിന്നീട് വൈറലായി. ഇതോടെ ബാബുവും താരമായി. എല്‍.ഡി.എഫ്. മേമുണ്ട മേഖലാ കണ്‍വെന്‍ഷനില്‍ ബാബുവിനെ ആദരിക്കുകയും ചെയ്തു.ബാബു ബിനുവിനെ രക്ഷിക്കുന്ന ദൃശ്യം കാണാന്‍ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്യുക.

content highlights: Man Who saved another from falling down