സഹതാപം നിറഞ്ഞ നോട്ടം, അനുകമ്പയോടെയുള്ള പരിചരണം, അവസരങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തല്‍.. സമൂഹത്തിലെ ഭിന്നശേഷിക്കാരില്‍ പലരും നേരിടുന്നത് ഈ മനോഭാവമാണ്. എന്നാല്‍ സഹതാപത്തിനപ്പുറം അവര്‍ക്ക് വേണ്ടത് പരിശീലനവും അവസരവുമാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന യെല്ലോ വിങ്‌സ് എന്ന സംഘടന. 18 വയസ്സിനു മുകളില്‍ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി വരുമാനമാര്‍ഗം സൃഷ്ടിക്കാനുള്ള അവസരമാണ് യെല്ലോ വിങ്‌സ് നല്‍കുന്നത്.
കോഴിക്കോട് ജില്ലയിലെ പൊറ്റമ്മലില്‍ 2019 മെയ് മാസത്തിലാണ് യെല്ലോ വിങ്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന 15 പേര്‍ക്ക് പരിശീലനം നല്‍കിക്കൊണ്ടായിരുന്നു സംഘം പ്രവര്‍ത്തനം ആരംഭിച്ചത്. ക്യാരി ബാഗുകള്‍ ഉണ്ടാക്കുന്ന പ്രൊഡക്ഷന്‍ യൂണിറ്റ് ആണ് ആദ്യം തുടങ്ങിയത്. മാനസിക വെല്ലുവിളി നേരിടുന്ന ട്രെയിനികള്‍ക്ക് നിരന്തരം പരിശീലനം നല്‍കി. മാസങ്ങളോളം നീണ്ട പരിശീലനത്തിലൂടെ ഓരോരുത്തരും ഓരോ മേഖലയില്‍ തങ്ങളുടെ പ്രാഗല്‍ഭ്യം തെളിയിക്കാന്‍ തുടങ്ങി. ക്യാരി ബാഗുകള്‍ക്കുള്ള അളവെടുക്കാനും വെട്ടാനും തുടങ്ങി അവസാനമിനുക്കു പണികള്‍ വരെ അവര്‍ സ്വയം ചെയ്യുന്ന രീതിയിലായിരുന്നു പരിശീലനം.
ഒരു വര്‍ഷത്തെ പരിശീലനം കൊണ്ട് സ്വന്തമായി ആരുടെയും സഹായമില്ലാതെ തുണി സഞ്ചികള്‍ നിര്‍മിക്കാന്‍ ഇവര്‍ പ്രാപ്തരായി. പരിശീലനത്തിന് മുന്‍പ് കത്രിക നേരെ പിടിക്കാന്‍ പോലും അറിയാതിരുന്നവര്‍ ഇന്ന് അളവെടുത്ത് മുറിച്ച് ബാഗുകള്‍ നിര്‍മിക്കുന്ന ഘട്ടത്തിലേക്കെത്തിക്കഴിഞ്ഞു. ഇവര്‍ ഉത്പാദിപ്പിക്കുന്ന ബാഗുകള്‍ വിപണിയിലേക്കും എത്തിച്ചു. ഓര്‍ഡര്‍ അനുസരിച്ച് തുണി സഞ്ചികള്‍, പലതരം കോട്ടണ്‍, ജൂട്ട്, പേപ്പര്‍ ബാഗുകള്‍ വരെ ഇപ്പോള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. ചിത്രം വരയ്ക്കാനും പാട്ടും പാടാനും നൃത്തം ചെയ്യാനും കഴിവുള്ളവര്‍ക്ക് അതിനുള്ള അവസരങ്ങളും യെല്ലോ വിങ്‌സ് ഒരുക്കിക്കൊടുക്കുന്നുണ്ട്.

ആവശ്യമായ പ്രോത്സാഹനം നല്‍കിക്കൊണ്ട് ഭിന്നശേഷിക്കാരുടെ കുറവുകളെ മാറ്റിനിര്‍ത്തി കഴിവുകളിലൂടെ അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളാണ് യെല്ലോ വിങ്‌സ് നടത്തുന്നത്. ഇവരുടെ രക്ഷിതാക്കളെ കൂടി ഉള്‍പ്പെടുത്തി ഉത്പാദനം വിപുലപ്പെടുത്താനും ഇവര്‍ക്ക് നിത്യവരുമാനം ഉറപ്പിക്കുകയുമാണ് യെല്ലോ വിങ്‌സിന്റെ അടുത്ത ലക്ഷ്യം. ബാഗ് നിര്‍മാണം അല്ലാതെ കൂടുതല്‍ പദ്ധതികളും സംഘം ആലോചിച്ചുവരുന്നു.
പ്രകാശ് മാത്യു, ഷെറി സന്തോഷ് , ലത മനോഹരന്‍ , ഷഹാനാസ് ബീന, ആഷിദ ഫിറോസ്, മരിയ ജോസഫ് എന്നിവ യെല്ലോ വിങ്‌സിന് നേതൃത്വം കൊടുക്കുന്നവര്‍.
Content Highlights: Yellow wings training unit for Disabled people