കോഴിക്കോട്: അനാഥത്വത്തിന്റെ കൊടുംവേനലിൽ കഴിഞ്ഞ കുഞ്ഞുങ്ങൾക്കായി അവർ അന്നൊരു സ്നേഹവൃക്ഷത്തണലൊരുക്കി. സ്വാതന്ത്ര്യ പോരാട്ടത്തീയിൽ കൈക്കുഞ്ഞുമായി ജയിലിലേക്കുപോയ എ.വി. കുട്ടിമാളു അമ്മയെ അനാഥരായ ആ കുഞ്ഞുങ്ങൾ അമ്മേയെന്നു വിളിച്ചു. കെ.എൻ. കുറുപ്പിനെ കുറുപ്പച്ഛനെന്നും. വെസ്റ്റ്ഹിൽ അനാഥമന്ദിരത്തിന്റെ സ്ഥാപകരായ ഇവരുടെ അനുസ്മരണച്ചടങ്ങിൽ ഞായറാഴ്ച ഇവരുടെ മഹിതപാരമ്പര്യത്തിന്റെ പിന്മുറക്കാരെത്തി.

“അമ്മമ്മ ഞങ്ങൾക്ക് മൂല്യങ്ങളാണ് പകർന്നു നൽകിയത്. ഞങ്ങളറിയാതെതന്നെ. മധ്യവേനൽ അവധിക്കാലത്ത് പന്നിയങ്കരയിലെ വീട്ടിലെത്തുമ്പോൾ ഒരുദിവസം അനാഥമന്ദിരത്തിലും ഒരുദിവസം മാതൃഭൂമിയിലും ചെലവഴിക്കാൻ പറയുമായിരുന്നു”- കുട്ടിമാളു അമ്മയുടെ മകളുടെ മകൻ എ.വി. ശങ്കരൻ മേനോൻ പറഞ്ഞു. “ അനാഥമന്ദിരം സ്ഥാപിച്ച കാര്യമൊന്നും അന്നറിയില്ല. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുതെന്നായിരുന്നു അമ്മമ്മയുടെ ബോധ്യം. മേലോട്ട് നോക്കി ജീവിച്ചാൽ സങ്കടം, താഴോട്ട് നോക്കിയാൽ എന്നും സന്തോഷം എന്നു പറയും. നമ്മളെക്കാൾ ദരിദ്രരെ കാണുമ്പോൾ നാം എത്ര ഭാഗ്യമുള്ളവരെന്ന് ചിന്തിക്കുമെന്ന് സാരം”. ചെന്നൈയിൽ ബിസിനസുകാരനാണ് ശങ്കരൻമേനോൻ. സ്വാതന്ത്ര്യസമരസേനാനി ആനക്കര വടക്കത്ത് കുട്ടിമാളു അമ്മയുടെ മകൾ പരേതയായ എ.വി. മീനാക്ഷിയുടെ മകൻ.

വാർധക്യത്തിലും കഷ്ടപ്പെട്ട് ബസിൽ അനാഥമന്ദിരത്തിലേക്ക് വരുന്ന കുട്ടിമാളു അമ്മയെ ശങ്കരൻ മേനോൻ പലവട്ടം കണ്ടിട്ടുണ്ട്. ‘‘മാതൃഭൂമിയിൽനിന്ന് കാർ അയയ്ക്കാമെന്ന് പറഞ്ഞാലും എളിമയോടെ വിലക്കും. ത്യാഗമായിരുന്നു അമ്മമ്മയുടെ സഹജശീലം. മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാതെ ഓരോരുത്തരും അവരവരുടെ കോൺക്രീറ്റ് കൂടുകളിൽ ഒതുങ്ങുന്ന നമ്മുടെ കാലത്ത് എപ്പോഴും മറ്റുള്ളവരെക്കുറിച്ചുമാത്രം ചിന്തിച്ച കുട്ടിമാളു അമ്മ അദ്ഭുതമാണ്. തീവണ്ടിയിൽ ഒറ്റക്കുസഞ്ചരിക്കാൻ പേടിയില്ല. വണ്ടിയിലുള്ളവർ എല്ലാവരും എന്റെ മക്കളല്ലേയെന്ന് പറയും’’- 1937ൽ സ്ഥാപിതമായ അനാഥമന്ദിരത്തിന്റെ ഓർമമുറ്റത്തുനിന്ന്‌ ശങ്കരമേനോൻ പറഞ്ഞു.

ഭാര്യ രാജരാജേശ്വരി, മകൾ ഉത്തര, സഹോദരി മാധവി, സഹോദരൻ മാധവൻ, സഹോദരന്റെ ഭാര്യ ജയലക്ഷ്മി എന്നിവരോടൊപ്പമാണ് മേനോൻ കോഴിക്കോട്ടെത്തിയത്. കെ.എൻ. കുറുപ്പിന്റെ പേരമകൾ പൂർണിമാ സുനിലും ഞായറാഴ്ച അനാഥമന്ദിരത്തിലെത്തിയിരുന്നു. മഹിതരായ പൂർവസൂരികളെ അനുസ്മരിക്കാൻ.