തിരുവനന്തപുരത്തെ​ പൊതുസ്ഥലങ്ങളിലെ ദുർഗന്ധം വമിക്കുന്ന മാലിന്യനിക്ഷേപം നീക്കംചെയ്ത് അവിടെ ഉദ്യാനമുണ്ടാക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ. ഇവർക്കു പിന്തുണയുമായി ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമുണ്ട്. പൂന്തോട്ടങ്ങൾ പരിപാലിക്കാൻ സമീപവാസികളെ ഏൽപ്പിക്കുന്നതോടെ ഭാവിയിലെ മാലിന്യനിക്ഷേപവും തടയും. ഇങ്ങനെ പൂന്തോട്ടമൊരുക്കിയ സ്ഥലങ്ങൾ ഒത്തുചേരലിനും വേദിയാകുകയാണ്. നഷ്ടമാകുന്ന പൊതുസ്ഥലങ്ങൾ വീണ്ടെടുക്കുകയാണിവർ. 

മേട്ടുക്കടയിൽ ഇനി പൂക്കാലം

തിരുവനന്തപുരം മേട്ടുക്കട മാടൻകോവിലിനു സമീപത്തെ മാലിന്യക്കൂമ്പാരത്തിന് പകരം പൂന്തോട്ടമൊരുങ്ങുന്നു. വർഷങ്ങളായിക്കിടക്കുന്ന മാലിന്യശേഖരം മാറ്റാനായി ഒരു കൂട്ടം യുവതീയുവാക്കളാണ് രംഗത്തുള്ളത്. ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലെ സന്നദ്ധസേവകരാണ് ഉദ്യാനം പദ്ധതിയുടെ ഭാഗമായി ഇവിടത്തെ മാലിന്യം നീക്കുന്നത്. സെൻട്രൽ പോളിടെക്‌നിക്കിലെ എൻ.എസ്.എസ്. പ്രവർത്തകരും ഇവരോടൊപ്പം ചേർന്നു.

ഇന്ത്യൻബാങ്ക് ശാഖയ്ക്ക് സമീപമുള്ള മൂന്നു സെന്റ് വസ്തു വർഷങ്ങളായി മാലിന്യനിക്ഷേപത്തിനുള്ള വേദിയാണ്. കോർപ്പറേഷൻ പലതവണ ശ്രമിച്ചിട്ടും ഇവിടത്ത മാലിന്യം നീക്കം ചെയ്യുന്നതിൽ വിജയിച്ചില്ല. ഒരുതവണ മാറ്റിയാലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും ഇവിടെ മാലിന്യമെത്തും. ഈ അവസ്ഥ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് യുവതീ യുവാക്കൾ.

ബുധനാഴ്ച രാവിലെ സബ് കളക്ടർ കെ.ഇമ്പശഖർ സന്നദ്ധസേവർക്കൊപ്പം മാലിന്യംമാറ്റാൻ ഒത്തുചേർന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് വൃത്തിയാക്കി പ്ലാസ്റ്റിക് നിർമാർജന യൂണിറ്റുകളിലേക്ക് കൈമാറും. ഇതിന് കോർപ്പറേഷൻ അധികൃതർ സഹായിക്കും. രണ്ട് ദിവസങ്ങൾക്കുള്ളിൽ മാലിന്യം പൂർണമായും മാറ്റാൻ കഴിയുമെന്ന് ഉദ്യാനം പ്രോജക്ട് മാനേജർ എം.ബി.വിഷ്ണു പറഞ്ഞു. ഇതിനുശേഷം ഈ സ്ഥലത്ത് ചെടികൾ നടും.

പ്രോജക്ട് ഹെഡ് സുബിൻ വർഗീസിന്റെ നേതൃത്വത്തിൽ ഡി. ഗോപിക, റോഷൻ മുഹമ്മദ്, ഇ.ആര്യപദ്‌മ, ജോൺസൺവർഗീസ്, യേശുദാസ് എന്നിവരാണ് സന്നദ്ധ സേവകർക്ക് മാർഗനിർദേശങ്ങൾ നൽകുന്നത്. ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് എൻ.എസ്.എസ്. സന്നദ്ധപ്രവർത്തകർ രംഗത്തുള്ളത്.

മാലിന്യക്കൂമ്പാരം ഓർമയായി; ഇന്നവിടെ നാരങ്ങാമിഠായി

ദുർഗന്ധം കാരണം മൂക്കുപൊത്താതെ കടന്നുപോകാൻ കഴിയാതിരുന്നിടം ഇന്ന് നറുമധുരത്തിന്റെ നാരങ്ങാമിഠായി വിളമ്പുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിക്കു സമീപത്തുനിന്ന്‌ മൂലവിളാകം ജങ്ഷനിലേക്കുള്ള വഴിയിലാണ് മാലിന്യം മാറ്റി പൊതുകൂട്ടായ്മയ്ക്ക് വേദിയൊരുങ്ങിയത്. ജില്ലാ കളക്ടറുടെ ഇന്റേഷൻഷിപ്പ് പദ്ധതിയിൽപ്പെട്ട യുവതീയുവാക്കളാണ് ഇവിടത്തെ മാലിന്യക്കൂമ്പാരം മാറ്റി പൂന്തോട്ടം വച്ചുപിടിപ്പിച്ചത്. ഇത് പരിപാലിക്കാൻ റസിഡൻറ്‌സ്‌ അസോസിയേഷന്റെ സഹകരണത്തോടെയാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.

tvm
നാരങ്ങമിഠായി കൂട്ടായ്മയില്‍ പങ്കെടുത്തവര്‍.

പൂന്തോട്ടം പരിപാലിക്കാൻ കുട്ടികളെയും കൂട്ടി. അന്യംനിന്നുപോയ പഴയതലമുറയുടെ കളികൾ അവരെ പരിചയപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ഒത്തുകൂടൽ നഗരസഭാ കൗൺസിലർ ആർ.സതീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കുളം കര, കൊന്നിക്കളി, കസേരകളി തുടങ്ങിയ നിരവധി പഴയ കളികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. കഥ, പാട്ട് തുടങ്ങിയ മത്സരങ്ങൾ കൂടാതെ ഓല കൊണ്ടുള്ള കളിപ്പാട്ടം നിർമിക്കുന്നതിന് കുട്ടികൾക്ക് പരിശീലനവും നൽകി. ഇതുപോലുള്ള പരിപാടികൾ ധാരാളം സംഘടിപ്പിക്കണമെന്ന് കുട്ടിക്കാലത്തെ തങ്ങളുടെ അനുഭവം വിവരിച്ചുകൊണ്ട് രക്ഷാകർത്താക്കൾ പറഞ്ഞു. രക്ഷാകർത്താക്കൾക്കുവേണ്ടിയും മത്സരങ്ങൾ സംഘടിപ്പിച്ചു. നാരായണ ഹോട്ടൽ കുട്ടികൾക്ക് ഭക്ഷണം നൽകി.

സന്നദ്ധ സേവകരായ സുബിൻ, ഗോപിക, ആര്യ എന്നിവരാണ് നേതൃത്വം നൽകിയത്. ചേഞ്ച് ക്യാൻ ചേഞ്ച് ക്ലൈമറ്റ് ചെയിഞ്ചിന്റെ ഉദ്യാനം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കൂട്ടായ്മ. ഉദ്യാനം പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ മാലിന്യകൂമ്പാരങ്ങൾ പൂന്തോട്ടങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. മാലിന്യം മാറ്റിയശേഷം അവിടെ ചെടികൾവച്ചു പിടിപ്പിക്കുകയും അത് പരിപാലിക്കാൻ പരിസരവാസികളെ ഏൽപ്പിക്കുകയും ചെയ്യും. തുടർന്നും മാലിന്യനിക്ഷേപം ഉണ്ടാകുന്നത് ഒഴിവാക്കാൻ സമീപത്തെ വീടുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. ഇങ്ങനെ മാറ്റിയെടുത്ത സ്ഥലങ്ങൾ ഒത്തുചേരലുകൾക്ക് വേദിയാക്കുന്നതോടെ നഷ്ടമാകുന്ന പൊതുയിടങ്ങൾ തിരിച്ചെടുക്കാനും കഴിയും. നഗരത്തിലെ നിരവധി സ്ഥലങ്ങളിൽ ഇങ്ങനെ പൂന്തോട്ടം സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് ഇവർ.