ബദിയഡുക്ക(കാസര്‍കോട്): അകക്കണ്ണാല്‍ അക്ഷരങ്ങള്‍ വായിച്ചും പഠിച്ചും ജീവിതാഭിലാഷത്തിന്റെ ആദ്യ പടവ് കീഴടക്കി ബദിയഡുക്കയിലെ കാവ്യ. കോളേജ് അധ്യാപക നിയമനത്തിനുള്ള അര്‍ഹതാ പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ആദ്യ ശ്രമത്തില്‍ തന്നെ കാവ്യ പാസായി. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളോടും കാഴ്ചവൈകല്യത്തോടും പൊരുതിയാണ് 21-കാരി ഈ നേട്ടത്തിലേക്കെത്തിയത്.
ബദിയഡുക്കയിലെ ഗോവിന്ദ ഭട്ടിന്റെയും വാണിയുടെയും രണ്ടാമത്തെ മകളായ കാവ്യയുടെ ഇടതുകണ്ണിന് ജന്മനാ കാഴ്ചവൈകല്യമുണ്ടായിരുന്നു. ഇത് ഡോക്ടറെ കാണിച്ചതോടെയാണ് കണ്ണുകളിലേക്കുള്ള നാഡിക്ക് പ്രശ്നമുണ്ടെന്നും ഇതിന് പ്രത്യേക ചികിത്സയൊന്നും ഇല്ലെന്നുമറിഞ്ഞത്. കാലം പോവുന്തോറും കാഴ്ചശേഷിയും കുറഞ്ഞു. വിധിയെന്ന് കരുതി ദുഃഖിച്ചിരിക്കാതെ ഏത് തടസ്സത്തെയും നേരിടാനുള്ള ആത്മവിശ്വാസവും കരുത്തും പകരുകയാണ് വീട്ടുകാര്‍ ചെയ്തത്.
കുടുംബത്തിന്റെയും കൂട്ടുകാരുടെയും അധ്യാപകരുടെയും പിന്തുണ കൂടിയായതോടെ കഠിനാധ്വാനം തുടര്‍ന്നു. പഠിക്കണം, പഠിച്ച് ഒരു കോളേജ് അധ്യാപികയാവണം. എന്നത് ജീവിതാഭിലാഷമായി മനസ്സിലുറച്ചു. ആ ദൃഢനിശ്ചയത്തിനു മുന്നില്‍ പ്രതിബന്ധങ്ങള്‍ ഒന്നൊന്നായി വഴിമാറി. ആദ്യമൊക്കെ മറ്റുള്ളവരുടെ സഹാതപത്തില്‍ വിഷമവും സങ്കടവും തോന്നിയെങ്കിലും അമ്മ വാണിയുടെയും ജ്യേഷ്ഠന്റെയും തണലില്‍ പഠനം തുടര്‍ന്നു.
തനിക്ക് കാഴ്ച കുറവുണ്ടെന്ന് അറിഞ്ഞ് ആരെങ്കിലും സഹതപിക്കുന്നുണ്ടെങ്കില്‍ അവരോട് ചിരിച്ചുകൊണ്ട് കാവ്യക്ക് പറയാനുള്ളത് ഇതാണ്: ''ജീവിതത്തെ വാശിയോടെ നേരിടാനുള്ള കരുത്ത് തനിക്ക് നല്‍കിയത് ഈ വൈകല്യമാണ്. ഒരുപക്ഷേ, മറ്റുള്ളവരെ പോലെ കാഴ്ച ഉണ്ടായിരുന്നെങ്കില്‍ ലക്ഷ്യത്തിലേക്ക് എത്താന്‍ ഇത്രയും വാശി എനിക്കുണ്ടാവില്ലായിരുന്നു. നെറ്റ് അടക്കമുള്ള പരീക്ഷകള്‍ ആദ്യ ശ്രമത്തില്‍ തന്നെ നേടാനുമാവില്ലായിരുന്നു.'' ഈ വാക്കുകളിലുണ്ട് അകക്കണ്ണുകൊണ്ട് പുറംകാഴ്ചകള്‍ മനസ്സിലാക്കുന്ന കാവ്യയുടെ നിശ്ചയദാര്‍ഢ്യവും കരുത്തും. എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിട്ടും തൃപ്തരല്ലാത്ത ഓരോരുത്തര്‍ക്കുമുള്ള സന്ദേശം കൂടിയാണീ വാക്കുകള്‍.
മിടുക്കിയായ വിദ്യാര്‍ഥിനി
നിലവില്‍ പോണ്ടിച്ചേരി സര്‍വകലാശാലയിലെ എം.എ. ഹിന്ദി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായ കാവ്യ സ്‌കൂള്‍തലം തൊട്ട് പഠനത്തില്‍ മിടുക്കിയാണ്. കാഴ്ചശക്തി ക്രമേണ കുറയുന്ന രോഗമൊന്നും മിടുക്കിനെ തടുത്തില്ല. ബദിയഡുക്ക നവജീവന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്ത്, കാട്ടുകുക്കെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പ്ലസ് ടു, കാസര്‍കോട് ഗവ. കോളേജില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദപഠനം എന്നിവ പൂര്‍ത്തിയാക്കിയശേഷമാണ് പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ചേര്‍ന്നത്.
ഇഷ്ടവിഷയമായ ഹിന്ദി അധ്യാപികയാവണം എന്ന ആഗ്രഹമായിരുന്നു ഇതിനു പിന്നില്‍. പോണ്ടിച്ചേരിയില്‍ കൂട്ടായി സഹോദരന്‍ ശിവകുമാര്‍ അതേ സര്‍വകലാശാലയില്‍ എം.ബി.എ.യ്ക്ക് ചേര്‍ന്നു. പാരമ്പര്യവൈദ്യനായ പിതാവ് ഗോവിന്ദ ഭട്ടാണ് കുടുംബത്തിന്റെ ഏക വരുമാനം. എങ്കിലും മകള്‍ ആഗ്രഹിക്കുന്ന എത്രവരെയും എന്ത് ത്യാഗം സഹിച്ചും പഠിപ്പിക്കുമെന്നാണ് ഈ പിതാവിന്റെ വാക്ക്. ഇന്ത്യയിലെ മികച്ച ഒരു സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി. നേടി നല്ലൊരു ജോലി സമ്പാദിക്കണം. അതിനുശേഷം ഇപ്പോഴുള്ള വാടകവീടിനു പകരം സ്വന്തമായി ഒരു കൊച്ചുവീടുണ്ടാക്കണം കാവ്യ പറയുന്നു.
content highlghts; visually challenged kasargod native kavya clears net in her first attempt