vishnuപ്രളയദുരിതകാലത്ത് തണുപ്പകറ്റാന്‍ പുതപ്പ് സമ്മാനിച്ച ബഡാഭായി ഇന്ന് ജീവിതച്ചൂടകറ്റാന്‍ വീണ്ടും പുതപ്പുമായി എത്തി. പ്രളയനാളുകളില്‍ കേരളം ഉഴലുന്ന സമയത്ത് വില്‍പനയ്ക്കായി കൊണ്ടുവന്ന പുതപ്പുകള്‍ സൗജന്യമായി നല്‍കിയ മധ്യപ്രദേശുകാരന്‍ വിഷ്ണു(35)വാണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വീണ്ടും എത്തിയിരിക്കുന്നത്. 

കണ്ണൂര്‍, വയനാട് ജില്ലകളിലെ ദുരിതബാധിതര്‍ക്കായി 500 പുതപ്പാണ് അന്ന് വിഷ്ണു സൗജന്യമായി നല്‍കിയത്. അന്യനാട്ടുകാരെന്നോ അപരിചിതരെന്നോ കരുതാതെ വിഷ്ണുചെയ്ത സത്കര്‍മം ബി.ബി. സി. ഉള്‍പ്പെടെയുള്ള ലോകമാധ്യമങ്ങളും അന്ന് പ്രധാന വാര്‍ത്തയാക്കി. വിഷ്ണുവിനെ മാതൃകയാക്കാന്‍ അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാട്ടുകാരോട് അഭ്യര്‍ഥിച്ചു.

പ്രളയത്തില്‍ മലയോരത്ത് തുറന്ന ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്നവര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കുന്നതിനിടയിലാണ് വിഷ്ണു പുതപ്പ് വില്‍ക്കാനായി ഇരിട്ടി താലൂക്ക് ഓഫീസില്‍ എത്തിയത്. ജീവനക്കാരില്‍നിന്ന് സഹായത്തിന്റെ കാര്യം മനസ്സിലാക്കിയ വിഷ്ണു വില്‍പ്പനയ്ക്കായി കരുതിയ 50 പുതപ്പുകള്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി തഹസില്‍ദാര്‍ കെ.കെ. ദിവാകരനെ ഏല്‍പ്പിച്ചു. 

വിഷ്ണുവിന്റെ മഹാമനസ്‌കതയില്‍ ജീവനക്കാര്‍ അന്തംവിട്ടുപോയി. വിഷ്ണുവിന്റെ സഹജീവി സ്‌നേഹം 'മാതൃഭൂമി' ലോകത്തെ അറിയിച്ചതോടെ അഭിനന്ദനപ്രവാഹമായിരുന്നു. അതിനുശേഷം ആറളം ഫാം ആദിവാസിമേഖലയിലും വയനാട്ടിലുമായി ക്യാമ്പില്‍ കഴിഞ്ഞവര്‍ക്കായി 500 പുതപ്പാണ് വിഷ്ണു നല്‍കിയത്. നവമാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞതോടെ നാട്ടിലും വിഷ്ണുവിന് അനുമോദനം ലഭിച്ചു. രണ്ടുലക്ഷത്തോളം രൂപയാണ് അന്ന് വിഷ്ണുവിന് ചെലവായത്.

എന്നാല്‍, ഇക്കുറി പാനിപ്പത്തിലെ കമ്പനി വിഷ്ണുവിന് പുതപ്പുകള്‍ നല്‍കിയില്ല. രണ്ടുലക്ഷം രൂപ കുടിശ്ശിക വരുത്തിയതാണ് കമ്പനിയുടമകളെ ചൊടിപ്പിച്ചത്. ഇപ്പോള്‍ ചെറുകിട ഏജന്റുമാരില്‍നിന്ന് പുതപ്പ് വാങ്ങിയാണ് വില്‍പ്പനയ്ക്ക് എത്തിയത്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ ഇത് കൊണ്ടാവില്ല.

content highlights: vishnu migrant worker who donated blanket to flood victims