വാഗമണ്‍: വാഗമണ്ണില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കരുതലായി പോലീസുണ്ട്. നാടിനുവേണ്ടി വീട്ടിലിരിക്കുന്നവര്‍ക്കായി ലോക ക്ലാസിക് കൃതികള്‍ സമ്മാനമായി നല്‍കിയാണ് വാഗമണ്‍ പോലീസ് കരുതലിന്റെ മുഖമാകുന്നത്.

കവിയും എഴുത്തുകാരനുമായ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.ജയസനിലാണ് ഈ പദ്ധതിക്ക് പിന്നില്‍. തന്റെ പുസ്തകശേഖരത്തില്‍നിന്ന് ക്ലാസിക്ക് കൃതികളുടെ അറുപത് പുസ്തകങ്ങള്‍ ഇതിനായി നല്‍കി. സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ജയശ്രീ, ജനമൈത്രി സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍, കോവിഡ് കണ്‍ട്രോള്‍ ടീമംഗം ലെനിന്‍ തുടങ്ങിയവരുടെ സഹകരണത്തോടെ പ്രദേശത്തെ വീടുകളില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് പുസ്തകങ്ങള്‍ കൈമാറി. ഒപ്പം ഇവരുടെ രോഗവിവരങ്ങള്‍ അന്വേഷിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു.
വിരസത ഒഴിവാക്കാനും വീട്ടിലിരിക്കുന്ന നിരീക്ഷണ സമയം ക്രിയാത്മകമായി ഉപയോഗിക്കാനുമാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് ജയസനില്‍ പറഞ്ഞു. ലോക ക്ലാസിക്കുകളുടെ മലയാളം പരിഭാഷകളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍, മാക്‌സിം ഗോര്‍ക്കിയുടെ അമ്മ, ലൂയി കരോളിന്റെ ആലീസ്-ഇന്‍ വണ്ടര്‍ലാന്‍ഡ്, ദസ്തയേവ്സ്‌കിയുടെ കുറ്റവും ശിക്ഷയും, വില്യം ഷേക്‌സ്പിയറിന്റെ ഒഥല്ലോ, മാക്ബത്ത്, ജോനാതന്‍ സ്വിഫ്റ്റിന്റെ ഗള്ളിവറുടെ യാത്രകള്‍, ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസ്, സ്‌കാര്‍ലറ്റ്, ഡാനിയേല്‍ ഡിഫോയുടെ റോബിന്‍സണ്‍ ക്രൂസോ, റുഡ്യാര്‍ഡ് കിപ്‌ളിങ്ങിന്റെ ജംഗിള്‍ബുക്ക് തുടങ്ങിയ കൃതികളാണ് വിതരണം ചെയ്തത്.
പുസ്തകങ്ങള്‍ വായിച്ചുതീരുന്ന മുറയ്ക്ക് ആസ്വാദനക്കുറിപ്പെഴുതി സ്റ്റേഷന്‍ ഓഫീസര്‍ക്ക് നല്‍കാനും പുസ്തകം വാങ്ങിയവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസുകാര്‍ പുസ്തകങ്ങളുമായി വീടുകളിലെത്തിയത് നാട്ടുകാര്‍ക്കും കൗതുകമായി.
content highlights: Vagamon police distributes books to people under covid 19 observation