ബാല്യകാലത്തെക്കുറിച്ച് ചോദിച്ചാല്‍ സ്‌കൂളില്‍ പോയതിന്റെ ഓര്‍മകള്‍ അയവിറക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. അധ്യാപകരില്ലാത്ത പിരീഡുകളില്‍ ഗ്രൗണ്ടില്‍ ഓടിക്കളിച്ചതും ഉച്ചഭക്ഷണം പങ്കിട്ടു കഴിച്ചതും മാവിലും നെല്ലി മരത്തിലും വലിഞ്ഞു കയറിയതുമെല്ലാം സുഖസുന്ദരമായ ദൃശ്യങ്ങളായി നമ്മുടെ മുന്നില്‍ മിന്നിമറയും. എന്നാല്‍ വയനാട്ടിലെ കേണിച്ചിറ എല്ലക്കൊല്ലി കോളനിയിലെ മിഥു മോളോട് ഇതേ ചോദ്യം ചോദിച്ചാല്‍ കണ്ണില്‍ സങ്കടം നിറയും. ക്ലാസ് മുറിയിലും ഗ്രൗണ്ടിലും മരച്ചുവട്ടിലുമെല്ലാം ഒറ്റപ്പെട്ടു പോയതിന്റെ കയ്പുനിറഞ്ഞ ഓര്‍മകള്‍ തികട്ടി വരും.

ഈ ചുട്ടുപൊള്ളുന്ന അനുഭവങ്ങള്‍ തന്നെയാണ് 24-കാരിയ വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ പഠിപ്പിച്ചത്. അതു യാഥാര്‍ഥ്യമായപ്പോള്‍ ഊരാളിക്കുറുമ വിഭാഗത്തില്‍ നിന്ന് കോളേജ് അധ്യാപികയാകുന്ന ആദ്യ വ്യക്തി എന്ന ചരിത്രനേട്ടം മിഥു മോള്‍ എന്ന പേരിനൊപ്പം ചേര്‍ന്നു. പഠിച്ചിറങ്ങിയ അതേ കോളേജില്‍ തന്നെ അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം. കാലിക്കറ്റ് സര്‍വകലാശാലയുടെ ഗോത്രവര്‍ഗ പഠന കേന്ദ്രമായ വയനാട് ചെതലയത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചിലെ (ഐടിഎസ്ആര്‍) വിദ്യാര്‍ഥികളേയാണ് മിഥു മോള്‍ ഇനി പഠിപ്പിക്കുക.
 
'ഞങ്ങള്‍ നാലു മക്കളാണ്. നാലു പേരും പഠിക്കാന്‍ ഒരുപാട് ആഗ്രഹമുള്ളവരായിരുന്നു. അച്ഛന്‍ ബൊമ്മനും അമ്മ വസന്തിയ്ക്കും കൂലിപ്പണിയാണ്. എന്നിട്ടും അവര് കഷ്ടപ്പെട്ട് ഞങ്ങളെ പഠിപ്പിച്ചു. ഗോത്രവിഭാഗത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ഥി എന്ന നിലയില്‍ ഒരുപാട് അവഗണനകള്‍ നേരിട്ടിട്ടുണ്ട്. സ്‌കൂളിലെ മറ്റു കുട്ടികളൊന്നും നമ്മുടെ അടുത്തേക്ക് വരില്ല. ഭക്ഷണം എല്ലാവരും പങ്കിട്ട് കഴിക്കുമ്പോള്‍ നമ്മളെ മാത്രം അകറ്റി നിര്‍ത്തും. ഇതു എന്റെ അനുഭവം മാത്രമല്ല. ഗോത്രവിഭാഗത്തിലെ ഓരോരുത്തരുടേതുമാണ്. ആഗ്രഹിച്ചാല്‍ നടക്കാത്തത് ആയി ഒന്നുമില്ല എന്ന് ഐടിഎസ്ആറില്‍ എത്തിയപ്പോഴാണ് മനസ്സിലായത്. ഇംഗ്ലീഷ് കൂട്ടിവായിക്കാന്‍ പോലും അറിയാത്ത അവസ്ഥയിലാണ് ഇവിടെ വന്നത്. അഞ്ചു വര്‍ഷത്തെ പഠനം എല്ലാം മാറ്റിമറിച്ചു.' മിഥു മോള്‍ പറയുന്നു.

കാലിക്കറ്റ് സര്‍വകലാശാലയുടെ എംഎ സോഷ്യോളജി പരീക്ഷയില്‍ മൂന്നാം റാങ്കു നേടിയതിന്റെ സന്തോഷം മായും മുമ്പാണ് മിഥു മോളെ തേടി അസിസ്റ്റന്റ്  പ്രൊഫസര്‍ ജോലിയും എത്തിയത്.  വാകേരിയിലും പുല്‍പ്പള്ളി വിജയയിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ബിരുദവും ബിരുദാനന്ത ബിരുദവും ഐടിഎസ്ആറിലായിരുന്നു. അവിടുത്തെ ബാച്ചിലെ ആദ്യ വിദ്യാര്‍ഥിനി കൂടിയാണ്. ബിഎഡിന് ചേരണം, സോഷ്യോളോജിയില്‍ ഡോക്ടറേറ്റ് നേടണം, സിവില്‍ സര്‍വീസ് പരീക്ഷ കടമ്പ കടന്ന് ഐഎഎസ് ഓഫീസര്‍ ആകണം...മിഥു മോളുടെ സ്വപ്‌നങ്ങളുടെ പട്ടിക ഇങ്ങനെ നീണ്ടുപോകുന്നു.

Content Highlights: tribal women Midhu Mol appointed as assistant professor ITSR