Neha c menon
നേഹ സി മേനോൻ

തിരൂർ : മാന്യമായി ജോലിയെടുത്ത് ജീവിക്കാനാകാത്തതിന്റെ പേരിൽ ഇനി ഒരു ട്രാൻസ്‌ജെൻഡറിനും ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിവരില്ല. ലിംഗത്തിന്റെ പേരിലുള്ള വേർതിരിവില്ലാതെ ജീവിച്ചു മുന്നേറാനുള്ള സാധ്യതകൾ ഇവർക്കുമുന്നിൽ തുറക്കുകയാണ്. ട്രാൻസ്‌ജെൻഡേഴ്സിനെ പോലീസിലെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന സർക്കാരിന്റെ തീരുമാനം അങ്ങനെ വേണം വിലയിരുത്താൻ. ഇത് ഒട്ടനവധി ജീവിതങ്ങൾക്കാണ് പുത്തൻ പ്രതീക്ഷകൾ നൽകുന്നത്.

ഈ വിവരംകേട്ട് ഏറെ സന്തോഷിക്കുന്ന ഒരാളുണ്ട് തിരൂരിൽ. ജില്ലയിൽ ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ അവകാശങ്ങൾക്കായി പോരാടാൻ ജീവിതം മാറ്റിവെച്ച ട്രാൻസ്ജെൻഡർ വനിത നേഹ സി. മേനോൻ ആണത്. പോലീസിൽ എസ്.ഐ. ആകുകയാണ് നേഹയുടെ ജീവിതാഭിലാഷം. ബിരുദധാരിയായ അവർക്ക് 183 സെന്റീമീറ്റർ നീളവുമുണ്ട്.

സർക്കാർ ജോലിയും സ്ഥിരം വരുമാനവുമുണ്ടെങ്കിൽ പൊതുജനത്തിന്റെ പുച്ഛത്തിൽനിന്ന് രക്ഷപ്പെടാമെന്ന പ്രതീക്ഷയിലാണവൾ. ട്രാൻസ് വനിത എന്നനിലയിൽ ജോലിചെയ്തു ജീവിക്കാൻ കഴിയില്ലെന്ന മനോവിഷമത്തിൽ ദയാവധത്തിനായി ഹൈക്കോടതിയെ സമീപിച്ച അനീറ കബീറിന്റെ ദുരവസ്ഥ ഇനി മറ്റൊരാൾക്കും ഉണ്ടാകരുത്. അതിനായി സർക്കാർ കണ്ണുതുറക്കണം -നേഹ പറഞ്ഞു.

ലൈഫ് പദ്ധതിയിൽ വീടുവെക്കാൻ സൗകര്യം, സർക്കാർ ജോലിയിൽ പ്രായപരിധിയില്ലാതെ പി.എസ്.സി. വഴി രണ്ടുശതമാനം ജോലിസംവരണം, പ്രത്യേക ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നേഹ സംസ്ഥാന ട്രാൻസ്‌ജെൻഡർ സെല്ലിന് അപേക്ഷയും നൽകിയിട്ടുണ്ട്. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ഉന്നമനത്തിനായി രൂപവത്കരിച്ച അദ്വൈത കൾച്ചറൽ സൊസൈറ്റിയുടെ പ്രസിഡൻറുകൂടിയാണ് നേഹ. ട്രാൻസ്ജെൻഡറുകൾക്ക് ഫാഷൻ ഡിസൈനിങ്ങിൽ പരിശീലനം നൽകാൻ തിരൂരിൽ അദ്വൈത അപ്പാരൽ ആൻഡ് ഡിസൈനിങ് സെന്റർ എന്ന സ്ഥാപനം ഇവർ നടത്തുന്നുണ്ട്. 12 പേർ ഇവിടെ പരിശീലനത്തിനും ഫാഷൻ ഡിസൈനിങ്ങിനുമെത്തുന്നുണ്ട്. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയും വിപണന സൗകര്യക്കുറവും പ്രതിസന്ധിയുണ്ടാക്കുകയാണ്.

തൊഴിലില്ലായ്‌മ, മുഴുപ്പട്ടിണി, കിടപ്പാടമില്ലായ്‌മ ഇവയെല്ലാം ചില ട്രാൻസ്‌ജെൻഡറുകളെ ലൈംഗികത്തൊഴിലിലേക്ക് വലിച്ചിഴക്കുന്നുണ്ട്. സർക്കാർ തൊഴിൽ നൽകുന്നതിലൂടെ ഇവരുടെ ജീവിതസാഹചര്യങ്ങൾ മാറും -അവർ പറഞ്ഞു.ഛത്തീസ്ഗഢ്‌ പോലീസ് ആദ്യഘട്ടത്തിൽ 13 ട്രാൻസ്െജൻഡറുകളെ പോലീസ് കോൺസ്റ്റബിളാക്കി. തമിഴ്നാട്ടിൽ കെ. പൃഥികാ യാഷ്നി ആദ്യത്തെ ട്രാൻസ്ജെൻഡർ വനിതാ സബ് ഇൻസ്‌പെക്ടറായി. കർണാടകയിൽ എട്ട് ട്രാൻസ്‌ജെൻഡർ പോലീസുദ്യോഗസ്ഥരെ റിക്രൂട്ട്ചെയ്തു. മഹാരാഷ്ട്രയിലും ട്രാൻസ്ജെൻഡർ പോലീസുണ്ട്.സർക്കാരിന്റെ നിലപാടിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് നേഹയടക്കമുള്ള ട്രാൻസ്ജെൻഡർ സമൂഹം.

content highlights: trans women neha c menon