തൃശ്ശൂര്‍: കോവിഡ് കാലത്ത് ജീവിതം സംഗീതസാന്ദ്രമാക്കുകയാണ് കോളങ്ങാട്ടുകര റോയല്‍ സ്ട്രീറ്റില്‍ മലയംകുളങ്ങര കളരിക്കല്‍ ശ്രീവത്സത്തിലെ ദമ്പതികള്‍.

ലോക്ഡൗണിന് മുമ്പ് അമ്പലങ്ങളിലും സംഘടനാ പരിപാടികളിലും കല്ല്യാണങ്ങള്‍ക്കും ഗാനങ്ങളാലപിച്ചിരുന്ന സുരേഷ് ബാബുവും ഭാര്യ പ്രബിതയും ഇപ്പോള്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലേയ്ക്ക് മാറിയിരിക്കുകയാണ്.

എല്ലാ ഞായറാഴ്ചകളിലും രാത്രി ഏഴുമുതല്‍ 8.30 വരെ കളരികുറുപ്പ് കളരിപണിക്കര്‍ സംഘത്തിന്റെ ഫേസ്ബുക്ക് പേജായ ശ്രുതിലയയില്‍ ഈ ദമ്പതികളുടെ പാട്ട് കേള്‍ക്കാം.

വെള്ളാനിക്കര ജനനീതിയിലെ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് അക്കൗണ്ട്സ് ഓഫീസറാണ് സുരേഷ് ബാബു. നടി സീനത്തിനൊപ്പം നാടകങ്ങളില്‍ പാടിയിരുന്ന മഞ്ചേരി വിജയലക്ഷ്മിയുടെ മകളാണ് പ്രബിത. പാരമ്പര്യമായി ലഭിച്ച സംഗീതം പരിപോഷിപ്പിക്കാന്‍ ഇപ്പോള്‍ സംഗീതമഭ്യസിക്കുന്നുമുണ്ട്. അതും വിവാഹം കഴിഞ്ഞ് 15 വര്‍ഷങ്ങള്‍ക്ക് ശേഷം.

സുരേഷ് ബാബുവിന്റെ കാര്യത്തിലാണെങ്കില്‍ പ്രോത്സാഹനമില്ലാത്തതിനാല്‍ മാറ്റിവെച്ച ഇഷ്ടമായിരുന്നു സംഗീതം. പ്രബിതയെ വിവാഹം കഴിച്ചതിന് ശേഷമാണ് സംഗീതവുമായി കൂടുതല്‍ അടുത്തതെന്ന് സുരേഷ് ബാബു. ഭാര്യയുടെ കുടുംബപശ്ചാത്തലം അതിന് നിമിത്തമായി. സ്‌കൂള്‍ കാലം മുതല്‍ ചിത്രരചനയിലായിരുന്നു സുരേഷ് ബാബു കഴിവ് തെളിയിച്ചിരുന്നത്. ഇപ്പോഴും ഛായാചിത്രങ്ങള്‍ വരക്കാറുണ്ട്.  

സംഗീതത്തിനും ചിത്രരചനയ്ക്കും പുറമെ കരകൗശലവസ്തുക്കളും സ്വന്തമായി ഫര്‍ണീച്ചര്‍ നിര്‍മിക്കാനും മിടുക്ക് തെളിയിച്ചിട്ടുണ്ട് ഈ ഗൃഹനാഥന്‍. പഴയ ടി.വി സ്റ്റാന്‍ഡിനെ മോടി പിടിപ്പിച്ച് പുതിയ രീതിയിലാക്കി. ഇലക്ട്രീഷ്യനെ കിട്ടാന്‍ ബുദ്ധിമുട്ടായപ്പോള്‍ ഇലക്ട്രിക്കല്‍ ജോലികളെല്ലാം തനിയെ ചെയ്തുതുടങ്ങി. സ്വന്തമായി ടൂള്‍സ് കിറ്റ് കൈവശമുണ്ട്.

വീട്ടില്‍ കര്‍ട്ടനിടാന്‍ ആളെ തേടിയപ്പോള്‍ കൂലി കേട്ട് ആ ജോലി സ്വയമേറ്റെടുത്തു. ആവശ്യപ്പെട്ട തുകയുടെ മൂന്നിലൊന്നിന് കര്‍ട്ടനിട്ടു. വീട് പെയിന്റടിക്കുന്നതും തനിയെ. വെള്ളാനിക്കര സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ പ്രദര്‍ശനത്തിനായി കമ്പിയും തുണിക്കഷ്ണങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയ കൊതുകിന്റെ മാതൃക ഇപ്പോഴും ടെറസില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഇതുപോലെ ദിനോസറിന്റെ മാതൃക നിര്‍മിച്ചിരുന്നെങ്കിലും നഷ്ടമായി. മക്കളായ യദുകൃഷ്ണനും ദേവാനന്ദിനും ചിത്രരചനയോടാണ് താത്പര്യം. കുറ്റൂര്‍ ചന്ദ്ര മെമ്മോറിയല്‍ ജി.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് യദൃകൃഷ്ണന്‍. അതേ സ്‌കൂളില്‍ ആറാം ക്ലാസിലാണ് ദേവാനന്ദ്.

content highlights: this couple making the most of covid pandemic musically