വര്‍ഷം-2011. ആരും ശ്രദ്ധിക്കാനില്ലാതെ, മൃതപ്രായമായി കിടന്ന ഒരു പാവം സര്‍ക്കാര്‍ സ്‌കൂള്‍. പ്രീ പ്രൈമറി മുതല്‍ നാലുവരെയുള്ള ക്ലാസുകളില്‍ ആകെ ഉണ്ടായിരുന്നത് 30 കുട്ടികള്‍. പറഞ്ഞുവന്നത് കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം എല്‍.വി.എല്‍.പി.എസിനെ കുറിച്ചാണ്. ഇന്ന് പത്തുവര്‍ഷത്തിനിപ്പുറം അടിമുടി മാറ്റങ്ങളുമായി ഹൈടെക്കായി മാറിയിരിക്കുകയാണ് ഈ വിദ്യാലയം. മുന്നൂറില്‍ അധികം വിദ്യാര്‍ഥികളാണ് ഇപ്പോള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെയും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ 'എ പ്ലസ്' നേടാന്‍ ഈ സ്‌കൂളിനെ പ്രാപ്തമാക്കിയതിനു പിന്നില്‍ ഒരു അധ്യാപികയുടെ ദൃഢനിശ്ചയമുണ്ട്. സ്‌കൂളിന്റെ പ്രധാനാധ്യാപികയായ ടി. തങ്കലതയാണ് അന്നത്തെ പരിതാപകരമായ അവസ്ഥയില്‍നിന്ന് ഈ സ്‌കൂളിനെ പുനരുജ്ജീവിപ്പിച്ചത്. ഈ പരിശ്രമങ്ങളുടെ അംഗീകാരമായാണ് ഇക്കൊല്ലത്തെ ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് തങ്കലത അര്‍ഹയായതും.

2011 ജൂണ്‍ ആറിനാണ് തങ്കലത ടീച്ചര്‍ തെക്കുംഭാഗം എല്‍.വി.എല്‍.പി.എസില്‍ പ്രധാന അധ്യാപികയായി ചുമതല ഏല്‍ക്കുന്നത്. പ്രീ പ്രൈമറിയില്‍ മൂന്നു കുട്ടികളും പ്രൈമറി ക്ലാസുകളില്‍ 27 കുട്ടികളും അടക്കം ആകെ മുപ്പത് കുട്ടികളാണ് അപ്പോള്‍ ഉണ്ടായിരുന്നത്. ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന ഒരു പഴഞ്ചന്‍ സ്‌കൂളായിരുന്നു അത്. അടിസ്ഥാന സൗകര്യങ്ങളും മോശം. മൃതപ്രായമായി കിടക്കുന്ന ഒരു പൊതുവിദ്യാലയത്തെ എങ്കിലും രക്ഷിക്കണമെന്ന ആഗ്രഹം തോന്നിയതോടെ അതിനുള്ള ശ്രമങ്ങളുമായി തങ്കലത മുന്നിട്ടിറങ്ങുകയായിരുന്നു.
പാഠം-1: അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍
ഇടിഞ്ഞുപൊളിഞ്ഞ് കിടക്കുന്ന ഒരു സ്‌കൂളിലേക്ക് മക്കളെ വിടാന്‍ മാതാപിതാക്കള്‍ തയ്യാറാകില്ലെന്ന് മനസ്സിലായതിനു പിന്നാലെ സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ തങ്കലത ടീച്ചര്‍ തീരുമാനിച്ചു.
ആ സമയത്ത് സ്‌കൂള്‍ കോമ്പൗണ്ടില്‍ പണി പൂര്‍ത്തിയാകാത്ത ഒരു കെട്ടിടമുണ്ടായിരുന്നു. അത് നന്നാക്കാനായിരുന്നു ആദ്യശ്രമം. ഇതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റിനോട് സംസാരിക്കുകയും തുടര്‍ന്ന് സമീപത്തുള്ള ഒരു പ്രവാസിയോട് ഇക്കാര്യങ്ങള്‍ പറയുകയും ചെയ്തു. അദ്ദേഹം 25,000രൂപ തരാന്‍ തയ്യാറായി. അതുപയോഗിച്ച് തകര്‍ന്നുകിടന്ന ആ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതോടെ ടീച്ചറുടെ ആത്മവിശ്വാസവും വര്‍ധിച്ചു.
സ്‌കൂളിലെ ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സഹായം ലഭിച്ചത് തെക്കുംഭാഗത്ത് പ്രവര്‍ത്തിക്കുന്ന ക്ലബ് മഹീന്ദ്ര ഹോളിഡേയ്സ് ആന്‍ഡ് റിസോര്‍ട്ടില്‍നിന്നായിരുന്നു. പിന്നീട് ഇതേ സ്ഥാപനത്തിന്റെ തന്നെ സഹായത്തോടെ എട്ടുലക്ഷം രൂപ മുടക്കി സ്‌കൂളില്‍ ഓഡിറ്റോറിയം നിര്‍മിച്ചു.
തുടര്‍ന്ന് എം.പി, എം.എല്‍.എ. ഫണ്ടുകള്‍ ഉപയോഗിച്ച് രണ്ടു കെട്ടിടം കൂടി നിര്‍മിച്ചു. സ്‌കൂളിന്റെ ഇന്റീരിയര്‍ മെച്ചപ്പെടുത്താനായിരുന്നു പിന്നീടുള്ള ശ്രമം. സഹകരണ ബാങ്ക്, എസ്.ബി.ഐ., പൂര്‍വ വിദ്യാര്‍ഥികള്‍ അധ്യാപകര്‍ എന്നിവരുടെ കൂടി സഹായത്തോടെ ക്ലാസ് മുറികളില്‍ പ്രൊജക്ടറുകളും മറ്റും സ്ഥാപിച്ചു. ക്ലാസ് മുറികളില്‍ എ.സി.വന്നു. അങ്ങനെ സ്‌കൂള്‍ ആകെ ഹൈടെക്ക് ആയി.
പാഠം-2: മികച്ച വിദ്യാഭ്യാസം ലഭ്യമാക്കല്‍
കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നു എന്ന് രക്ഷാകര്‍ത്താക്കളെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു അടുത്ത പടി. പ്രത്യേക ശ്രദ്ധയും പരിചരണവും വേണ്ട കുട്ടികള്‍ക്ക് ആ പരിഗണന നല്‍കി. കുട്ടികള്‍ സ്‌കൂളില്‍ സുരക്ഷിതരായിരിക്കും എന്ന വിശ്വാസം മാതാപിതാക്കളില്‍ വളര്‍ത്താനും സാധിച്ചു.
തങ്കലത ടീച്ചറുടെ ശ്രമങ്ങള്‍ ഫലംകണ്ടുതുടങ്ങി എന്നതിന്റെ തെളിവ് തൊട്ടടുത്ത വര്‍ഷങ്ങളിലെ വിദ്യാര്‍ഥി പ്രവേശനത്തിലും കാണാനായി. 2012ല്‍ ഒന്നാം ക്ലാസില്‍ പുതുതായി വന്നത് മൂന്ന് കുട്ടികളായിരുന്നു. എന്നാല്‍ 2013ല്‍ ഒന്നാംക്ലാസില്‍ 14 കുട്ടികളെത്തി. തൊട്ടടുത്ത വര്‍ഷം 28 കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേരാനെത്തിയത്. 2015ല്‍ 38 കുട്ടികള്‍ പ്രവേശനം നേടി. 2016ല്‍ 51 കുട്ടികളും 2017ല്‍ 51 കുട്ടികളും എത്തി. അങ്ങനെ സ്‌കൂളിലെ അഡ്മിഷനുകളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു. നിലവില്‍ 337 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികളുടെ എണ്ണം വര്‍ധിച്ചതോടെ ഡിവിഷനുകളും കൂടി. ഇപ്പോള്‍ എട്ടു ഡിവിഷനുകളാണ് സ്‌കൂളിലുള്ളത്.
പാഠം-3: രസഗുള വായന, മരംപുരാണം...
കുട്ടികളെ പഠനവുമായും പ്രകൃതിയുമായും അടുപ്പിക്കാന്‍ ചില സൂത്രവിദ്യകളും തങ്കലത ടീച്ചര്‍ പ്രയോഗിച്ചു.
ഹായ് നേച്ചര്‍ വാക്ക് വിത്ത് ഇംഗ്ലീഷ്- പരിസരത്ത് കാണുന്ന വസ്തുക്കളെ നോക്കി ഇംഗ്ലീഷ് പഠനം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പ്രോജക്ടാണ് ഇത്.
ഗണിത വ്യാകരണം- കുട്ടികള്‍ക്ക് കണക്ക് എളുപ്പമാക്കാന്‍ ഇരുപത് കളികള്‍ ഉള്‍പ്പെടുത്തി രൂപവത്കരിച്ചതാണ് ഗണിത വ്യാകരണം. കളികളിലൂടെ അക്കങ്ങള്‍ കൂട്ടാനും കുറയ്ക്കാനും പഠിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുമെന്ന് ടീച്ചര്‍ പറയുന്നു.
രസഗുള വായന- സ്‌കൂളിലെ എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി ഉണ്ട്. ഓരോ ക്ലാസിലും പഠിക്കുന്ന കുട്ടികള്‍ക്ക് വായിക്കാന്‍ പറ്റുന്ന പുസ്തകങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. ഏത് പുസ്തകവും വായിക്കാം. വായിച്ച ശേഷം കുട്ടി തയ്യാറാക്കുന്ന വായനാക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തി ഒരു വായനാക്കുറിപ്പ് പുസ്തകം തയ്യാറാക്കും.
മരംപുരാണം- ജൈവ വൈവിധ്യ ഉദ്യാനവും അതിനായി ഒരു രജിസ്ട്രിയും ഔഷധ സസ്യത്തോട്ടവും സ്‌കൂളിലുണ്ട്. പുറത്തുപോകുമ്പോള്‍ കുട്ടി ഒരു പുതിയ ചെടിയോ മരമോ കാണുകയാണെങ്കില്‍ അക്കാര്യം എഴുതിക്കൊണ്ടുവരാം. അത്തരം കുറിപ്പുകള്‍ ചേര്‍ത്ത് ഒരു പുസ്തകമാക്കും. മരം പുരാണം എന്നാണ് ഇതിനു പേര് നല്‍കിയിരിക്കുന്നത്.
ഞാനും എന്റമ്മേം- അമ്മയ്ക്കും കുട്ടിക്കുമായി ഒരു പുസ്തകം നല്‍കും. പുസ്തകം വായിച്ച ശേഷം അമ്മ സ്‌കൂള്‍ അസംബ്ലിയിലെത്തി ആ പുസ്തകത്തെ കുറിച്ച് മറ്റു കുട്ടികളോട് സംസാരിക്കും. ഒരു കുട്ടിയുടെ അമ്മ ഇത്തരത്തില്‍ അസംബ്ലിയിലെത്തി സംസാരിക്കുമ്പോള്‍ അത് കാണുന്ന മറ്റ് വിദ്യാര്‍ഥികള്‍ക്കും തോന്നും എന്റെ അമ്മയും ഇത്തരത്തില്‍ വന്ന് സംസാരിച്ചെങ്കില്‍ എന്ന്. ഇത്തരത്തില്‍ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപവത്കരിച്ചതാണ് ഞാനും എന്റമ്മേം.
ഇതിനു മുമ്പും തങ്കലതയെ തേടി പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്. സ്‌കൂളില്‍ തയ്യാറാക്കിയ ജൈവ വൈവിധ്യ ഉദ്യാനത്തിന് കാര്‍ഷിക വകുപ്പ് ബെസ്റ്റ് ഹെഡ് ഓഫ് ദ ഇന്‍സ്റ്റിറ്റിയൂഷന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. അധ്യാപകനായിരുന്ന തങ്കപ്പന്റെയും ഭാരതിയുടെയും മകളാണ് തങ്കലത. വലുതാകുമ്പോള്‍ അധ്യാപികയാകണമെന്ന ആഗ്രഹം തോന്നാന്‍ കാരണം അച്ഛനായിരുന്നുവെന്ന് തങ്കലത പറയുന്നു. കൊല്ലം റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ടായി വിരമിച്ച അജിത്ത് കുമാറാണ് ഭര്‍ത്താവ്. അക്ഷയ് അജിത്ത്, അനശ്വര്‍ അജിത്ത് എന്നിവരാണ് മക്കള്‍.
content highlights: thankalatha teacher gurushreshta award winner