തലശ്ശേരി: തലശ്ശേരി പാണ്ടികശാലയ്ക്കുസമീപത്തെ തെരുവിന്റെ ഇരുവശത്തുമുള്ള കെട്ടിടങ്ങളുടെ ചുമരുകളിൽ ചിത്രം വരച്ച് മോടി കൂട്ടി. പൈതൃകനഗരത്തിലെ തെരുവ് മുഖം മിനുക്കിയതോടെ കാഴ്ചക്കാരുടെ എണ്ണം കൂടി. സെൽഫിയെടുക്കാൻ വിദ്യാർഥികളുൾപ്പെടെ എത്തുകയാണ്. ടൊവിനോ തോമസും കല്യാണി പ്രിയദർശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തല്ലുമാല സിനിമയുടെ ചിത്രീകരണത്തിനാണ് തെരുവ് സൗന്ദര്യവത്കരിച്ചത്. തലശ്ശേരിയിൽ ചിത്രീകരണം തുടങ്ങിയ സിനിമയുടെ നിർമാണം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച മുതൽ കണ്ണൂരിലാണ് ചിത്രീകരണം.

പാണ്ടികശാലയ്ക്കുസമീപം പഴഞ്ചൻ കെട്ടിടങ്ങളാണ് പെയിന്റടിച്ച് മനോഹരമാക്കിയത്. സിനിമ ആർട്ട് ഡയറക്ടർ ഗോകുലിന്റെ നേതൃത്വത്തിൽ പത്തിലേറെ തൊഴിലാളികളാണ് രണ്ടാഴ്ചയോളമെടുത്ത്‌ ചിത്രം വരച്ച് അലങ്കരിച്ചത്. സിനിമയിലെ ഒരു ഗാനചിത്രീകരണമാണ് ഇവിടെ നടക്കുക.

ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമാണം ആഷിഖ് ഉസ്മാനാണ്. തലശ്ശേരിയുടെ പൈതൃകടൂറിസത്തിന്റെ സാധ്യതയും ഒപ്പം എം.എൽ.എ. എ.എൻ.ഷംസീറിന്റെ അഭിപ്രായവും മാനിച്ചാണ് പാണ്ടികശാലയ്ക്കുസമീപത്ത് തെരുവ് അലങ്കരിച്ച് സിനിമ ചിത്രീകരിക്കാൻ തീരുമാനിച്ചതെന്ന് ലൊക്കേഷൻ മാനേജർ വിജീഷ് കൂത്തുപറമ്പ് പറഞ്ഞു.

സിനിമ ചിത്രീകരച്ചതിനുശേഷം ചിത്രങ്ങൾ അവിടെ തന്നെ തുടരും. കടൽപ്പാലത്തിനു സമീപത്തായി പുതുതായി കടലോര നടപ്പാത നിർമിച്ചതോടെ നിരവധിപേർ കടൽക്കാഴ്ച കാണാൻ ഇവിടെ എത്തുന്നുണ്ട്. സമീപത്തായി തെരുവും അലങ്കരിച്ചതോടെ കടൽപ്പാതയിൽ എത്തുന്നവർ തെരുവിലുമെത്തുകയാണ്.

പഴയ പോർട്ട് ഓഫീസ് മുതൽ കടൽപ്പാലംവരെയാണ് നടപ്പാത നിർമിച്ചത്. ഇരിപ്പിടവും അലങ്കാരവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. പിയർറോഡ് നവീകരിച്ചതിനുശേഷമാണ് നടപ്പാത നിർമിച്ചത്. നഗരത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി ഇവിടം മാറുകയാണ്.