ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചിയുടെ പ്രഭാതം വിരിയുന്നത് പൈ മാമയുടെ വരവോടെയാണ്... പൈ മാമ വരുന്നതിനു മുമ്പുതന്നെ കടപ്പുറത്ത് നിരവധി കാക്കകള്‍ എത്തും, ഒപ്പം തെരുവുനായ്ക്കളും. വഴിക്കണ്ണുകളുമായി ഇവര്‍ കാത്തുനില്‍ക്കും. ആറരയോടെ സുന്ദരേശ പൈ എന്ന പൈ മാമ കടപ്പുറത്തേക്ക് എത്തും അവര്‍ക്കുള്ള ഭക്ഷണവുമായി. കഴിഞ്ഞ 12 വര്‍ഷമായി ഈ രീതിക്ക് മാറ്റമില്ല. ചോറും ഗോതമ്പും ബിസ്‌കറ്റുമൊക്കെ നിറച്ച സഞ്ചികളുമായി സ്‌കൂട്ടറിലാണ് പൈ മാമയുടെ വരവ്.

വന്നാലുടനെ കാക്കകള്‍ക്കും നായ്ക്കള്‍ക്കും ചോറ് കൊടുക്കും. നായ്ക്കള്‍ക്ക് ബിസ്‌കറ്റുമുണ്ട്. ഇനി സമയം തെറ്റി വന്ന ആരെങ്കിലും ദൂരെമാറി നില്‍ക്കുന്നുണ്ടെങ്കില്‍ അവരെ വിളിക്കുന്നതിന് പൈ മാമ കൈയില്‍ കരുതിയിട്ടുള്ള വിസില്‍ ഊതും. അതോടെ ശേഷിക്കുന്ന കാക്കകളും പ്രാവുകളുമെല്ലാം കടപ്പുറത്തെത്തുന്നു.

നായ്ക്കളെല്ലാം നോണ്‍ വെജിറ്റേറിയനാണെങ്കിലും പൈ മാമ ആര്‍ക്കും നോണ്‍ വെജ് കൊടുക്കില്ല. വിശന്നിരിക്കുന്നതിനാല്‍ പൈമാമ വേവിച്ചു കൊടുക്കുന്ന ചോറ് തന്നെ നായ്ക്കള്‍ക്ക് ഇഷ്ടമാണ്. ചോറ് തിന്നാത്ത നായ്ക്കള്‍ക്കാണ് ബിസ്‌കറ്റ് കൊടുക്കുന്നത്. ഗോതമ്പ് കരുതുന്നത് പ്രാവുകള്‍ക്കു വേണ്ടിയാണ്.

ലോക്ഡൗണ്‍കാലത്തും സുന്ദരേശ പൈ ഈ ഭക്ഷണവിതരണം മുടക്കിയിട്ടില്ല. ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ ഒരൊറ്റ ദിവസംപോലും ഈ മിണ്ടാപ്രാണികള്‍ക്കുള്ള ഭക്ഷണത്തിന് ഇദ്ദേഹം മുടക്കംവരുത്തിയിട്ടില്ല. ''എത്ര മഴയായാലും കൊടുങ്കാറ്റായാലും ഞാന്‍ കടപ്പുറത്തെത്തും. അല്ലെങ്കില്‍ ഒരുപാട് ജീവികള്‍ പട്ടിണിയിലാകും. എനിക്കത് ഓര്‍ക്കാന്‍ പോലും കഴിയില്ല...'' -സുന്ദരേശ പൈ പറയുന്നു.

ഭാര്യ പ്രേമലതയാണ് ചോറ് തയ്യാറാക്കുന്നത്. കൂവപ്പാടത്ത് ശാന്തിനഗറിലാണ് സുന്ദരേശ പൈ താമസിക്കുന്നത്. ആദ്യകാലത്ത് കടപ്പുറത്ത് നടക്കാന്‍ പോകുമായിരുന്നു. അങ്ങനെയാണ് കടപ്പുറത്ത് എത്തുന്ന ജീവികളുമായി ബന്ധം തുടങ്ങുന്നത്. പിന്നീട് കടപ്പുറത്തു തന്നെ എക്‌സര്‍സൈസുകള്‍ ചെയ്യാന്‍ തുടങ്ങി. പുലര്‍ച്ചെ മുതല്‍ അവിടെയുണ്ടാകും. കാക്കകള്‍ ഭക്ഷണം കിട്ടാതെ അലയുന്നത് ശ്രദ്ധയില്‍പ്പെട്ടു. പിന്നീട് അവയ്ക്കുള്ള ഭക്ഷണവുമായി കടപ്പുറത്തെത്തി. ഇപ്പോള്‍ അതൊരു ശീലമായി മാറി.

''മുമ്പ് സഞ്ചാരികള്‍ വന്നിരുന്നതിനാല്‍ ഇവയ്‌ക്കെല്ലാം ഭക്ഷണം കിട്ടിയിരുന്നു. ഇപ്പോള്‍ ഫോര്‍ട്ടുകൊച്ചിയില്‍ ഹോട്ടലുകള്‍ പോലും പ്രവര്‍ത്തിക്കുന്നില്ല. ഭക്ഷണം ലഭിക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതായി. ലോക്ഡൗണ്‍ കാലത്ത് കടപ്പുറവും അടച്ചിട്ടു. എന്നാലും ഒരു ദിവസം പോലും ഞാന്‍ മുടങ്ങിയില്ല. പോലീസുകാര്‍ ആദ്യം തടഞ്ഞു. ഞാന്‍ കാര്യം പറഞ്ഞതോടെ അവര്‍ കടപ്പുറത്ത് പ്രവേശിക്കാന്‍ എനിക്കു മാത്രം അനുവാദം തന്നു. മിണ്ടാപ്രാണികള്‍ വിശന്നിരിക്കുന്ന കാര്യം അവര്‍ക്കും മനസ്സിലായി. ഞാന്‍ എത്തുന്നതിന് മുമ്പേ കടപ്പുറത്തു വന്ന് കാക്കകള്‍ കാത്തിരിക്കും... അതൊരു കാഴ്ചയാണ്. മഴയില്ലെങ്കില്‍ ഏതാണ്ട് 500-ഓളം കാക്കകള്‍ വരും. നല്ല മഴയാണെങ്കില്‍ എണ്ണം തീരെ കുറവായിരിക്കും. മറ്റു നോണ്‍ ഭക്ഷണമെന്തെങ്കിലും കിട്ടിയാല്‍ നായ്ക്കള്‍ വരില്ല. അല്ലെങ്കില്‍ എന്നെ കാണുമ്പോള്‍ അവരും ഓടിയെത്തും...'' അദ്ദേഹം പറഞ്ഞു.

പക്ഷികളുടെയും നായ്ക്കളുടെയും ശീലങ്ങളൊക്കെ പൈ മാമയ്ക്ക് അടുത്തറിയാം, അവരുടെ ഇഷ്ടങ്ങളും. നടക്കാന്‍ കഴിയുന്ന കാലത്തോളം കടപ്പുറത്ത് വന്ന് ഈ ജീവികള്‍ക്ക് ഭക്ഷണം നല്‍കുമെന്നും സുന്ദരേശ പൈ പറയുന്നു.

content highlights: sundaresa pai man who offers food to stray dogs, crows and pigeons in fort kochi beach