ഒല്ലൂര്‍: കനമുള്ള പഞ്ഞിക്കിടക്കയില്‍ ആറേഴു തലയിണകള്‍ക്കു നടുവിലിരുന്നായിരുന്നു ബലരാമന്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടിയിരുന്നത്. ചക്രക്കസേരയിലായ ജീവിതം ഇദ്ദേഹം തിരിച്ചുപിടിച്ചത് മനക്കരുത്തും ഇച്ഛാശക്തിയും കൊണ്ട്.

മഹാമാരിക്കാലത്ത് ലോകം മുഴുവനും അതിജീവന വഴികള്‍ തേടുമ്പോള്‍ ബലരാമന്‍ തിരഞ്ഞെടുത്ത വഴി വേറിട്ടൊരു മാതൃകയാണ്. വീട്ടിലെ കൃഷിയിടത്തില്‍നിന്ന് വെട്ടിയെടുത്ത നേന്ത്രക്കുലകള്‍ കാറില്‍ക്കയറ്റി സമീപ പ്രദേശങ്ങളില്‍ രണ്ടു 'ശിഷ്യരുടെ' സഹായത്തോടെ കൊണ്ടുപോയി വിറ്റഴിക്കുകയാണ്.

തൃക്കൂര്‍മഠത്തില്‍ പരേതനായ അനന്തരാമന്റെയും സുഭദ്രമ്മാളുടെയും മകന്‍. എണ്‍പതുകളില്‍ തൃശ്ശൂരിലെ അറിയപ്പെടുന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍മാരിലൊരാള്‍, ബൈക്ക് റേസിങ്ങിലും കമ്പം. 1999-ല്‍ ഭൂതത്താന്‍കെട്ടിനടുത്ത് നടന്ന മത്സരത്തില്‍ ബൈക്ക് മറിഞ്ഞ് നട്ടെലിന് പരിക്കേറ്റു. പതിനഞ്ചു ശസ്ത്രക്രിയകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. അരയ്ക്കുതാഴെ പൂര്‍ണ ചലനശേഷി നഷ്ടമായി.

സുഹൃദ്ലോകമാണ് ബലരാമന് ചാലകശക്തിയായി മാറിയത്. ഒരു സുഹൃത്ത് നല്‍കിയ മൊബൈല്‍ഫോണില്‍ നിന്നാണ് രണ്ടാം ജീവിതത്തിലേക്കുള്ള മടക്കം. ഫോണിലെ രീതികള്‍ പഠിച്ച് മികച്ച ഇലക്ട്രോണിക്‌സ് വിദഗ്ധനായി. കമ്പ്യൂട്ടറും ലാപ്‌ടോപ്പും റിപ്പയര്‍ ചെയ്തും പുതിയവ നിര്‍മിച്ചും വരുമാനം കണ്ടെത്താന്‍ തുടങ്ങി.

ഇത് പരിശീലിക്കാന്‍ കട്ടിലിനു ചുറ്റും നിരവധി പേരെത്തി. വലിയൊരു ശിഷ്യ ലോകം തീര്‍ത്ത ബലരാമന്‍ ഇവരുടെ പ്രേരണയാല്‍ പുറത്തിറങ്ങാന്‍ തുടങ്ങി. കിടക്കയില്‍നിന്ന് രണ്ടുപേര്‍ എടുത്ത് വീല്‍ച്ചെയറിലിരുത്തും. പിന്നീട് ഇതേ രീതിയില്‍ത്തന്നെ കാറിന്റെ സീറ്റിലിരുന്ന് യാത്ര. അതിനായി ഒരു കാര്‍ വാങ്ങി മുന്‍സീറ്റ് ക്രമപ്പെടുത്തി. സഹായികളാണ് വാഹനമോടിക്കുക.

അംഗപരിമിതരായവര്‍ക്കുവേണ്ടി 'വിങ്‌സ് ഓഫ് ഹെല്‍പ്പ്' എന്ന സംഘടന തുടങ്ങി. നിരവധി ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. പണം കണ്ടെത്താന്‍ ബൈക്ക് റേസിങ്ങും ഫോര്‍വീല്‍ ഓഫ്‌റോഡ് മഡ്‌റേസിങും നടത്തി. തറവാട്ടുപുരയിടത്തില്‍ ഇതിനുവേണ്ടി കുന്നും കുഴികളുമുണ്ടാക്കി. ഓള്‍ കേരള വീല്‍ച്ചെയേഴ്സ് റൈറ്റ് ഫെഡറേഷന്‍ ഉപദേശകസമിതിയംഗവുമാണ്.

തൃക്കൂരിലെ വീട്ടില്‍ ചേട്ടന്‍ രാജാറാമാണ് കൃഷികാര്യങ്ങള്‍ നടത്തുന്നത്. വിസ്തൃതമായ സ്ഥലത്ത് റബ്ബറും പൈനാപ്പിളും പച്ചക്കറികളുമുണ്ട്. നാട്ടുകാര്‍ 'സാമി' എന്നു സ്‌നേഹത്തോടെ വിളിക്കുന്ന ബലരാമനാണ് വിളകളുടെ വിപണനത്തിന് നേതൃത്വം കൊടുക്കുന്നത്.

content highlights: strory of thrissur native balaraman, who overcomes physical disability