തൃശ്ശൂര്‍: വൃക്ക മാറ്റിവെച്ചതിന്റെ ശാരീരിക പ്രയാസങ്ങളും പഠനത്തിന്റെ പിരിമുറുക്കവും. കോവിഡ് വ്യാപനം തീര്‍ത്ത സാമൂഹിക പരിമിതികള്‍. ഇവയെല്ലാം മറികടന്ന് റിയാസ് നേടിയെടുത്ത സി.എ. വിജയത്തിന് മാധുര്യമേറെ.
പ്ലസ് വണ്ണിനു പഠിക്കുമ്പോഴാണ് റിയാസിന്റെ ശരീരത്തില്‍ വൃക്ക പിണങ്ങിയതും അമ്മ നജിമയുടെ വൃക്ക റിയാസിന്റെ ശരീരവുമായി ഇണങ്ങിയതും. വൃക്കയുടെ പ്രശ്‌നങ്ങളാല്‍ പത്താംക്ലാസില്‍ പോയത് 100 ദിവസത്തില്‍ താഴെ. പക്ഷേ, മികച്ച മാര്‍ക്ക് നേടി. വൃക്ക മാറ്റിവെച്ചതിനാല്‍ പ്ലസ്ടു വരെ വീണ്ടും ക്ലാസുകള്‍ കുറെ നഷ്ടപ്പെട്ടു.
പ്ലസ്ടുവിന് തിരഞ്ഞെടുത്ത കംപ്യൂട്ടര്‍ സയന്‍സിന് നല്ല മാര്‍ക്ക് കിട്ടിയെങ്കിലും ഉപരിപഠനം വേറെ വഴിക്ക് വിടാനായിരുന്നു റിയാസിന്റെ തീരുമാനം. അമ്മയും അച്ഛന്‍ മുഹമ്മദാലിയും റിയാസിന്റെ സി.എ. മോഹത്തിന് എതിര് നിന്നില്ല. അക്കൗണ്ടന്‍സിയുടെ ബാലപാഠം പോലുമറിയാത്ത റിയാസ് സി.എ-യ്ക്ക് ചേരാനുള്ള പ്രവേശനപരീക്ഷ ആദ്യ ശ്രമത്തില്‍ ജയിച്ചു.
തൃശ്ശൂര്‍ ആദംബസാറിലെ ഹോമി ജോസഫിന്റെ സ്ഥാപനത്തില്‍ സി.എ. ആര്‍ട്ടിക്കിള്‍ഷിപ്പിന് ചേര്‍ന്നു. ചികിത്സിച്ച ഡോക്ടര്‍മാരുടെയും പഠിപ്പിച്ച അധ്യാപകരുടെയും പ്രോത്സാഹനം കിട്ടിയപ്പോള്‍ പടിപടിയായി സി.എ.യുടെ പരീക്ഷകള്‍ എഴുതിയെടുത്തു. സി.എ. ഫൈനലിനായുള്ള പഠനം തനിയെയായിരുന്നു. പരീക്ഷകളെത്തിയപ്പോള്‍ ശാരീരിക അസ്വസ്ഥതകളും കൂടെയെത്തിയതിനാല്‍ പരീക്ഷകള്‍ ചിലത് മുടങ്ങി. പ്രായം 31 എത്തിയപ്പോള്‍ അസീന ജീവിതപങ്കാളിയായി എത്തി.
2021 ഫെബ്രുവരിയില്‍ 32-ാം വയസ്സില്‍ പി.എം. റിയാസ് എന്ന പേരിനൊപ്പം സി.എ. എന്ന ബിരുദപ്പേരും കൂട്ടായി. അമ്മയില്‍നിന്ന് വൃക്ക സ്വീകരിച്ചതിന്റെ 17-ാമത്തെ വര്‍ഷമാണിത്. അമ്മ യു. നജിമ കേരള കാര്‍ഷിക സര്‍വകലാശാല ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ പരിസ്ഥിതി സംബന്ധമായ പ്രബന്ധം അവതരിപ്പിച്ചിട്ടുള്ള നജിമ മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു. അച്ഛന്‍ പി.കെ. മുഹമ്മദാലി തൃശ്ശൂര്‍ ജില്ലാ കോടതിയില്‍ നിന്നാണ് ശിരസ്തദാറായി വിരമിച്ചത്. സഹോദരി പി.എം. റിയ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്. തൃപ്രയാര്‍ ചെമ്മാപ്പിള്ളിയിലാണ് താമസം.
content highlights: story of riyas who clears chartered accountant exam